Connect with us

National

ബംഗാള്‍ മര്‍കസ്-ത്വയ്ബ ഗാര്‍ഡന്‍ പത്താം വാര്‍ഷികത്തിന് തുടക്കം

പൊതുസമ്മേളനം ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും

Published

|

Last Updated

ബംഗാള്‍ മര്‍കസ്-ത്വയ്ബ ഗാര്‍ഡന്‍ പത്താം വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന സ്റ്റുഡന്റസ് സമ്മിറ്റ് ബംഗാള്‍ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഹ്മദ് ഇമ്രാന്‍ ഹസന്‍ ഉദ്ഘാടനം ചെയ്യുന്നു.

കൊല്‍ക്കത്ത | പശ്ചിമ ബംഗാളിലെ ദക്ഷിണ്‍ ദിനാജ്പൂര്‍ ആസ്ഥാനമായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസ-സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ബംഗാള്‍ മര്‍കസ്-ത്വയ്ബ ഗാര്‍ഡന്‍ സ്ഥാപനങ്ങളുടെ പത്താം വാര്‍ഷിക സമ്മേളനത്തിന് സ്റ്റുഡന്റസ് സമ്മിറ്റോടെ തുടക്കമായി. ബംഗാള്‍ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഹ്മദ് ഇമ്രാന്‍ ഹസന്‍ സമ്മിറ്റ് ഉദ്ഘാടനം ചെയ്തു. ജാമിഅ മര്‍കസ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. ദക്ഷിണ്‍ ദിനാജ്പൂര്‍ കളക്ടര്‍ ബിജിന്‍ കൃഷ്ണന്‍ ഐഎഎസ്, ബംഗാള്‍ ചെറുകിട വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ നിഖില്‍ നിര്‍മല്‍ ഐ എ എസ്, ബംഗാള്‍ വഖ്ഫ് ബോര്‍ഡ് അഡൈ്വസര്‍ സയ്യിദ് സര്‍ഫാസ് അഹ്മദ്, എസ് കെ അബ്ദുല്‍ മതീന്‍, മെഹ്ബൂബുല്‍ ഹഖ് സംസാരിച്ചു.

2012ല്‍ ദക്ഷിണ്‍ ദിനാജ്പൂര്‍ ജില്ലയിലെ മാജിഖണ്ഡയില്‍ മര്‍കസ് പൂര്‍വ വിദ്യാര്‍ഥി സുഹൈറുദ്ദീന്‍ നൂറാനിയുടെ നേതൃത്വത്തില്‍ കോളേജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ് സ്ഥാപിച്ചാണ് ബംഗാള്‍ മര്‍കസിന് തുടക്കമിടുന്നത്. 9 വിദ്യാര്‍ഥികളുമായി തുടങ്ങിയ സ്ഥാപനം ബംഗാളിന് പുറമെ ആസാം, ബീഹാര്‍, മണിപ്പൂര്‍, ത്രിപുര, ഒഡീഷ, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുകയും സാധാരണക്കാരുടെ വിദ്യാഭ്യാസ-ജീവിത നിലവാരത്തില്‍ വലിയ മുന്നേറ്റം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. 18 സ്ഥാപനങ്ങളിലായി 27500 വിദ്യാര്‍ഥികളും, സാമൂഹ്യക്ഷേമ പദ്ധതികളിലായി ഒരുലക്ഷത്തോളം ജനങ്ങളും ഇന്ന് ബംഗാള്‍ മര്‍കസിന്റെ ഗുണഭോക്താക്കളാണ്.

സമാപന ദിവസമായ ഇന്ന് രാവിലെ നടക്കുന്ന ഉലമ കോണ്‍ക്ലേവില്‍ ഉമറലി സഖാഫി, നൗഷാദ് ആലം മിസ്ബാഹി, ഫഖീഹുല്‍ ഖമര്‍ സംബന്ധിക്കും. വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന സനദ് ദാന പൊതുസമ്മേളനം ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി, ബംഗാള്‍ മുഫ്തി ഗുലാം സമദാനി, മുഫ്തി വജ്ഹുല്‍ ഖമര്‍ റിസ്വാനി, മുഫ്തി റഹ്മത്തലി മിസ്ബാഹി, മുഫ്തി അബ്ദുല്‍ മലിക് മിസ്ബാഹി സംസാരിക്കും. ത്വയ്ബ ഡയറക്ടര്‍ സുഹൈറുദ്ദീന്‍ നൂറാനി സനദ് ദാന പ്രഭാഷണം നടത്തും. സമ്മേളനത്തിന്റെ ഭാഗമായി ഹാര്‍മണി കോണ്‍ഫറന്‍സ്, സഖാഫി സമ്മിറ്റ്, വിദ്യാഭ്യാസ സെമിനാര്‍, മീഡിയ സബ്മിറ്റ് തുടങ്ങിയ വ്യത്യസ്ത പരിപാടികളും നടക്കുന്നുണ്ട്. മത-സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ വിവിധ സെഷനുകളില്‍ സംബന്ധിക്കും.

 

Latest