editorial
വഖ്ഫ് സംരക്ഷണ പ്രക്ഷോഭവും ബ്രദർഹുഡും തമ്മിൽ?
എവിടെ സമരം നടത്തണം, എപ്പോൾ നടത്തണം എന്നതൊക്കെ ആ സംഘടനയുടെ ഹിതമാണ്. പക്ഷേ ഇന്ത്യയിലെ ജനാധിപത്യമനുഷ്യരെ ഒന്നിപ്പിച്ചുനിർത്തുന്ന ഒരു പ്രമേയത്തെ "സംഘടനാ ദൃശ്യത' എന്ന സങ്കുചിത ലക്ഷ്യത്തിലേക്ക് പരിമിതപ്പെടുത്തുക വഴി വഖ്ഫ് കൊള്ളക്കെതിരായ പൊതുവികാരത്തെ അട്ടിമറിക്കുകയാണ് ജമാഅത്തെ ഇസ്്ലാമി ചെയ്തിരിക്കുന്നത്.

എന്താണ് ഇന്ത്യയിലെ വഖ്ഫ് നിയമ ഭേദഗതിവിരുദ്ധ പ്രക്ഷോഭവും ഈജിപ്തിൽ ഉദയം ചെയ്ത മുസ്്ലിം ബ്രദർഹുഡും തമ്മിൽ ബന്ധം? വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ ബുധനാഴ്ച ജമാഅത്തെ ഇസ്്ലാമിയുടെ യുവജന- വിദ്യാർഥി സംഘടനകളായ സോളിഡാരിറ്റിയും എസ് ഐ ഒയും നടത്തിയ കരിപ്പൂർ വിമാനത്താവള മാർച്ചുമായി ബന്ധപ്പെട്ട് മതേതര കേരളത്തിന്റേതാണ് ഈ ചോദ്യം.
പൊളിറ്റിക്കൽ ഇസ്്ലാം സംഘടനയായ മുസ്്ലിം ബ്രദർഹുഡിന്റെ നേതാക്കളായ ഹസനുൽബന്നയുടെയും മുഹമ്മദ് ഖുത്വുബിന്റെയും ഫോട്ടോ ഉയർത്തിപ്പിടിച്ചാണ് ഇവർ മാർച്ച് നടത്തിയത്. ഈജിപ്ത്, സഊദി അറേബ്യ, യു എ ഇ തുടങ്ങിയ മുസ്്ലിം രാജ്യങ്ങൾ കരിമ്പട്ടികയിൽപ്പെടുത്തിയ സംഘടനയാണ് മുസ്്ലിം ബ്രദർഹുഡ്. അൽഖാഇദ പോലുള്ള തീവ്രവാദ സംഘടനകൾക്ക് പ്രചോദനം ബ്രദർഹുഡാണെന്ന് വിലയിരുത്തപ്പെടുന്നു. ഈജിപ്ഷ്യൻ പ്രസിഡന്റായിരുന്ന ജമാൽ അബ്ദുന്നാസിർ വധക്കേസിൽ 1966 ആഗസ്റ്റ് 29നു തൂക്കിക്കൊല്ലുകയായിരുന്നു മുഹമ്മദ് ഖുത്വുബിനെ.
മുസ്്ലിംകളെ ലക്ഷ്യമാക്കിയാണ് മോദി സർക്കാർ വഖ്ഫ് ഭേദഗതി നിയമം പാസ്സാക്കിയതെങ്കിലും ഭരണഘടന ഉറപ്പ് നൽകുന്ന മതസ്വാതന്ത്ര്യത്തിനു നേരെയുള്ള കൈയേറ്റമെന്ന നിലയിൽ മതേതര പ്രസ്ഥാനങ്ങൾ ഒറ്റക്കെട്ടായി ഈ നിയമത്തെ പ്രതിരോധിക്കാൻ രംഗത്തുവന്നിട്ടുണ്ട്. പാർലിമെന്റിലെ വോട്ടെടുപ്പ് വേളയിൽ ഇന്ത്യാ സഖ്യത്തിലെ മുഴുവൻ പാർട്ടികളും അംഗങ്ങളും ബില്ലിനെതിരെ വോട്ട് ചെയ്യുകയുമുണ്ടായി. ഇത്തരമൊരു സാഹചര്യത്തിൽ വഖ്ഫ് നിയമത്തിനെതിരെയെന്ന പേരിൽ സംഘടിപ്പിച്ച സമരം സോളിഡാരിറ്റിയും എസ് ഐ ഒയും തങ്ങളുടെ ആശയപ്രചാരണത്തിനുള്ള വേദിയാക്കിയതാണ് പ്രതിഷേധത്തിനിടയാക്കിയത്.
പാരമ്പര്യ ഇസ്്ലാമിനെ തള്ളിപ്പറഞ്ഞുകൊണ്ട് അബുൽ അഅ്ലാ മൗദൂദി സ്ഥാപിച്ച ജമാഅത്തെ ഇസ്്ലാമിയുടെ ആശയാദർശങ്ങൾ ഉൾക്കൊള്ളുന്ന സംഘടനയാണ് ബ്രദർഹുഡ് എന്നതിനാൽ ഇരുസംഘടനകൾക്കുമിടയിൽ ആഴത്തിലുള്ള സൗഹൃദം നിലനിൽക്കുന്നുണ്ട്. കേരള ജമാഅത്തെ ഇസ്്ലാമിയുടെ പ്രസാധകവിഭാഗം, അബുൽ അഅ്ലാ മൗദൂദിയുടെ കൃതികൾക്കൊപ്പം മുഹമ്മദ് ഖുത്വുബ് പോലുള്ള ബ്രദർഹുഡ് നേതാക്കളുടെ കൃതികൾക്കും പ്രത്യേക പരിഗണന നൽകുന്നു.
ഇതുപക്ഷേ അവരുടെ സംഘടനാ താത്പര്യം. എന്നാൽ മതേതര ഇന്ത്യ ഒന്നിച്ച് ഏറ്റെടുത്ത വഖ്ഫ് നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിൽ ജമാഅത്തെ ഇസ്്ലാമി അവരുടെ സംഘടനാ താത്പര്യവും മതരാഷ്ട്ര നിലപാടും പ്രകടിപ്പിക്കണമായിരുന്നോ? മുസ്്ലിമേതര സംഘടനകൾ പ്രക്ഷോഭ രംഗത്തു നിന്ന് മാറിനിൽക്കാൻ ഇത് വഴിവെച്ചേക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. വഖ്ഫ് നിയമ ഭേദഗതിക്കെതിരായ സമരത്തിന്റെ ലക്ഷ്യത്തെത്തന്നെ വഴിതിരിച്ചുവിടുന്ന വിവേകശൂന്യതയാണ് ജമാഅത്തിന്റെ യുവജന- വിദ്യാർഥി സംഘടനകളിൽ നിന്നുണ്ടായിരിക്കുന്നത്.
ജമാഅത്തെ ഇസ്്ലാമി ഇതാദ്യമല്ല, മതേതര പ്രസ്ഥാനങ്ങളുടെ സമരങ്ങളെയും പ്രക്ഷോഭങ്ങളെയും തങ്ങളുടെ ആശയ- രാഷ്ട്രീയ പരിസരം വികസിപ്പിക്കാൻ ഉപയോഗപ്പെടുത്തുന്നത്. സി എ എ, എൻ ആർ സി വിരുദ്ധ സമരങ്ങളിലും അവർ ഇത്തരം തന്ത്രങ്ങൾ പയറ്റിയിട്ടുണ്ട്. ജമാഅത്തെ ഇസ്്ലാമിയുടെ ആദ്യകാല വിദ്യാർഥി സംഘടനയായിരുന്ന സിമിയുടെ ചില പ്രവർത്തനങ്ങൾ രാജ്യവ്യാപകമായി മുസ്‌ലിം സമൂഹം തെറ്റിദ്ധരിക്കപ്പെടാനിടയാക്കി. ജമാഅത്തെ ഇസ്്ലാമിയെത്തന്നെ വിഴുങ്ങുന്ന നിലയിലേക്ക് സിമി തീവ്രസ്വഭാവം കൈവരിച്ചപ്പോഴാണ് സംഘടനയെ കൈയൊഴിച്ച് ജമാഅത്ത് നേതൃത്വം തങ്ങളുടെ വരുതിയിൽ നിൽക്കുന്ന മറ്റൊരു വിദ്യാർഥി സംഘടനക്ക് രൂപം കൊടുത്തത്.
“ഹുകൂമത്തെ ഇലാഹി’യെന്ന അബുൽ അഅ്ലാ മൗദൂദി വിഭാവനം ചെയ്യുന്ന മതരാഷ്ട്രമാണ് ജമാഅത്തെ ഇസ്്ലാമിയുടെ ആത്യന്തിക ലക്ഷ്യം. അത്തരമൊരു ഭരണകൂടവുമായല്ലാതെ മുസ്്ലിംകൾ സഹകരിക്കാൻ പാടില്ലെന്നാണ് അവരുടെ നിലപാട്. ഇന്ത്യൻ ജമാഅത്തെ ഇസ്്ലാമിയുടെ ആദ്യകാല ഗ്രന്ഥങ്ങളിലൊക്കെ ഇക്കാര്യം അർഥശങ്കക്കിടമില്ലാത്തവിധം വ്യക്തമാക്കുന്നു. സ്വതന്ത്ര ഇന്ത്യയിൽ വർഷങ്ങളോളം ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകാതെ സംഘടന വിട്ടു നിന്നതും തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനോ സർക്കാർ ഉദ്യോഗം സ്വീകരിക്കാനോ പാടില്ലെന്ന് പ്രഖ്യാപിച്ചതും ഈ നയത്തിന്റെ ഭാഗമാണ്. തങ്ങളെ സംബന്ധിച്ചിടത്തോളം മൗലിക പ്രധാനമാണ് ഹുകൂമത്തെ ഇലാഹിയെന്നും ആരാധനകൾ പൂർണമാകണമെങ്കിൽ പോലും ഹുകൂമത്തെ ഇലാഹി നിലവിൽ വരണമെന്നും ജമാഅത്തിന്റെ പ്രമുഖ നേതാക്കൾ പലവേദികളിലും പറഞ്ഞതാണ്. ഈ നിലപാടുമായി മുന്നോട്ടുപോയാൽ സമൂഹത്തിൽ ഒറ്റപ്പെടുമെന്ന തിരിച്ചറിവാണ് പിൽക്കാലത്ത് ജനാധിപത്യ സംവിധാനങ്ങളുമായി സഹകരിക്കാനും സ്വന്തം രാഷ്ട്രീയ കക്ഷി രൂപവത്കരിച്ച് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനും ജമാഅത്തെ ഇസ്്ലാമി മുന്നോട്ടുവന്നതിന്റെ കാരണം.
എവിടെ സമരം നടത്തണം, എപ്പോൾ നടത്തണം എന്നതൊക്കെ ആ സംഘടനയുടെ ഹിതമാണ്. പക്ഷേ ഇന്ത്യയിലെ ജനാധിപത്യമനുഷ്യരെ ഒന്നിപ്പിച്ചുനിർത്തുന്ന ഒരു പ്രമേയത്തെ “സംഘടനാ ദൃശ്യത’ എന്ന സങ്കുചിത ലക്ഷ്യത്തിലേക്ക് പരിമിതപ്പെടുത്തുക വഴി വഖ്ഫ് കൊള്ളക്കെതിരായ പൊതുവികാരത്തെ അട്ടിമറിക്കുകയാണ് ജമാഅത്തെ ഇസ്്ലാമി ചെയ്തിരിക്കുന്നത്. അവധാനത തൊട്ടുതീണ്ടിയിട്ടില്ലാത്ത എടുത്തുചാട്ടം കൊണ്ട് സംഭവിച്ചതെന്താണ്? “തീവ്രവാദികൾ അഴിഞ്ഞാടുന്ന കേരളം’ എന്ന് കെ സുരേന്ദ്രനെ പോലുള്ളവർക്ക് വിളിച്ചുപറയാനും കുളം കലക്കാനും അവസരം നൽകി.
ഒരു കാരണവുമില്ലാതെ തന്നെ മുസ്്ലിം സമുദായത്തെ ആക്ഷേപിക്കുന്നത് ശീലമാക്കിയവർക്ക് കുറേ നാളത്തേക്ക് ഉപയോഗിക്കാവുന്ന വടി കൈയിൽ വെച്ചുകൊടുത്തു സോളിഡാരിറ്റിയും എസ് ഐ ഒയും. അവർ ഉദ്ദേശിച്ചാലും ഇല്ലെങ്കിലും വഖഫ്‌വിരുദ്ധ ക്യാമ്പയിനിന് തുടക്കം കുറിക്കുന്ന സംഘ്പരിവാറിനും വഖ്ഫ് നിയമ ഭേദഗതിക്ക് പിന്തുണ നൽകുന്ന തീവ്രക്രൈസ്തവ ഗ്രൂപ്പുകൾക്കും പ്രചാരണായുധം നൽകിയിരിക്കുന്നു ജമാഅത്തെ ഇസ്്ലാമി. മുസ്്ലിം സമുദായത്തിന് ആകെയും പരുക്കേൽപ്പിക്കുന്ന അവിവേകമായി അത് മാറിക്കഴിഞ്ഞു. യുവജന-വിദ്യാർഥി സംഘടനകളെ കയറൂരി വിടാതെ നിലയ്ക്ക് നിർത്താൻ ജമാഅത്തെ ഇസ്്ലാമി നേതൃത്വം ഇനിയെങ്കിലും
തയ്യാറാകണം.