Connect with us

Kerala

ബംഗളൂരു സ്ഫോടനക്കേസ്: പുതിയ തെളിവുകൾ പരിഗണിക്കണമെന്ന് കർണാടക; അന്തിമ വാദം കേൾക്കൽ സ്റ്റേ ചെയ്തു

വിചാരണ പൂർത്തിയായ കേസിൽ പുതിയ തെളിവുകൾ ഇനി പരിഗണിക്കാൻ കഴിയില്ലെന്ന് മഅ്ദനിയുടെ അഭിഭാഷകർ

Published

|

Last Updated

ന്യൂഡല്‍ഹി| അബ്ദുന്നാസിർ മഅ്ദനി ഉൾപ്പെടെയുള്ളവർക്കെതിരായ ബംഗളൂരു സ്ഫോടന കേസിൽ വിചാരണ കോടതിയിൽ ആരംഭിക്കാനിരിക്കുന്ന അന്തിമവാദം കേൾക്കൽ സുപ്രിംകോടതി സ്റ്റേ ചെയ്തു. കുറ്റാരോപിതർക്ക് എതിരെ പുതിയ തെളിവുകൾ പരിഗണിക്കാൻ വിചാരണ കോടതിക്ക് നിർദേശം നൽകണമെന്ന് കർണാടക സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കോടതി നടപടി. മഅ്ദനി ഉള്‍പ്പെടെയുള്ളവർക്ക് കോടതി നോട്ടീസ് അയച്ചു.

ഫോൺ വിളി അടക്ക‌ം തെളിവുകൾ പരിഗണിക്കാൻ നിര്‍ദേശിക്കണമെന്നാണ് കർണാടക സർക്കാറിന്റെ ആവശ്യം. പുതിയ തെളിവുകൾ പരിഗണിക്കാൻ വിചാരണ കോടതിക്ക് നിർദേശം നൽകണമെന്ന ഹർജി ഹെെക്കോടതി തള്ളിയതിനെ തുടർന്നാണ് കർണാടക സർക്കാർ സുപ്രിം കോടതിയെ സമീപിച്ചത്.

അതേസമയം വിചാരണ പൂർത്തിയായ കേസിൽ പുതിയ തെളിവുകൾ ഇനി പരിഗണിക്കാൻ കഴിയില്ലെന്ന് മഅ്ദനിയുടെ അഭിഭാഷകർ വാദിച്ചു. തെളിവുകൾ ഉണ്ടായിരുന്നെങ്കിൽ കുറ്റപത്രം നൽകിയ സമയത്ത് ഹാജരാക്കണമായിരുന്നു. പുതിയ തെളിവുകൾ ഇനി പരിഗണിക്കാൻ അനുവദിച്ചാൽ സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ടി വരുമെന്നും അത് വിചാരണ നീളാൻ കാരണമാകുമെന്നും അഭിഭാഷകര്‍ വ്യക്തമാക്കി.