Connect with us

National

ബംഗാള്‍ റേഷന്‍ അഴിമതിക്കേസ്; തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ശങ്കര്‍ ആധ്യ അറസ്റ്റില്‍

ആധ്യയുടെ അറസ്റ്റിന് പിന്നാലെ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു.

Published

|

Last Updated

കൊല്‍ക്കത്ത| റേഷന്‍ വിതരണ അഴിമതിക്കേസില്‍ പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ശങ്കര്‍ ആധ്യ അറസ്റ്റില്‍. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡിനു പിന്നാലെയാണ് അറസ്റ്റ്. ബംഗാവോണ്‍ മുനിസിപ്പാലിറ്റി മുന്‍ ചെയര്‍മാന്‍ ആയിരുന്നു ശങ്കര്‍ അധ്യ. ആധ്യയുടെ അറസ്റ്റിന് പിന്നാലെ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു. അന്വേഷണ ഏജന്‍സിയുമായി സഹകരിച്ചിട്ടും ആധ്യയെ അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് ഭാര്യ ജ്യോത്സ്‌ന ആധ്യ പറഞ്ഞു.

റേഷന്‍ വിതരണ അഴിമതിയുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന്‍ ഷെയ്ഖിന്റെ വീട്ടിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. കേസില്‍ ഷാജഹാന്‍ ഷെയ്ഖിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. റെയ്ഡ് ചെയ്യാന്‍ ഇഡി ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ ഇരുന്നൂറിലധികം ഗ്രാമവാസികള്‍ സംഘത്തെ വളയുകയും വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി. ബംഗാളില്‍ ക്രമസമാധാനം തകര്‍ന്നുവെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ സുകാന്ത മജുംദാര്‍ ആരോപിച്ചു.

പശ്ചിമ ബംഗാള്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത വിവിധ എഫ്ഐആറുകളുടെ അടിസ്ഥാനത്തിലാണ് ഇഡി റേഷന്‍ അഴിമതിയെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചത്. വിവിധ സ്വകാര്യ വ്യക്തികള്‍ അനധികൃതമായി പിഡിഎസ് റേഷന്‍ കൈവശം വച്ചതായും വ്യാജ നെല്ല് സംഭരണത്തില്‍ ഏര്‍പ്പെട്ടെന്നുമാണ് കണ്ടെത്തല്‍.

 

 

 

 

 

 

---- facebook comment plugin here -----

Latest