Connect with us

National

ബെംഗളുരു കഫേ സ്‌ഫോടനക്കേസ്; പ്രതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി

രാമേശ്വരം കഫേയിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഐഎയും സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ബ്യൂറോയും തുമകുരുവിലും ബെള്ളാരിയിലും റെയ്ഡ് നടത്തി.

Published

|

Last Updated

ബെംഗളുരു|ബെംഗളുരുവിലെ പ്രശസ്തമായ രാമേശ്വരം കഫേയിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഐഎയും സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ബ്യൂറോയും തുമകുരുവിലും ബെള്ളാരിയിലും റെയ്ഡ് നടത്തി. കഫേയില്‍ സ്‌ഫോടനം നടത്തിയ മുഖ്യപ്രതി ഈ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. മാര്‍ച്ച് അഞ്ചിന് പ്രതി തുമകുരുവില്‍ എത്തിയിട്ടുണ്ടെന്നും ബെള്ളാരി, ബിദര്‍ എന്നിവിടങ്ങളിലും ആന്ധ്ര പ്രദേശിലെ മന്ത്രാലയയിലും സഞ്ചരിച്ചതായും അന്വേഷണ സംഘം സംശയിക്കുന്നു. പ്രതിയെക്കുറിച്ച് കൂടുതല്‍ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും താമസിയാതെ പിടിയിലാകുമെന്നും ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര വ്യക്തമാക്കി.

ഇന്നലെ വൈറ്റ്ഫീല്‍ഡ് രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ പ്രതിയുടെ മുഖം മറയ്ക്കാത്ത പുതിയ ചിത്രം പുറത്ത് വന്നിരുന്നു. തൊപ്പിയോ മുഖംമൂടിയോ ഇല്ലാതെ പ്രതി ബസില്‍ ഇരിക്കുന്ന സിസിടിവി ദൃശ്യമാണ് പുറത്തു വന്നിരിക്കുന്നത്. രാവിലെ 11.34 നാണ് പ്രതി കഫേയില്‍ പ്രവേശിക്കുന്നത്. 11.43 ന് പുറത്തേക്ക് പോയി. കഫേയില്‍ ബോംബ് വച്ചശേഷം ഇയാള്‍ തിരികെ പോകുന്ന വഴി വസ്ത്രം മാറിയിട്ടുണ്ടെന്ന് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. കഫേയില്‍ വന്നപ്പോള്‍ ഇയാള്‍ ധരിച്ചിരുന്ന തൊപ്പി സമീപത്തെ ആരാധനാലയത്തിന് അടുത്ത് നിന്നും എന്‍ഐഎ കണ്ടെടുത്തിട്ടുണ്ട്. നിരവധി ബിഎംടിസി ബസുകളില്‍ പ്രതി മാറിക്കയറിയതായും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം എന്‍ഐഎ പ്രഖ്യാപിച്ചിട്ടുണ്ട്.

മാര്‍ച്ച് ഒന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.50നും ഒരുമണിക്കും ഇടയിലാണ് ബെംഗളുരുവിലെ പ്രശസ്തമായ രാമേശ്വരം കഫേയില്‍ സ്‌ഫോടനം നടന്നത്. സ്ഫോടനത്തില്‍ പത്തുപേര്‍ക്ക് പരുക്കേറ്റു. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. സ്‌ഫോടനം നടക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് സിസിടിവി ക്യാമറയില്‍ പതിഞ്ഞ ആളെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. തൊപ്പിയും കണ്ണടയും ധരിച്ച ആള്‍ മുഖം മറച്ചനിലയിലായിരുന്നു.

 

 

 

Latest