Uae
മികച്ച സമ്പാദ്യ പദ്ധതികള്‍; പുതിയ കരാര്‍ ഒപ്പുവച്ച് ഉമ്മുല്‍ഖുവൈന്‍ എഫ് ടി ഇസഡും നാഷണല്‍ ബോണ്ട്‌സും
കരാര്‍ പ്രകാരം 9000-ലേറെ ജീവനക്കാര്‍ക്ക് നാഷണല്‍ ബോണ്ടിന്റെ സമ്പാദ്യ പദ്ധതികളിലൂടെ അവരുടെ വിരമിക്കല്‍ ആസൂത്രണം ചെയ്യാന്‍ കഴിയും.
അബൂദബി | സ്വതന്ത്ര വ്യാപാര മേഖലയിലെ (എഫ് ടി ഇസഡ്) ജീവനക്കാര്‍ക്ക് മികച്ച സമ്പാദ്യ പദ്ധതികള്‍ ലഭ്യമാക്കുന്നതിന് ഉമ്മുല്‍ഖുവൈന്‍ എഫ് ടി ഇസഡും നാഷണല്‍ ബോണ്ട്‌സും പുതിയ കരാര്‍ ഒപ്പുവച്ചു. കരാര്‍ പ്രകാരം 9000-ലേറെ ജീവനക്കാര്‍ക്ക് നാഷണല്‍ ബോണ്ടിന്റെ സമ്പാദ്യ പദ്ധതികളിലൂടെ അവരുടെ വിരമിക്കല്‍ ആസൂത്രണം ചെയ്യാന്‍ കഴിയും. യു എ ഇ സര്‍ക്കാരിന്റെ ഏറ്റവും പുതിയ പ്രഖ്യാപനമനുസരിച്ച് സ്വതന്ത്ര മേഖലയിലെയും സ്വകാര്യ മേഖലയിലെയും ജീവനക്കാരുടെ സേവന കാലയളവിന് ശേഷമുള്ള ഗ്രാറ്റുവിറ്റി സംവിധാനത്തിന് യോജിക്കുന്നതാണ് പുതിയ കരാര്‍.
ടേം സുകുക്ക്, രണ്ടാം ശമ്പള പദ്ധതി, ഗ്ലോബല്‍ സേവിങ് ക്ലബ്, ഗോള്‍ഡന്‍ പെന്‍ഷന്‍ പ്ലാന്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന നിക്ഷേപ പദ്ധതികളാണ് രൂപകല്‍പന ചെയ്തിട്ടുള്ളത്. ആഗോള ബിസിനസ് കേന്ദ്രമെന്ന നിലയില്‍ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്താന്‍ പുതിയ സഹകരണം സംഭാവനകള്‍ നല്‍കുമെന്ന് യു എ ക്യൂ എഫ് ടി ഇസഡ് ചെയര്‍മാന്‍ ശൈഖ് ഖാലിദ് ബിന്‍ റാഷിദ് അല്‍ മുഅല്ല അഭിപ്രായപ്പെട്ടു.
തൊഴിലാളികളുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കാനുള്ള യു എ ഇ നേതൃത്വത്തിന്റെ കാഴ്ചപ്പാടിന് അനുസൃതമായാണ് നാഷണല്‍ ബോണ്ട്‌സുമായുള്ള സഹകരണമെന്ന് യു എ ക്യൂ എഫ് ടി ഇസഡ് ജനറല്‍ മാനേജര്‍ ജോണ്‍സണ്‍ എം ജോര്‍ജ് പറഞ്ഞു.
ജീവനക്കാരുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ യു എ ഇ സര്‍ക്കാര്‍ റിട്ടയര്‍മെന്റ് പദ്ധതികള്‍ക്ക് അതീവ പ്രാധാന്യം നല്‍കുന്നുണ്ടെന്ന് നാഷണല്‍ ബോണ്ട്‌സ് ഗ്രൂപ്പ് സി ഇ ഒ. മുഹമ്മദ് കാസിം അല്‍ അലി അറിയിച്ചു.
—