National
ബംഗാള്‍ അധ്യാപക നിയമന അഴിമതി: അറസ്റ്റിലായ നാല് അധ്യാപകര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍
ആദ്യമായാണ് നിയമന പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ജോലി ചെയ്യുന്ന അധ്യാപകരെ കോടതി ജയിലിലടക്കുന്നത്.
കൊല്‍ക്കത്ത| പശ്ചിമ ബംഗാള്‍ അധ്യാപക നിയമന അഴിമതിയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് അറസ്റ്റിലായ നാല് അധ്യാപകരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് പ്രത്യേക സിബിഐ കോടതി. ആദ്യമായാണ് നിയമന പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ജോലി ചെയ്യുന്ന അധ്യാപകരെ കോടതി ജയിലിലടക്കുന്നത്. മുര്‍ഷിദാബാദിലുള്ള സൈഗര്‍ ഹുസൈന്‍, സിമര്‍ ഹൊസൈന്‍, സാഹിറുദ്ദീന്‍ ഷെയ്ഖ്, സൗഗത് മൊണ്ടല്‍ എന്നീ അധ്യാപകരെയാണ് കസ്റ്റഡിയില്‍ വിട്ടത്.
നാല് പേരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ കോടതി, ഓഗസ്റ്റ് 21 വരെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ബംഗാള്‍ അധ്യാപക നിയമന അഴിമതി2014നും 2021നും ഇടയില്‍ പശ്ചിമ ബംഗാള്‍ സ്‌കൂള്‍ സര്‍വീസ് കമ്മീഷനും പശ്ചിമ ബംഗാള്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷനും ചേര്‍ന്ന് നടത്തിയ നോണ്‍ ടീച്ചിംഗ് സ്റ്റാഫിന്റെയും (ഗ്രൂപ്പ് സി, ഡി) ടീച്ചിംഗ് സ്റ്റാഫിന്റെയും നിയമനത്തിലാണ് സിബിഐ അന്വേഷണം നടക്കുന്നത്.
സെലക്ഷന്‍ പരീക്ഷയില്‍ പരാജയപ്പെട്ടവരില്‍ നിന്ന് ജോലി നല്‍കാന്‍ 5 ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെ കൈക്കൂലി നല്‍കിയെന്നാണ് ആരോപണം. വിഷയത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ 100 കോടി രൂപ സമാഹരിച്ചതായും സിബിഐ പറയുന്നുണ്ട്.