National
ബംഗാള്‍ ഉപ തിരഞ്ഞെടുപ്പ്; ബി ജെ പിക്ക് തിരിച്ചടി, നാല് സീറ്റിലും തൃണമൂല്‍ കോണ്‍ഗ്രസിന് വിജയം
കൊല്‍ക്കത്ത | പശ്ചിമ ബംഗാളില്‍ നിയമസഭാ ഉപ തിരഞ്ഞെടുപ്പ് നടന്ന നാല് സീറ്റിലും തൃണമൂല്‍ കോണ്‍ഗ്രസിന് വിജയം. ദിന്‍ഹത, ഖര്‍ദാഹ, സന്തിപുര്‍, ഗൊസാബ എന്നിവിടങ്ങളിലാണ് ടി എം സി വിജയക്കൊടി നാട്ടിയത്.
ദിന്‍ഹത മണ്ഡലത്തില്‍ 1,63,766 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിലാണ് ടി എം സിയുടെ ഉദയന്‍ ഗുഹ തിരഞ്ഞെടുക്കപ്പെട്ടത്. ഖര്‍ദാഹയില്‍ 93,000 വോട്ടിന്റെ ഭൂരിപക്ഷം നേടി സോവന്‍ദേബ് ചദോപധ്യായയും തിരഞ്ഞെടുക്കപ്പെട്ടു. ദിന്‍ഹതയില്‍ ഉദയന്‍ ഗുഹക്ക് 1,89,153 വോട്ടുകള്‍ ലഭിച്ചപ്പോള്‍ തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി ബി ജെ പിയുടെ ശോക് മണ്ഡലിന് 25,387 വോട്ട് മാത്രമേ നേടാനായുള്ളൂ. ഖര്‍ദാഹയില്‍ ടി എം സിക്ക് 1,13,647 വോട്ടുകളും ബി ജെ പിക്ക് 20,198 വോട്ടുകളുമാണ് ലഭിച്ചത്. ഇത് ജനങ്ങളുടെ വിജയമാണെന്ന് തൃണമൂല്‍ നേതാവും സംസ്ഥാന മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി പറഞ്ഞു. ‘വിജയികളെ ഹാര്‍ദമായി അഭിനന്ദിക്കുകയാണ്. വിദ്വേഷ രാഷ്ട്രീയവും വ്യാജ പ്രചാരണങ്ങളും തള്ളിക്കളഞ്ഞ് വികസനവും ഐക്യവും ബംഗാള്‍ ജനത തിരഞ്ഞെടുക്കുന്നതിന് തെളിവാണിത്. ജനങ്ങളുടെ അനുഗ്രഹാശിസുകളോടെ ബംഗാളിനെ കൂടുതല്‍ ഉയരങ്ങളിലേക്ക് കൊണ്ടുപോകുമെന്ന് ഉറപ്പ് നല്‍കുന്നു.’- മമത പറഞ്ഞു.