National
ഏറ്റവും മോശം ട്രാഫിക്; ബംഗളൂരു ആദ്യസ്ഥാനത്ത്
പട്ടിക പ്രകാരം ബംഗളൂരുവില്‍ 10 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ശരാശരി 28 മിനിറ്റും 10 സെക്കന്‍ഡും വേണം
ന്യൂഡല്‍ഹി | ഏഷ്യയിലെ ഏറ്റവും മോശം ട്രാഫിക്കുള്ള നഗരങ്ങളിലൊന്നായി ബെംഗളൂരു. ടോംടോം ട്രാഫിക് സൂചികയിലാണ് ബംഗളൂരു ആദ്യസ്ഥാനത്ത് എത്തിയത്. 10 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ എത്ര സമയം വേണ്ടിവരുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്. പട്ടിക പ്രകാരം ബംഗളൂരുവില്‍ 10 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ശരാശരി 28 മിനിറ്റും 10 സെക്കന്‍ഡും വേണം. ബംഗളൂരുവില്‍ ജീവിക്കുന്ന ഒരാള്‍ വര്‍ഷത്തില്‍ 132 മണിക്കൂര്‍ ട്രാഫിക്കില്‍ അധികം ചെലവഴിക്കുന്നതായും കണക്കാക്കുന്നു.
അതിവേഗം വളരുന്ന ബംഗളൂരുവില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കൊപ്പം തന്നെ ജനസംഖ്യയും വര്‍ധിക്കുന്നുണ്ട്. സമീപകാലത്ത് ബംഗളൂരുവില്‍ കടുത്ത തിരക്കാണ് അനുഭവപ്പെടുന്നത്. ട്രാഫിക് മാനേജ്മെന്റ് മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും നഗരത്തിലെ റോഡുകളില്‍ ഗതാഗതക്കുരുക്ക് അതീരൂക്ഷമാണ്.
ഇന്ത്യയിലെതന്നെ പൂനെ നഗരമാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. പൂനെയില്‍ 10 കിലോമീറ്റര്‍ പിന്നിടാന്‍ 27 മിനിറ്റും 50 സെക്കന്‍ഡും വേണം. ഫിലിപ്പൈന്‍സിലെ മനിലയും (27 മിനിറ്റും 20 സെക്കന്‍ഡും) തായ്വാനിലെ തായ്ചുങ്ങും (26 മിനിറ്റും 50 സെക്കന്‍ഡും) ആണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്.