Connect with us

National

കടുത്ത ജലക്ഷാമത്തിൽ വലഞ്ഞ് ബംഗളൂരു; മുഖ്യമന്ത്രിയുടെ വസതിയിലും വെള്ളമില്ല; വെള്ളം ദുരുപയോഗം ചെയ്താൽ 5,000 രൂപ പിഴ

ബെംഗളൂരുവിലെ ജലക്ഷാമം പരിഹരിക്കാൻ സംസ്ഥാന സർക്കാർ 556 കോടി രൂപ അനുവദിച്ചതായി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ

Published

|

Last Updated

ബംഗളൂരു | വേനലവധി തുടങ്ങുന്നതിനു മുൻപുതന്നെ കടുത്ത ജലക്ഷാമത്തിൽ പൊറുതിമുട്ടി കർണാടകയിലെ ഹൈടെക് നഗരമായ ബംഗളൂരു. ഇവിടെ ലക്ഷക്കണക്കിന് ആളുകൾ ഒരു തുള്ളി ദാഹജലത്തിനായി പരക്കംപായുകയാണ്. സൊസൈറ്റികളിലും കോളനികളിലുമെല്ലാം കുടിവെള്ളക്ഷാമം അതിരൂക്ഷമാണ്. ടാങ്കറുകളിൽ വെള്ളമെത്തിച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും മതിയാകുന്നില്ല. മുഖ്യമന്ത്രിയുടെ വസതിയിലും ജലക്ഷാമമുണ്ടെന്നാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രിയുടെ വസതിയിലേക്ക് വാട്ടർ ടാങ്കറുകൾ പോകുന്നത് കണ്ടതായി നാട്ടുകാർ പറയുന്നു.

ബെംഗളൂരുവിലെ ഒരു ഹൗസിങ് സൊസൈറ്റിയിൽ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ കുടിവെള്ളം ദുരുപയോഗം ചെയ്തതിന് 5000 രൂപ പിഴ ചുമത്തി നോട്ടീസ് അയച്ചു. മറ്റ് പല സൊസൈറ്റികളിലും സമാനമായ നോട്ടീസ് നൽകുന്നുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിക്കാൻ പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട്. ദൈനംദിന ജല ഉപയോഗത്തിൽ ജാഗ്രത പാലിക്കണമെന്ന് പല ഹൗസിംഗ് സൊസൈറ്റികളും താമസക്കാരോട് നിർദ്ദേശിച്ചിട്ടുണ്ട്. വൈറ്റ്ഫീൽഡ്, യെലഹങ്ക, കനകപുര എന്നിവിടങ്ങളിലാണ് ജലക്ഷാമം രൂക്ഷമായി തുടരുന്നത്.

കഴിഞ്ഞ നാല് ദിവസമായി ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡിൽ (ബിഡബ്ല്യുഎസ്എസ്ബി) നിന്ന് വെള്ളം ലഭിക്കുന്നില്ലെന്ന് കാണിച്ച് വൈറ്റ്ഫീൽഡ് ആസ്ഥാനമായുള്ള പാം മെഡോസ് ഹൗസിംഗ് സൊസൈറ്റി, താമസക്കാർക്ക് നോട്ടീസ് നൽകി. ആളുകൾ ജല ഉപഭോഗം 20 ശതമാനം കുറയ്ക്കണമെന്നും അല്ലാത്തപക്ഷം 5,000 രൂപ അധിക ചാർജായി ഈടാക്കുമെന്നും അറിയിപ്പിൽ പറയുന്നു.

കനകപുരയിലെ 2500 ഫ്ലാറ്റുകളിലെ താമസക്കാർക്കും സമാനമായ നോട്ടീസ് ലഭിച്ചു. പ്രദേശങ്ങളിൽ ജലവിതരണം ഉറപ്പാക്കാൻ ആർ ടി ഒ, ബി ഡബ്ല്യൂ എസ് എസ് ബി ഉദ്യോഗസ്ഥർ എല്ലാ വാട്ടർ ടാങ്കറുകൾക്കും നിർദേശം നൽകിയതായി പ്രസ്റ്റീജ് ഫാൽക്കൺ സിറ്റി അപ്പാർട്ട്മെന്റ് ഓണേഴ്സ് അസോസിയേഷൻ അറിയിച്ചു. ബാൽക്കണി കഴുകുന്നതിനു പകരം തുടച്ചവൃത്തിയാക്കി ജലത്തിന്റെ ഉപയോഗം പരമാവധി കുറയ്ക്കണമെന്നും നിർദേശമുണ്ട്.

മാർച്ച് 7-നകം എല്ലാ ടാങ്കറുകളും രജിസ്റ്റർ ചെയ്യണമെന്നും അങ്ങനെ ചെയ്യാത്ത ടാങ്കറുകൾ കണ്ടുകെട്ടുമെന്നും കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ സംസ്ഥാനത്തുട നീളമുള്ള വാട്ടർ ടാങ്കർ ഉടമകൾക്ക് മുന്നറിയിപ്പ് നൽകി. ബെംഗളൂരു നഗരത്തിലെ മൊത്തം 3,500 വാട്ടർ ടാങ്കറുകളിൽ 219 ടാങ്കറുകൾ മാത്രമേ അധികാരികളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളൂവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ജലം ഒരു വ്യക്തിയുടെയും സ്വത്തല്ലെന്നും അത് സർക്കാരിന്റെ വിഭവമാണെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു. ജലസ്രോതസ്സുകളുടെ നിയന്ത്രണം ഏറ്റെടുക്കാൻ സർക്കാരിന് അവകാശമുണ്ട്. സ്വകാര്യ വാട്ടർ ടാങ്കറുകൾ 500 മുതൽ 2000 രൂപ വരെയാണ് ഈടാക്കുന്നത്. അസോസിയേഷനുമായി സംസാരിച്ച് സ്റ്റാൻഡേർഡ് വില നിശ്ചയിക്കും. ഞങ്ങളുടെ രേഖകളിൽ, 16,781 കുഴൽക്കിണറുകളിൽ 6,997 കുഴൽക്കിണറുകളും വറ്റി. ബാക്കിയുള്ള 7,784 കുഴൽക്കിണറുകൾ പ്രവർത്തനക്ഷമമാണ്. സർക്കാർ പുതിയ കുഴൽക്കിണറുകൾ കുഴിക്കുമെന്നും ഡി കെ ശിവകുമാർ വ്യക്തമാക്കി.

ബെംഗളൂരുവിലെ ജലക്ഷാമം പരിഹരിക്കാൻ സംസ്ഥാന സർക്കാർ 556 കോടി രൂപ അനുവദിച്ചതായും ഡികെ ശിവകുമാർ അറിയിച്ചു. ബംഗളൂരു നഗരത്തിലെ ഓരോ എംഎൽഎമാർക്കും അവരവരുടെ മണ്ഡലത്തിലെ ജലക്ഷാമം പരിഹരിക്കാൻ 10 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഇത് കൂടാതെ ബിബിഎംപി 148 കോടി രൂപയും ബിഡബ്ല്യുഎസ്എസ്ബി 128 കോടി രൂപയും പ്രശ്നം പരിഹരിക്കാൻ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്ഥിതിഗതികൾ തത്സമയം നിരീക്ഷിക്കാൻ ഒരു വാർ റൂം സജ്ജീകരിച്ചിട്ടുണ്ട്. ബെംഗളൂരുവിൽ വെള്ളം സംഭരിക്കാൻ കർണാടക മിൽക്ക് ഫെഡറേഷൻ്റെ (കെഎംഎഫ്) ഒഴിഞ്ഞ പാൽ ടാങ്കറുകളും ഉപയോഗിക്കും.

---- facebook comment plugin here -----

Latest