Connect with us

book review

തോക്കുകൾക്കും വേട്ടകൾക്കുമിടയിൽ

ഒരു വെടിയൊച്ചയിൽ നിന്നും ആരംഭിച്ച നോവൽ നിരന്തരമായ വെടിയൊച്ചകളാൽ കലുഷിതമാകുന്നു.ഒന്നിന് പിറകെ ഒന്നായി മരിച്ചുവീഴുന്ന മനുഷ്യരെ മാത്രം അല്ല, അവർക്കൊപ്പം ഇരകളായി മാറേണ്ടി വരുന്ന മനുഷ്യരെ കൂടിയാണ് നാം കാണുന്നത്.

Published

|

Last Updated

നിങ്ങൾ നടന്ന വഴികളും നടകൊണ്ട് വീർത്ത വരമ്പുകളും നാടും മേടും ഒരു മനുഷ്യായുസ്സിന്റെ കഥയുമായി മുന്നിൽ വന്നാൽ എങ്ങനെ ആയിരിക്കും…? കെ എൻ പ്രാശാന്തിന്റെ പൊനം നോവൽ ഒരു ബേഡകക്കാരനെയോ ബന്തടുക്കക്കാരനെയോ തോണിക്കടവുകാരനെയോ കരിച്ചേരികാരനെയൊ സംബന്ധിച്ച് അങ്ങനെയാണ്. അല്ലാത്തവർക്ക് അവ നിഗൂഢവും വന്യവുമായ അധികാരത്തിന്റെ ഭാഷയുടെയും മായാലോകമാണ്.

തിങ്ങിനിറഞ്ഞ വനങ്ങളുടെ ഇരുട്ടിലേക്ക് വായനക്കാരന് കയറിച്ചെല്ലാൻ പാകത്തിൽ നോവലിനെ പ്രശാന്ത് അവതരിപ്പിക്കുന്നു. ഫ്യൂഡൽ അവശേഷിപ്പുകളുടെ ചാരം എന്ന പോലെ “തോക്ക്’ ആണധികാരത്തിന്റെ വേലിയേറ്റങ്ങളുടെ പ്രതീകം എന്നോണം നോവലിൽ ചുറ്റി നടക്കുന്നു. ആണത്തം എങ്ങനെ അധികാര നിർണയത്തിനു വേണ്ടി ശ്വാസം മുട്ടുന്നു എന്ന് നോവൽ കാണിക്കുന്നു. മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് സാഹിത്യ സൃഷ്ടികളിലെ കഥാപശ്ചാത്തലങ്ങൾക്ക് നിന്ന് കൊടുക്കാത്തവയാണ് കാസർകോടിന്റെ ഉൾനാടൻ ഗ്രാമങ്ങളും അതിർത്തി പ്രാദേശങ്ങളും. വ്യത്യസ്തവും വ്യതിരിക്തവുമായ ചരിത്രവും സംസ്കാരവും ഇവിടം വ്യത്യസ്തമാക്കുന്നു. ഈ പശ്ചാത്തലത്തെ പൊതു ശ്രദ്ധയിലേക്ക് കൊണ്ടുവരാൻ നോവലിന് സാധിക്കുന്നു.

ഒരു വെടിയൊച്ചയിൽ നിന്നും ആരംഭിച്ച നോവൽ നിരന്തരമായ വെടിയൊച്ചകളാൽ കലുഷിതമാകുന്നു. ഒന്നിന് പിറകെ ഒന്നായി മരിച്ചുവീഴുന്ന മനുഷ്യരെ മാത്രം അല്ല, അവർക്കൊപ്പം ഇരകളായി മാറേണ്ടി വരുന്ന മനുഷ്യരെ കൂടിയാണ് നാം കാണുന്നത്. കാസർകോടൻ ഭാഷയുടെ താളമാണ് നോവലിന്റെ ജീവൻ. തുളുവും മലയാളവും കന്നഡയും തുടങ്ങി ഭാഷകളുടെ കൗതുകമുണർത്തുന്ന സംഭാഷണങ്ങളുടെ കലവറയായി മാറുന്നു. കാസർകോടിന്റെ പതിറ്റാണ്ടുകൾ മുന്നത്തെ ആന്തരിക മനോനിലയെ ചെറിയ തോതിൽ തൊടുന്ന നോവൽ പക്ഷെ ഭാഷ, തൊഴിൽ, വിനോദം, അധികാരം, മതം, ജാതി, കുലം, ആരാധന തുടങ്ങിയ പലതിനെയും കൃത്യമായി വ്യക്തമാക്കുന്നു.

ഒരു ദേശത്തിന്റെ സാംസ്കാരിക ചരിത്ര രൂപവത്കരണത്തിൽ പ്രധാനമാണ് അപരദേശ ബന്ധങ്ങളും യാത്രകളും വാണിജ്യപരമായ ബന്ധങ്ങളും. ഇത്തരം യാത്രകളെ സസൂക്ഷ്മം ഇവിടെ ആവിഷ്കരിക്കുന്നുണ്ട്. നായാട്ടും കോഴിക്കെട്ടും തുടങ്ങി ഇന്ന് നിയമ വിരുദ്ധമായവ ഒരു ദേശത്തെ ആൺ വർഗത്തിന്റെ വിനോദ ഉപാധിയായിരുന്നു എന്നത് ഒരു നോവൽ ഭാവനക്കപ്പുറം സത്യവുമാണ്. നാട്ടുസംസ്കാരങ്ങളുടെ ഉള്ള ചേർച്ച വായനക്കാരനെയും പിടിച്ചിരുത്തുന്നു. മനുഷ്യന്റെ ആവശ്യങ്ങൾ നിറവേറ്റുന്ന കർമബന്ധിതമായ ഒരു യാഥാർഥ്യമായി മലിനോസ്കി സംസ്കാരത്തെ പറ്റി പറയുന്നുണ്ട്. മനസ്സിൽ ഉണ്ടാകുന്ന പ്രഭാതം എന്നൊക്കെ സംസ്കാരത്തെ വിശേഷിപ്പിക്കാമെങ്കിലും അത്യന്തം ആഴമേറിയതും മനുഷ്യനെ നിർണയിക്കുന്നതിന് ആവശ്യമായതുമായ സാധ്യതകൾ തുറന്നിടുന്നുണ്ട്.

വടക്കൻ കേരളത്തിന്റെയും ദക്ഷിണ കന്നടയുടെയും പ്രത്യേകമായ ജലസ്രോതസ്സാണ് സുരങ്കകൾ അഥവ ഭൂമിക്ക് സമാന്തരമായി തുരന്നുണ്ടാക്കുന്ന ജല അറകൾ. ഒരാൾക്ക് മാത്രം കടക്കാൻ പാകത്തിൽ ഉണ്ടാകുന്ന ഇത്തരം തുരങ്കങ്കങ്ങളുടെ കൗതുക ലോകത്തെക്കുള്ള വഴി നോവൽ സമ്മാനിക്കുന്നു. ആൺ പോരിന്റെയും പ്രണയത്തിന്റെയും വേദികളായി ഇത്തരം ജലാശയങ്ങൾ നോവലിൽ മാറുകയാണ്. നോവലിലെ കർമ പശ്ചാത്തലത്തിനു പുറത്തായ പ്രദേശങ്ങളിൽ പ്രധാനമാണ് സുള്ള്യയും മംഗലാപുരവും. കർണാടകയിലെ നഗരങ്ങളെ ഇന്നും ആശ്രയിക്കുന്ന ഒരുപാട് പേർ ഇവിടെയുണ്ട്.

വടക്ക് കേരള അതിർത്തി, കർണാടകയിലെ പ്രധാന കേന്ദ്രമായ സുള്ള്യയുമായി വനാതിർത്തി പങ്കിടുന്ന ബന്തടുക്ക, പാലാർ, കുറ്റിക്കോൽ, പാണ്ടി തുടങ്ങിയ പ്രദേശങ്ങൾ കേരള ചരിത്രത്തിൽ പലകാലങ്ങളിലും പല പേരിലുമാണ് രേഖപ്പെടുത്തപ്പെട്ടത്. കർഷക സമരം മുതൽ രാജ്യം ശ്രദ്ധിച്ച രാഷ്ട്രീയ കൊലപാതകങ്ങളുടെ ചരിത്രവും ഇവിടെ തന്നെ. പരസ്പരം വെട്ടിയും വെടിയേറ്റും മരിച്ചവരുടെ എണ്ണം ഇരുപത്തിരണ്ടോളം വരും. ഇന്ത്യൻ മാധ്യമങ്ങൾ ഇതിനെ വലിയ പ്രാധാന്യത്തോടെ കൂടിയാണ് അന്ന് റിപ്പോർട്ട് ചെയ്തത്.

“Illegal firearms rule the roost in bandadka’ എന്നാണ് അന്ന് വന്നൊരു വാർത്തയുടെ തലക്കെട്ട്. “1984 കാലഘട്ടം മുതലുള്ള 22 രാഷ്ട്രീയ കൊലപാതകങ്ങൾ അതിൽ എട്ടെണ്ണം അനധികൃത തോക്ക് ഉപയോഗിച്ചുകൊണ്ടാണ്. രാഷ്ട്രീയ എതിരാളികൾ നടത്തിയ വെടിവെപ്പിൽ അഞ്ച് കോൺഗ്രസ് പ്രവർത്തകരും മൂന്ന് സി പി എം പ്രവർത്തകരും കൊല്ലപ്പെട്ടിരുന്നു.’ (The new indian express -17 may 2011) ഇതുമായി നോവലിന്റെ സാമ്യം നിലനിൽക്കുന്നത് കള്ളത്തോക്കിനാൽ മരിച്ച എട്ട് പേരുടെ മരണത്തിലാണ്.

അധികാര നിർണയത്തിലെ പരസ്പരം ഏറ്റുമുട്ടൽ തന്നെയാണ് കാടിളക്കിക്കൊണ്ടുള്ള കൊലപാതകങ്ങൾക്ക് കാരണം. പശ്ചാത്തലത്തിലെ വ്യത്യാസങ്ങൾ മനസ്സിലാക്കാമെങ്കിലും നോവൽ പൊതുസമൂഹത്തിൽ എത്തിയപ്പോൾ പലരും രണ്ടിനും സാമ്യം കണ്ടെത്തി. കാടിനെ കീഴടക്കിയ കൊലപാതക പരമ്പര തന്നെ മുന്നിൽ നിൽക്കേ നോവലിന്റെ പ്രാദേശിക ചരിത്ര വിവരണത്തിലും അത് സഹായിച്ചിരിക്കാം. പ്രസാധകർ ഡി സി ബുക്്സ്. വില 330 രൂപ.

Latest