Ongoing News
കേരളത്തെ ഒരു ഗോളില്‍ കീഴടക്കി; സന്തോഷ് ട്രോഫി ബംഗാളിന്
റോബി ഹന്‍സ്ഡയാണ് ബംഗാളിന്റെ വിജയ ഗോള്‍ നേടിയത്.
ഹൈദരാബാദ് | സന്തോഷ് ട്രോഫി കിരീടത്തില്‍ എട്ടാം തവണയും മുത്തമിടാമെന്ന കേരളത്തിന്റെ മോഹം പൊലിഞ്ഞു. ഫൈനലില്‍ ഏകപക്ഷീയമായ ഒരു ഗോളിന് കേരളത്തെ കീഴടക്കി ബംഗാള്‍ ചാമ്പ്യന്മാരായി.
രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമില്‍ റോബിന്‍ ഹന്‍സ്ഡയാണ് ബംഗാളിന്റെ വിജയ ഗോള്‍ നേടിയത്. അധിക സമയത്താണ് ഗോള്‍ പിറന്നത്. ഇത് 33-ാം തവണയാണ് ബംഗാള്‍ സന്തോഷ് ട്രോഫി കിരീടം കരസ്ഥമാക്കുന്നത്.
മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ബംഗാളിനെ കിരീടത്തിലേക്ക് നയിച്ച ഗോള്‍ എത്തിയത്. കേരളത്തിന്റെ ബോക്‌സിലേക്ക് ആദിത്യ ഥാപ്പ ഹെഡ് ചെയ്തു നല്‍കിയ പന്ത് സ്വീകരിച്ച റോബി ഹന്‍സ്ഡ അനായാസം ഗോളിലേക്ക് കണക്ട് ചെയ്തു. ഇതോടെ 12 ഗോളുമായി റോബി ഹന്‍സ്ഡ ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായി.
കേരളത്തിന് സമനില ഗോള്‍ നേടാന്‍ അവസാന സമയത്ത് ലഭിച്ച അവസരം നായകന്‍ സഞ്ജു പാഴാക്കി. ബോക്‌സിന് അകത്തു നിന്ന് ലഭിച്ച ഇന്‍ഡയറക്ട് ഫ്രീ കിക്ക് സഞ്ജു ക്രോസ് ബാറിന് പുറത്തേക്കടിച്ച് തുലച്ചു. ഇതോടെ കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരെ നിരാശരാക്കി കപ്പ് ബംഗാളിലേക്ക് പോയി.
പന്തടക്കത്തിലും ആക്രമണത്തിലും കേരളമായിരുന്നു മുന്നില്‍. നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിക്കാനും കേരളത്തിനായി. എന്നാല്‍, അതൊന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല. കൗണ്ടര്‍ അറ്റാക്കിലൂടെ പലതവണ ബംഗാള്‍ കേരളത്തിന്റെ ഗോള്‍മുഖത്തേക്ക് ഷോട്ടുകള്‍ പായിച്ചെങ്കിലും ഗോള്‍ കീപ്പര്‍ എസ് അജ്മല്‍ അതെല്ലാം പ്രതിരോധിച്ചു.
2022ല്‍ മഞ്ചേരിയില്‍ നടന്ന സന്തോഷ് ട്രോഫി ഫൈനലില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ബംഗാളിനെ തോല്‍പ്പിച്ച് കേരളം ചാമ്പ്യന്മാരായിരുന്നു.