Editorial
അംബേദ്കറും ആർ എസ് എസും തമ്മിൽ
അംബേദ്കറുടെ നേതൃത്വത്തിൽ സ്ഥാപിതമായ ഭരണഘടനയിലെ പല ഭാഗങ്ങളും ഹിന്ദുവിരുദ്ധമാണെന്നും മനുസ്മൃതി അടിസ്ഥാനമാക്കി ഭരണഘടന കൊണ്ടു വരണമെന്നും വാദിക്കുന്ന സംഘടനയാണ് ആർ എസ് എസ്. എങ്ങനെയാണ് അംബേദ്കറുടെയും ആർ എസ് എസിന്റെയും വീക്ഷണങ്ങൾ തമ്മിൽ പൊരുത്തപ്പെടുക?
ഇന്ത്യന്‍ ഭരണഘടനാ ശില്‍പ്പി ബി ആര്‍ അംബേദ്കര്‍ ആര്‍ എസ് എസ് പ്രത്യയശാസ്ത്രത്തെ മനസ്സാ വരിച്ച വ്യക്തിയായിരുന്നുവത്രേ. ആര്‍ എസ് എസിന്റെ കമ്മ്യൂണിക്കേഷന്‍ വിഭാഗമായ വിശ്വ സംവാദ് കേന്ദ്രയാണ് ഈ അവകാശമുന്നയിച്ചത്. 1940ല്‍ അംബേദ്കര്‍ മഹാരാഷ്ട്രയിലെ ഒരു ആര്‍ എസ് എസ് ശാഖ സന്ദര്‍ശിച്ച് അവിടുത്തെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തിരുന്നതായും പ്രഭാഷണത്തിനിടയില്‍ തനിക്ക് ആര്‍ എസ് എസുമായി ആത്മബന്ധമുള്ളതായി അനുഭവപ്പെടുന്നുവെന്ന് പറഞ്ഞതായും വിശ്വ സംവാദ് കേന്ദ്ര കഴിഞ്ഞ ദിവസം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. അംബേദ്കറെ സ്വന്തം ആളാക്കാനുള്ള ആര്‍ എസ് എസിന്റെ ശ്രമം ഇതാദ്യത്തേതല്ല. 2021 ഡിസംബര്‍ ആറിന് അംബേദ്കര്‍ സ്മൃതി ദിനത്തില്‍ ബി ജെ പി നേതാവ് പി കെ കൃഷ്ണദാസ് തിരുവനന്തപുരത്ത് നടത്തിയ പ്രസ്താവനയില്‍ അവകാശപ്പെട്ടിരുന്നു, അംബേദ്കര്‍ ആര്‍ എസ് എസിന് വേണ്ടി നിലകൊണ്ട ആളായിരുന്നുവെന്ന്. 1952ല്‍ ആദ്യത്തെ തിരഞ്ഞെടുപ്പില്‍ അംബേദ്കറിന്റെ പട്ടികജാതി ഫെഡറേഷനും ഭാരതീയ ജനസംഘവും (ബി ജെ പിയുടെ ആദ്യപതിപ്പ്) ഒന്നിച്ചാണ് പ്രവര്‍ത്തിച്ചതെന്നും 1954ല്‍ മഹാരാഷ്ട്രയിലെ ഭണ്ഡാര മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ അംബേദ്കറിന്റെ ഇലക്്ഷന്‍ ഏജന്റായി പ്രവര്‍ത്തിച്ചത് മുതിര്‍ന്ന ആര്‍ എസ് എസ് പ്രചാരകന്‍ ദത്തോപന്ത് തെംഗാഡി ആയിരുന്നുവെന്നും കൃഷ്ണദാസ് പറഞ്ഞിരുന്നു. നേരത്തേ ആര്‍ എസ് എസ് വക്താവ് രാജീവ് തൂലി ‘ദ പ്രിന്റി’ല്‍ എഴുതിയ ലേഖനത്തിലും ഉന്നയിച്ചിരുന്നു ഈ അവകാശവാദം.
എന്നാല്‍ ഇത്തരം അവകാശവാദങ്ങളെ ചരിത്രകാരന്മാരും അംബേദ്കറെ നന്നായി പഠിച്ചറിഞ്ഞവരും ശക്തമായി നിഷേധിച്ചിട്ടുണ്ട്. രാജീവ് തൂലിയുടെ ലേഖനത്തിന് മറുപടിയായി, പണ്ഡിതനും സാമൂഹിക പരിഷ്‌കര്‍ത്താവും പുണെ സര്‍വകലാശാലയിലെ മഹാത്മാ ജോതിറാവു ഫൂലെ ചെയര്‍ തലവനുമായിരുന്ന പ്രൊഫ. ഹരിനാര്‍കെ ‘ദ പ്രിന്റി’ല്‍ തന്നെ എഴുതിയ ലേഖനത്തില്‍ ആര്‍ എസ് എസിന്റെ അവകാശവാദങ്ങളെ പൊളിച്ചടുക്കിയിട്ടുണ്ട്. ആര്‍ എസ് എസ് നേതാക്കള്‍ വായുവില്‍ വിരല്‍കൊണ്ട് വരച്ച് സ്വപ്നക്കൊട്ടാരം പണിയുകയാണെന്നാണ് അംബേദ്കറും ആര്‍ എസ് എസും തമ്മില്‍ നല്ല ബന്ധത്തിലായിരുന്നുവെന്ന വാദത്തെക്കുറിച്ച് പ്രൊഫ. ഹരിനാര്‍കെ പറഞ്ഞത്. ആര്‍ എസ് എസ് പ്രചാരകന്‍ ദത്തോപന്ത് അംബേദ്കറുടെ ഇലക്്ഷന്‍ ഏജന്റെന്നത് ശുദ്ധ അസംബന്ധമാണ്. അഖിലേന്ത്യാ പട്ടികജാതി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി പി എന്‍ രാജ്ഭോജും മധ്യപ്രദേശ് പട്ടികജാതി ഫെഡറേഷന്‍ സെക്രട്ടറി ബാബു ഹരിദാസുമായിരുന്നു അംബേദ്കറുടെ മുഖ്യതിരഞ്ഞെടുപ്പ് ഏജന്റുമാരെന്നും പ്രൊഫ. ഹരിനാര്‍കെ സമര്‍ഥിക്കുന്നു. ഡോ. ബാബാ സാഹെബ് അംബേദ്കര്‍: രചനകളും പ്രസംഗങ്ങളും എന്ന ഗ്രന്ഥത്തിന്റെ 18ാം വാല്യത്തിലെ മൂന്നാം ഭാഗത്തില്‍ ഇതിന് വ്യക്തമായ തെളിവുകളുണ്ടെന്നും അദ്ദേഹം കുറിച്ചു.
ബ്രാഹ്മണ്യത്തിനും ഹിന്ദുത്വക്കും ജാതീയതക്കുമെതിരെ സത്യഗ്രഹമുള്‍പ്പെടെയുള്ള സമരം നടത്തുകയും മഹാരാഷ്ട്രയിലെ മഹാദിയില്‍ നടന്ന സത്യഗ്രഹ വേദിയില്‍ ആര്‍ എസ് എസും സംഘ്പരിവാറും ഉയര്‍ത്തിപ്പിടിക്കുന്ന മനുസ്മൃതി ചുട്ടെരിക്കുകയും ചെയ്ത പരിഷ്‌കര്‍ത്താവാണ് അംബേദ്കര്‍. 1927 ഡിസംബര്‍ 25നാണ് ചരിത്രപ്രസിദ്ധമായ ഈ സംഭവം. ഇതിന്റെ സ്മരണക്കായി വര്‍ഷം തോറും ഡിസംബര്‍ 25ന് മനുസ്മൃതി ദഹന്‍ ദിന്‍ (മനുസ്മൃതി കത്തിക്കുന്ന ദിവസം) ആയി ആചരിക്കുന്നു ദളിത് വിഭാഗം. ‘ഹിന്ദുവായാണ് ജനിച്ചത്. എന്നാല്‍ ഹിന്ദുവായി ഞാന്‍ മരിക്കില്ലെ’ന്ന അംബേദ്കറുടെ പ്രഖ്യാപനം ഹിന്ദുത്വയെ അദ്ദേഹം എത്രമാത്രം വെറുത്തിരുന്നുവെന്ന് വ്യക്താക്കുന്നു.
ആര്‍ എസ് എസുകാര്‍ അംബേദ്കറുടെ കോലം കത്തിച്ച സംഭവവും ആര്‍ എസ് എസിന്റെയും അംബേദ്കറുടെയും പ്രത്യയശാസ്ത്രങ്ങള്‍ക്ക് ധ്രുവങ്ങളുടെ അന്തരമുണ്ടെന്ന് വ്യക്തമാക്കുന്നു. 1949 ഡിസംബര്‍12ന് ഡല്‍ഹിയിലെ രാംലീല മൈതാനത്ത് ഒത്തുചേര്‍ന്നാണ് ആര്‍ എസ് എസുകാര്‍ അംബേദ്കറുടെ കോലമുണ്ടാക്കി തീയിട്ടത്. ഹിന്ദു സമൂഹത്തിനു മേല്‍ പതിക്കുന്ന ആറ്റംബോംബാണ് അംബേദ്കറുടെ ഹിന്ദുകോഡെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. ദളിത്- അവര്‍ണര്‍- അധസ്ഥിത വിഭാഗങ്ങള്‍ക്ക് ഗുണകരവും ഹിന്ദുമതത്തിലെ അസമത്വം പരിഹരിക്കാന്‍ ഒരളവോളം സഹായകവുമായിരുന്നു പ്രസ്തുത ബില്ല്.
ബ്രാഹ്മണ്യ ഹിന്ദുത്വത്തിനും ഹിന്ദുത്വ ദേശീയതക്കും ഹിന്ദുത്വ രാഷ്ട്രത്തിനും വേണ്ടിയാണ് ആര്‍ എസ് എസ് പ്രവര്‍ത്തിക്കുന്നത്. അതേസമയം ബ്രാഹ്മണ്യ ഹിന്ദുത്വത്തിന്റെ കടുത്ത വിമര്‍ശകനായിരുന്നു അംബേദ്കര്‍. മതേതരത്വത്തിലധിഷ്ഠിതമായ ഇന്ത്യന്‍ ദേശീയതക്കും സാമൂഹിക നീതിക്കും വേണ്ടിയാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. ആര്‍ എസ് എസ് ഉയര്‍ത്തിപ്പിടിക്കുന്ന ഹിന്ദുത്വയെ ബ്രാഹ്മണിക് തിയോളജിയെന്നാണ് അംബേദ്കര്‍ വിമര്‍ശിച്ചത്. ‘റിഡില്‍സ് ഇന്‍ ഹിന്ദുയിസം’ എന്ന ഗ്രന്ഥത്തില്‍ അംബേദ്കര്‍ പറയുന്നതിങ്ങനെ: നമ്മുടെ രാജ്യത്തിന് ഏറ്റവും വലിയ വിപത്തായിരിക്കും ഹിന്ദുരാജ്. സ്വാതന്ത്ര്യത്തിനും സമത്വത്തിനും സാഹോദര്യത്തിനും കടുത്ത ഭീഷണിയാണ് ഹിന്ദുത്വം. ജനാധിപത്യവുമായി അത് പൊരുത്തപ്പെടുകയില്ല. മനുസ്മൃതി തുടങ്ങിയ വേദങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞു: വിലയില്ലാത്ത ഒരു കൂട്ടം ഗ്രന്ഥങ്ങളാണ് വേദങ്ങള്‍. അവയെ പവിത്രമെന്ന് വിശേഷിപ്പിക്കാനാകില്ല. ബ്രാഹ്മണര്‍ പ്രചരിപ്പിച്ച വിഡ്ഢിത്ത ആശയങ്ങളുടെ പിടിയില്‍ നിന്ന് ഹൈന്ദവ മനസ്സിനെ മോചിപ്പിക്കാതെ ഇന്ത്യയുടെ വിമോചനത്തിനു ഭാവിയില്ല.
സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളുടെ അവകാശങ്ങള്‍, മതന്യൂനപക്ഷങ്ങളോടുള്ള സമീപനം തുടങ്ങിയവയിലും വ്യത്യസ്തമാണ് ഇരുവിഭാഗത്തിന്റെയും നിലപാടുകള്‍. എന്തിനേറെ, അംബേദ്കറുടെ നേതൃത്വത്തില്‍ സ്ഥാപിതമായ ഇന്ത്യന്‍ ഭരണഘടനയുടെ കാര്യത്തിലും പൊരുത്തമില്ല. ഭരണഘടനയിലെ പല ഭാഗങ്ങളും ഹിന്ദുവിരുദ്ധമാണെന്നും മനുസ്മൃതി അടിസ്ഥാനമാക്കി ഭരണഘടന കൊണ്ടുവരണമെന്നും വാദിക്കുന്ന സംഘടനയാണ് ആര്‍ എസ് എസ്. എങ്ങനെയാണ് അംബേദ്കറുടെയും ആര്‍ എസ് എസിന്റെയും വീക്ഷണങ്ങള്‍ തമ്മില്‍ പൊരുത്തപ്പെടുക? എത്രമാത്രം പരിഹാസ്യമാണ് ആര്‍ എസ് എസ് ആശയങ്ങളില്‍ ആകൃഷ്ടനായിരുന്നു അംബേദ്കറെന്ന വാദം!