Connect with us

articles

രാഹുലിനും അരുന്ധതിക്കുമിടയില്‍

രാഷ്ട്രീയ നേതൃത്വം എന്ന നിലയില്‍ സഭയില്‍ രാഹുലും മെഹുവയും ഫാസിസത്തിനെതിരെ നടത്തുന്ന അതേ "യുദ്ധമാണ്' തോറ്റുകൊടുക്കാതെ സഭക്ക് പുറത്ത് സാംസ്‌കാരിക നേതൃത്വം എന്ന നിലയില്‍ അരുന്ധതി റോയിയെ പോലുള്ളവര്‍ നടത്തുന്നത്. രാഹുലിന് കൈയടിച്ച ജനാധിപത്യബോധം അരുന്ധതിയുടെ കൈപിടിക്കാന്‍ മടിച്ചുനില്‍ക്കരുത്. രാഹുലിനെ ഹിന്ദുത്വ ശക്തികള്‍ എങ്ങനെയെല്ലാം വേട്ടയാടിയിട്ടുണ്ടോ സമാനമായ അനുഭവങ്ങളിലൂടെ അരുന്ധതി റോയ് കടന്നുപോയിട്ടുണ്ട്.

Published

|

Last Updated

2014ല്‍ ബി ജെ പിക്ക് ഭൂരിപക്ഷം നല്‍കിയ പൊതുതിരഞ്ഞെടുപ്പ് ഫലത്തിന് പിറകെ ഒരു പ്രസ്താവന, ഇന്ത്യയുടെ രാഷ്ട്രീയ ശരീരത്തിനു മേല്‍ സംഭവിക്കാനിരിക്കുന്ന ആഴമേറിയ മുറിവുകളിലേക്ക് ഒരു മുന്നറിയിപ്പായി വന്നു പതിച്ചിരുന്നു. ജനാധിപത്യ മാര്‍ഗത്തിലൂടെ നമ്മള്‍ ഏകാധിപത്യത്തെ തിരഞ്ഞെടുത്തു എന്നായിരുന്നു ആ പ്രസ്താവന. വിഖ്യാത എഴുത്തുകാരി അരുന്ധതി റോയിയുടേതായിരുന്നു വിപത്കാലത്തിലേക്ക് കണ്ണ് തുറപ്പിച്ച ആ വാക്കുകള്‍. അവര്‍ പറഞ്ഞതിന്റെ പൊരുള്‍ പലര്‍ക്കും അന്ന് മനസ്സിലായില്ല. ഏകാധിപത്യമോ, ഇന്ത്യയിലോ? എന്ന് അതിശയപ്പെട്ടു ചിലര്‍. അരുന്ധതിയുടെ കോണ്‍ഗ്രസ്സ് പക്ഷപാതിത്വമായി മുദ്രകുത്തി വേറെ ചിലര്‍. മന്‍മോഹന്‍ സര്‍ക്കാറിനെ രാജ്യത്തെ മുച്ചൂടും നശിപ്പിക്കുന്ന അഴിമതിയുടെയും കൊള്ളയുടെയും കൂടാരമായി അവതരിപ്പിച്ച് ബി ജെ പിക്ക് വഴിയൊരുക്കിയ മാധ്യമങ്ങളുടെ മോദി സ്തുതിയുടെ ഒച്ചയില്‍ അവരുടെ മുന്നറിയിപ്പ് മുങ്ങിപ്പോയി. പക്ഷേ, കാലം അവരുടെ പ്രവചനം ശരിവെച്ചു.

പാര്‍ലിമെന്റിനെ മാനിക്കാതെ, പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ചെവികൊടുക്കാതെ, വിമര്‍ശകരെ കേള്‍ക്കാതെ മോദി സര്‍ക്കാര്‍ തന്നിഷ്ടപ്രകാരം ഭരിച്ചു. സഭയില്‍ പ്രതിഷേധിച്ച എം പിമാരെ കൂട്ടത്തോടെ പുറത്താക്കി സ്പീക്കര്‍ മോദിയുടെ ഹിതാനുസാരം പ്രവര്‍ത്തിച്ചു. ഭരണഘടനാ സ്ഥാപനങ്ങളെ വരുതിയിലാക്കി. മാധ്യമങ്ങള്‍ ക്രൂശിക്കപ്പെട്ടു, മാധ്യമ പ്രവര്‍ത്തകര്‍ ജയിലിലടക്കപ്പെട്ടു. സര്‍ക്കാറിനെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമായി ചിത്രീകരിക്കപ്പെട്ടു.

സര്‍ക്കാര്‍ = രാജ്യം സമവാക്യം പിറന്നു. ഒറ്റ ഭാഷ, ഒറ്റ പാര്‍ട്ടി, ഒറ്റ നേതാവ്- “ഒറ്റ’കളുടെ പെരുംവെള്ളമൊഴുക്കി വൈവിധ്യങ്ങളെ കടപുഴക്കി. മോദിയെ വിമര്‍ശിക്കുന്നവര്‍ രാജ്യത്തെ വിമര്‍ശിക്കുകയാണ് എന്ന് സ്ഥാപിച്ചെടുക്കാന്‍ പിടിപ്പത് പണിപ്പെട്ടു ബി ജെ പി കേന്ദ്രങ്ങള്‍. വിദ്യാഭ്യാസത്തില്‍, ചരിത്രത്തില്‍, രാഷ്ട്ര മൂല്യങ്ങളില്‍- എല്ലാത്തിലും നഞ്ഞു കലക്കി ഭരണകൂടം. പ്രതിഷേധിച്ച ക്യാമ്പസുകളില്‍ പോലീസ് കയറിനിരങ്ങി, വിദ്യാര്‍ഥി നേതാക്കള്‍ ജയിലിലായി. അടിയന്തരാവസ്ഥ ആരവങ്ങളില്ലാതെ നടപ്പാക്കപ്പെട്ടു. ആള്‍ക്കൂട്ട കൊലകള്‍ നാട്ടുനടപ്പായി, കേട്ട് മടുത്ത വാര്‍ത്തയായി. ചോദിക്കാനും പറയാനും ആളില്ലാതായി.

ഇലക്ടറല്‍ ബോണ്ട് എന്ന പേരില്‍ അഴിമതിയെ വ്യവസ്ഥാവത്കരിച്ചു. അതിസമ്പന്നര്‍ക്ക് മുമ്പില്‍ രാജ്യം എല്ലാ വാതിലുകളും തുറന്നിട്ടു. അവര്‍ കിട്ടിയതെല്ലാം കൈക്കലാക്കി. പൊതുമേഖല വിറ്റുതുലച്ചു. ബജറ്റുകള്‍ അവര്‍ക്ക് വേണ്ടിയായി. നികുതിയിളവുകള്‍ നിത്യമായി. ശതകോടികള്‍ ബേങ്കുകളില്‍ നിന്ന് ലോണെടുത്ത് ഭരണകൂടത്തിന്റെ പ്രിയപ്പെട്ട “ചങ്ങാതിമാര്‍’ വിദേശത്തേക്ക് കടന്നു. അവര്‍ നിയമവ്യവഹാരങ്ങളുടെ നൂലാമാലകളില്‍ നിന്ന് രക്ഷപ്പെട്ടു. ദോശ ചുട്ടെടുക്കുന്ന ലാഘവത്തോടെ പാര്‍ലിമെന്റില്‍ നിയമങ്ങള്‍ ചുട്ടെടുത്തു. അതിപ്രധാനമായ വിദ്യാഭ്യാസ നയം പോലും ചര്‍ച്ചകളില്ലാതെ അടിച്ചേല്‍പ്പിക്കപ്പെട്ടു. ശിക്ഷാനിയമങ്ങള്‍ പൊളിച്ചുപണിയുമ്പോള്‍ പ്രതിപക്ഷ അംഗങ്ങളെ പാര്‍ലിമെന്റിന്റെ പുറത്തിരുത്തി. അന്താരാഷ്ട്ര സൂചികകളില്‍ രാജ്യം മൂക്ക് കുത്തി. തൊഴിലെവിടെ എന്ന് ചോദിച്ചപ്പോള്‍ ഉത്തരം രാമക്ഷേത്രമെന്നായി. പട്ടിണിയെ കുറിച്ച് പറയുമ്പോള്‍ പട്ടേല്‍ പ്രതിമയിലേക്ക് സംസാരം ചുരുക്കി. ഒരു ശബ്ദം മാത്രം അന്തരീക്ഷത്തില്‍ നിറഞ്ഞുനിന്നു. മന്‍കി ബാത്ത് ആയി, സ്റ്റേജ് പെര്‍ഫോമന്‍സ് ആയി, പാര്‍ലിമെന്റിലെ പരിഹാസമായി അതങ്ങനെ പടരുകയും വികസിക്കുകയും ചെയ്തു. ഞാന്‍, ഞാന്‍ മാത്രം എല്ലാത്തിനും മുകളില്‍ പ്രതിഷ്ഠിക്കപ്പെട്ടു. റേഷന്‍ കട മുതല്‍ കൊവിഡ് സര്‍ട്ടിഫിക്കറ്റില്‍ വരെ ഒരാളുടെ മുഖം മാത്രം മതിയെന്ന് തീരുമാനിക്കപ്പെട്ടു. ജനാധിപത്യം എങ്ങനെയാണ് ഏകാധിപത്യത്തിനു വഴി മാറുന്നത് എന്ന് നമ്മള്‍ കണ്ടറിഞ്ഞു. അരുന്ധതിയുടെ “കഥയില്ലായ്മയെ’ പരിഹസിച്ചവര്‍ പതിയെ യാഥാര്‍ഥ്യങ്ങളിലേക്ക് എഴുന്നേറ്റ് നിന്നു.

അരുന്ധതി റോയിയുടെ വിമര്‍ശങ്ങള്‍ അവിടെ അവസാനിച്ചില്ല. നിലപാടുകള്‍ പണയപ്പെടുത്തി ഭരണകൂടത്തിന്റെ താമ്രപത്രങ്ങള്‍ക്ക് കാത്തിരിക്കുന്നവരുടെ നിരയില്‍ നില്‍ക്കാന്‍ അവര്‍ ഇഷ്ടപ്പെട്ടില്ല. അധികാരത്തിന്റെ പരിലാളനകള്‍ക്ക് നിന്നുകൊടുക്കാന്‍ അവര്‍ ഒരുക്കമായിരുന്നില്ല. അതുകൊണ്ട് നിര്‍ണായക സന്ദര്‍ഭങ്ങളിലെല്ലാം അവരുടെ ശബ്ദം ഉയര്‍ന്നു. സാംസ്‌കാരിക രംഗത്തെ പ്രതിപക്ഷമായി അവര്‍ നിലകൊണ്ടു. ഭീമ കൊറേഗാവില്‍, ആള്‍ക്കൂട്ട കൊലയില്‍, നോട്ട് നിരോധനത്തില്‍, കശ്മീരിന്റെ പ്രത്യേക പദവിയില്‍, ന്യൂനപക്ഷ വേട്ടയില്‍, ജെ എന്‍ യുവില്‍, ജാമിഅയില്‍, വെമുല കേസില്‍, മണിപ്പൂരില്‍, ന്യൂസ് ക്ലിക്കില്‍.. അങ്ങനെയങ്ങനെ അനീതി സംഭവിച്ചിടത്തെല്ലാം അവര്‍ പ്രതികരണവുമായെത്തി. മുനയും മൂര്‍ച്ചയുമുള്ള വാക്കുകള്‍ കൊണ്ട് അവര്‍ ഹിന്ദുത്വ ഭരണകൂടത്തെ കടന്നാക്രമിച്ചു. രാജ്യദ്രോഹത്തിന്റെ ചാപ്പകളെ അവര്‍ ഭയപ്പെട്ടില്ല. കൈവിലങ്ങുകളെ പേടിച്ച് പറയേണ്ടത് പറയാതിരുന്നില്ല. നാളെയുടെ വെളിച്ചങ്ങളിലേക്ക് അവര്‍ ധീരതയോടെ ടോര്‍ച്ച് തെളിച്ചു.

അരുന്ധതി റോയിയെ വാര്‍ത്തകളിലേക്ക് കൊണ്ടുവന്ന രണ്ട് സന്ദര്‍ഭങ്ങള്‍ ഈയിടെ ഉണ്ടായി. 2010ല്‍ കശ്മീരിനെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ അവര്‍ക്കെതിരെ യു എ പി എ ചുമത്താന്‍ ഡല്‍ഹി ലെഫ്. ഗവര്‍ണര്‍ വി കെ സക്സേന അനുമതി നല്‍കിയതാണ് ഒന്നാമത്തെ സന്ദര്‍ഭം. നൊബേല്‍ ജേതാവായ നാടകകൃത്ത് ഹരോള്‍ഡ് പിന്ററുടെ പേരില്‍ നല്‍കുന്ന പെന്‍ പിന്റര്‍ പുരസ്‌കാരത്തിന് അരുന്ധതിയെ തിരഞ്ഞെടുത്തതാണ് രണ്ടാമത്തെ സന്ദര്‍ഭം. ആദ്യത്തേത് പ്രതികാര നടപടിയെങ്കില്‍ രണ്ടാമത്തേത് അംഗീകാരമാണ്. ഭരണകൂടത്തിന്റെ കൊള്ളരുതായ്മക്കെതിരെ ശബ്ദിച്ചതിന്റെ പേരില്‍ അവരെ കൈവിലങ്ങണിയിക്കാന്‍ ഇന്ത്യന്‍ ഭരണകൂടം പദ്ധതി തയ്യാറാക്കുമ്പോള്‍, അനീതിക്കെതിരെ ശബ്ദിച്ചതിന് ലോകം അവരെ അവാര്‍ഡ് നല്‍കി ആദരിക്കുന്നു.

2010 ഒക്ടോബര്‍ 21ന് രാഷ്ട്രീയ തടവുകാരുടെ മോചനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന കമ്മിറ്റി ഫോര്‍ റിലീസ് ഓഫ് പൊളിറ്റിക്കല്‍ പ്രിസനേഴ്സ് സംഘടിപ്പിച്ച “ആസാദി, ദ ഒണ്‍ലി വേ’ എന്ന പരിപാടിയില്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങളാണ് അരുന്ധതിക്കെതിരായ കേസിനാധാരം. കശ്മീര്‍ ഇന്ത്യയുടെ ഭാഗമായിരുന്നില്ലെന്നും സൈന്യം പിടിച്ചടക്കിയതാണെന്നും അവര്‍ പറഞ്ഞതായാണ് ആരോപണം. ഈ സംഭവത്തെ കഴിഞ്ഞ ദിവസം പാര്‍ലിമെന്റില്‍ ബി ജെ പി. എം പി അനുരാഗ് ഠാക്കൂര്‍ നടത്തിയ പ്രസ്താവനയെ മുന്‍നിര്‍ത്തിക്കൂടി വിശകലനം ചെയ്യേണ്ടതുണ്ട്. പതിനെട്ടാം ലോക്‌സഭയിലെ രാഷ്ട്രപതിയുടെ സംബോധനക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കവെ, ഭരണഘടനയുടെ ആത്മാവ് നശിപ്പിച്ചത് നെഹ്റു ആണെന്നായിരുന്നു എം പിയുടെ പരാമര്‍ശം. ഭരണഘടനയുടെ 19ാം അനുഛേദത്തില്‍ 1951ല്‍ നെഹ്റു കൊണ്ടുവന്ന ഭേദഗതിയാണ് അനുരാഗ് ഠാക്കൂര്‍ ഉന്നമിട്ടത്. ചരിത്രത്തെ ഹിന്ദുത്വര്‍ എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നതിന്റെ തെളിവ് കൂടിയായി മാറുന്നുണ്ട് ആ പ്രസ്താവന.

അഭിപ്രായ സ്വാതന്ത്ര്യത്തിന് “ന്യായമായ നിയന്ത്രണങ്ങള്‍’ കൊണ്ടുവന്നത് ഈ ഭേദഗതിയിലൂടെയാണ്. വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദത്തെ ഹനിക്കുന്നത് ഉള്‍പ്പെടെയുള്ള അഭിപ്രായങ്ങള്‍ക്കാണ് നിയന്ത്രണം കൊണ്ടുവന്നത്. ജനങ്ങള്‍ക്കിടയില്‍ വിദ്വേഷവും വെറുപ്പും സൃഷ്ടിക്കുന്ന വര്‍ഗീയ സ്വഭാവമുള്ളതും അല്ലാത്തതുമായ പ്രസംഗങ്ങള്‍, പ്രസ്താവനകള്‍ തടയുകയായിരുന്നു നെഹ്റു ലക്ഷ്യമിട്ടത്. അതിനെയാണ് ഭരണഘടനയുടെ ആത്മാവ് നശിപ്പിച്ചു എന്ന് ബി ജെ പി കുറ്റപ്പെടുത്തുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ മോദിയും അമിത് ഷായും മറ്റു നേതാക്കളും നടത്തിയ എണ്ണമറ്റ വര്‍ഗീയ പ്രസംഗങ്ങള്‍/പ്രസ്താവനകളുണ്ട്. അങ്ങനെ സംഭവിച്ചുകൂടാ എന്നതായിരുന്നു നെഹ്റുവിയന്‍ സമീപനം. അതിന്റെ പേരില്‍ അദ്ദേഹത്തെ വേട്ടയാടിപ്പിടിക്കുകയാണ് സംഘ്പരിവാര്‍. വിദ്വേഷ പ്രസംഗങ്ങള്‍ തടയാന്‍ ഭരണഘടനയില്‍ തന്നെ വകുപ്പുള്ള രാജ്യത്താണ് തിരഞ്ഞെടുപ്പ് കാലത്ത് നിര്‍ബാധം വര്‍ഗീയ വിദ്വേഷം ഒഴുകിയത്. അതില്‍ തെല്ലും മനസ്താപം തോന്നാത്തവരാണ് അരുന്ധതിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഒരുങ്ങുന്നത് എന്നതാണ് അതിശയം. ഈ നീക്കം ജനാധിപത്യത്തെ പ്രോസിക്യൂട്ട് ചെയ്യാനുള്ളതാണ്. അത് തിരിച്ചറിഞ്ഞുകൊണ്ട് ശക്തമായ നിലപാട് സ്വീകരിക്കാന്‍, അരുന്ധതിയോട് ഐക്യപ്പെടാന്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും “ഇന്ത്യ’ മുന്നണിയും തയ്യാറാകണം.

ഇന്ത്യന്‍ ഹിന്ദുത്വ രാഷ്ട്രീയമായി തോല്‍പ്പിക്കപ്പെട്ടാല്‍ മാത്രം പോരാ, സാംസ്‌കാരികമായും അവര്‍ പരാജയപ്പെടണം. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന് ആഴത്തിലുള്ള സാംസ്‌കാരിക വേരുകളുണ്ട്. ആഘോഷങ്ങളില്‍, ആചാരങ്ങളില്‍, കുടുംബത്തില്‍, സമൂഹത്തില്‍, തൊഴിലിടങ്ങളില്‍… എല്ലായിടത്തും പടര്‍ന്നുകിടക്കുന്നു അവരുടെ വേരുകള്‍. അതുകൊണ്ടാണ് അവര്‍ക്ക് ഹിന്ദുത്വയെ മറച്ചുപിടിച്ച് ഹിന്ദുവായി നടിക്കാന്‍ കഴിയുന്നത്, ഹിന്ദുവിന്റെ പേരില്‍ ആക്രമണങ്ങള്‍ നടത്താന്‍ സാധിക്കുന്നത്. ആ കാപട്യത്തെയാണ് കഴിഞ്ഞ ദിവസം ലോക്സഭയില്‍ രാഹുല്‍ ഗാന്ധി കുടഞ്ഞത്. അതില്‍ അസ്വസ്ഥമായാണ് മേല്‍പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ നിന്ന് നീക്കിയത്. രാഷ്ട്രീയ നേതൃത്വം എന്ന നിലയില്‍ സഭയില്‍ രാഹുലും മെഹുവയും ഫാസിസത്തിനെതിരെ നടത്തുന്ന അതേ “യുദ്ധമാണ്’ തോറ്റുകൊടുക്കാതെ സഭക്ക് പുറത്ത് സാംസ്‌കാരിക നേതൃത്വം എന്ന നിലയില്‍ അരുന്ധതി റോയിയെ പോലുള്ളവര്‍ നടത്തുന്നത്. രാഹുലിന് കൈയടിച്ച ജനാധിപത്യബോധം അരുന്ധതിയുടെ കൈപിടിക്കാന്‍ മടിച്ചുനില്‍ക്കരുത്.

രാഹുലിനെ ഹിന്ദുത്വ ശക്തികള്‍ എങ്ങനെയെല്ലാം വേട്ടയാടിയിട്ടുണ്ടോ സമാനമായ അനുഭവങ്ങളിലൂടെ അരുന്ധതി റോയ് കടന്നുപോയിട്ടുണ്ട്. വ്യക്തിഹത്യ, അധിക്ഷേപം, നിയമനടപടികള്‍, പ്രതികാര രാഷ്ട്രീയം തുടങ്ങി പലതും അനുഭവിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയില്‍ നടക്കുന്നത് എന്താണ് എന്ന് ധീരതയോടെ വിളിച്ചുപറഞ്ഞിട്ടുണ്ട്. രാജ്യത്തിന് ഒരു പ്രധാനമന്ത്രിയെ ആവശ്യമുണ്ട് എന്ന് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പ് അവര്‍ നടത്തിയ പ്രസ്താവന സാംസ്‌കാരിക രംഗത്ത് നിന്നുണ്ടായ ഏറ്റവും മൂര്‍ച്ചയേറിയ മോദി വിമര്‍ശമായിരുന്നു. 2024ലെ തിരഞ്ഞെടുപ്പില്‍ ജനാധിപത്യം തിരിച്ചുവന്നു എന്ന മതനിരപേക്ഷ മനുഷ്യരുടെ ആഹ്ലാദങ്ങളിലേക്ക് ഭരണകൂടം ഏല്‍പ്പിക്കുന്ന ആഘാതമാണ് അരുന്ധതി റോയിക്കെതിരായ നിയമനടപടി. അതിനെതിരായ ശബ്ദങ്ങള്‍ ദുര്‍ബലമായിപ്പോകാതിരിക്കട്ടെ.

Latest