Connect with us

National

ബംഗളൂരു കഫേ സ്ഫോടനം: മുഖ്യപ്രതിയുടെ കൂട്ടാളിയെന്ന് കരുതുന്നയാൾ അറസ്റ്റിൽ

കേസിന്റെ അന്വേഷണം ബെംഗളൂരു പോലീസിൻ്റെ സെൻട്രൽ ക്രൈം ബ്രാഞ്ചിൻ്റെ (സിസിബി) സഹായത്തോടെ എൻഐഎ ഊർജിതമായി തുടരുകയാണ്.

Published

|

Last Updated

ന്യൂഡൽഹി | ബംഗളൂരു കഫേ സ്‌ഫോടനക്കേസിൽ മുഖ്യപ്രതിയുടെ കൂട്ടാളിയെന്ന് കരുതുന്നയാളെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. മുഹമ്മദ് ഷബീർ എന്നയാളെയാണ് കർണാടകയിലെ ബല്ലാരിയിൽ നിന്ന് അന്വേഷണ സംഘം പിടികൂടിയത്. മുഖ്യപ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

മാർച്ച് ഒന്നിന് ബെംഗളൂരുവിലെ ബ്രൂക്ക്ഫീൽഡ് ഏരിയയിലെ ഫാസ്റ്റ് ഫുഡ് റസ്റ്റോറൻ്റായ ബംഗളൂരു കഫേയിലാണ് സ്ഫോടനമുണ്ടായത്. ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് (ഐഇഡി) ഉപയോഗിച്ച് നടത്തിയ സ്ഫോടനത്തിൽ പത്ത് പേർക്ക് പരുക്കേറ്റിരുന്നു. കേസിന്റെ അന്വേഷണം ബെംഗളൂരു പോലീസിൻ്റെ സെൻട്രൽ ക്രൈം ബ്രാഞ്ചിൻ്റെ (സിസിബി) സഹായത്തോടെ എൻഐഎ ഊർജിതമായി തുടരുകയാണ്. പ്രതിയെ തേടി തുമകുരു, ബല്ലാരി, കലബുറഗി എന്നിവിടങ്ങളിൽ അന്വേഷണ സംഘം തിരച്ചിൽ നടത്തി.

ബോംബ് സ്‌ഫോടനത്തിന് ഉത്തരവാദിയായ വ്യക്തിയെ പിടികൂടുന്നതിലേക്ക് നയിക്കുന്ന എന്തെങ്കിലും വിവരങ്ങൾ നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് എൻഐഎ വാഗ്ദാനം ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പ്രതികളുടെ ചിത്രങ്ങളും അന്വേഷണ സംഘം പുറത്തുവിടുകയും ചെയ്തിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച കഫേ വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സ്ഫോടനം നടന്ന പശ്ചാത്തലത്തിൽ കഫേക്ക് വൻ പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.