Connect with us

Ongoing News

കളിച്ച അഞ്ച് മത്സരങ്ങളിലും ദയനീയമായി പരാജയപ്പെട്ട് ഡല്‍ഹി

ബെംഗളൂരു വിജയം 23 റണ്‍സിന്

Published

|

Last Updated

ബെംഗളൂരു | ഇത്തവണത്തെ ഐ പി എല്ലിലെ മോശം ടീമെന്ന ചീത്തപ്പേരിന് മാറ്റമില്ല. പോയിന്റ് പട്ടികയിലെ അവസാനക്കാരായിരുന്ന ഡല്‍ഹി കാപ്പിറ്റല്‍സിന് തുടര്‍ച്ചയായ അഞ്ചാം തോല്‍വി. ബെംഗളൂരുവിനെതിരായ മത്സരത്തില്‍ 23 റണ്‍സിനാണ് ഡല്‍ഹിയുടെ തോല്‍വി.

സ്‌കോര്‍: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു: 20 ഓവറില്‍ ആറ് വിക്കറ്റിന് 174. ഡല്‍ഹി കാപിറ്റല്‍സ്: 20 ഓവറില്‍ ഒമ്പതിന് 151.

കളിച്ച അഞ്ച് മത്സരങ്ങളിലും ദയനായമായി പരാജയപ്പെട്ട ഡല്‍ഹി നാണക്കേടിന്റെ പടുക്കുഴിയിലാണ്. രണ്ട് ഡക്കുകള്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് രണ്ടക്കം കടക്കാതെ പുറത്തായത്.

ഡല്‍ഹിയുടെ മറുപടി ബാറ്റിംഗ് പലപ്പോഴും ലക്ഷ്യം മറന്നുകൊണ്ടായിരുന്നു. 38 ബോളില്‍ 50 റണ്‍സ് നേടിയ മനീഷ് പാണ്ഡെയാണ് ടോപ് സ്‌കോറര്‍. നാല് ഓവറില്‍ 20 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടിയ വൈഷാഖ് വിജയ് കുമാറാണ് ഡല്‍ഹിയുടെ നട്ടെല്ല് ഒടിച്ചത്.
നേരത്തെ, ബെംഗളൂരു ബാറ്റിംഗില്‍ മിന്നിയ വിരാട് കോലിയാണ് കളിയിലെ താരം.

 

ഓപണറായി ഗ്രീസിലെത്തി 34 പന്തില്‍ 50 റണ്‍സാണ് വിരാട് കോലി നേടിയത്.  ഫാഫ് ഡു പ്ലെസിസുമൊത്ത് (22) മികച്ച തുടക്കമാണ് കോലി ബെംഗളൂരുവിന് നല്‍കിയത്. മഹിപാല്‍ ലാംറോര്‍ (26), ഗ്ലെന്‍ മാക്‌സ് വെല്‍ (24) എന്നിവരും നന്നായി കളിച്ചു. പുറത്താകാതെ 12 ബോളില്‍ 20 റണ്‍സ് നേടിയ ശഹബാസ് അഹ്മദിന്റെ പ്രകടനവും കൂടി ആയതോടെ ബെംഗളൂരുവിന് മികച്ച ടോട്ടലില്‍ എത്തി.

ഒരുഘട്ടത്തില്‍ 200 വരെ ടോട്ടല്‍ പ്രതീക്ഷിച്ച ഇന്നിംഗ്‌സ് 13-14 ഓവറുകളിലാണ് താളം തെറ്റിയത്. 132ന് മൂന്ന് എന്ന നിലയില്‍ നിന്ന് 132ന് ആറ് എന്ന അവസ്ഥയിലേക്ക് ബെംഗളൂരു പതിച്ചു.

എന്നാൽ, ഡെൽഹിയുടെ ബാറ്റിംഗ് അതിനെക്കാൾ പരിതാപകരമായതാണ് ബെംഗളൂരുവിന് വിജയം നേടിക്കൊടുത്തത്.