Ongoing News
ഐ പി എല്ലില്‍ ബെംഗളൂരു- ലക്‌നൗ പോരാട്ടം ഇന്ന്
പരസ്പരം ഏറ്റുമുട്ടിയപ്പോൾ രണ്ട് തവണ ആർ സി ബി. സീസണിൽ തകർപ്പൻ ഫോമിൽ എൽ എസ് ജി
ലക്‌നൗ | പഞ്ചാബിനെതിരായ കഴിഞ്ഞ മത്സരത്തില്‍ നേടിയ വമ്പന്‍ ജയത്തിന്റെ ആത്മവിശ്വാസവുമായി ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ഗ്രീസിലിറങ്ങുന്നു. പഞ്ചാബിനെതിരെ 257 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തി നേടിയ വിജയം ലക്‌നൗവിന് നല്‍കുന്ന ആത്മവിശ്വാസം വലുതാണ്. മാര്‍കസ് സ്റ്റോണിസ്, കൈല്‍ മയേഴ്‌സ്, നികോളസ് പൂരാന്‍ തുടങ്ങിയ വെടിക്കെട്ട് താരങ്ങളെല്ലാം ലക്‌നൗവിന് മുതൽക്കൂട്ടാണ്. വൈകീട്ട് 7.30ന് ലക്‌നൗവിലാണ് പോരാട്ടം.
കൊല്‍ക്കത്തക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ ബെംഗളൂരുവിന് പരാജയമായിരുന്നു. വിരാട് കോലി, ഫാഫ് ഡു പ്ലേസിസ്, ഗ്ലെന്‍ മാക്‌സ് വെല്‍ എന്നിവര്‍ മാത്രമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാറ്റിംഗ് നിരയില്‍ തിളങ്ങുന്നത്. മറ്റുള്ളവര്‍ കൂടി തങ്ങളുടെ മികവ് തെളിയിച്ചാല്‍ മാത്രമേ ബാറ്റിംഗില്‍ തിളങ്ങുന്ന ലക്‌നൗവിനെ ബെംഗളൂരുവിന് പൂട്ടാന്‍ കഴിയുകയുള്ളു. എന്നാല്‍, മുഹമ്മദ് സിറാജിന്റെയും വനിന്ദു ഹസരങ്കയുടെയും ബൗളിംഗ് മികവാണ് ബെംഗളൂരുവിന് ആത്മബലം നല്‍കുന്നത്.
റണ്ണൊഴുക്ക് കുറഞ്ഞ പിച്ചില്‍ 170 റണ്‍സെങ്കിലും നേടിയാല്‍ വിജയം ഉറപ്പിക്കാമെന്നാണ് നിഗമനം. അതുകൊണ്ടുതന്നെ ടോസ് ലഭിക്കുന്നവര്‍ ബാറ്റിംഗ് തിരഞ്ഞെടുത്തേക്കും.
ഇരു ടീമുകളും മൂന്ന് തവണയാണ് പരസ്പരം ഏറ്റുമുട്ടിയത്. രണ്ട് തവണ ആര്‍ സി ബി ജയിച്ചു. ഈ സീസണില്‍ മികച്ച ഫോമിലാണ് ലക്‌നൗ ടീം തുടരുന്നത്. കഴിഞ്ഞ മാസം 10ന് ഇരു ടീമുകളും പരസ്പരം കൊമ്പുകോര്‍ത്തപ്പോള്‍ ലക്‌നൗവിനൊപ്പമായിരുന്നു ജയം. അവസാന പന്തിലായിരുന്നു ത്രസിപ്പിക്കുന്ന ഒരു വിക്കറ്റ് വിജയം.