prathivaram health
സൂക്ഷിക്കുക! കുട്ടികൾ അകപ്പെടും
ഒരാൾ സൈബർ സെക്‌സിന് അടിമയാണോയെന്ന് തിരിച്ചറിയാൻ ഇന്ന് ഒട്ടേറെ മാർഗങ്ങളുണ്ട്. അവയെക്കുറിച്ച് നമ്മൾ വിശദമായി മനസ്സിലാക്കേണ്ടതുണ്ട്.
കുട്ടികൾ സൈബർ സെക്സിന്റെ ലോകത്തേക്കെത്താൻ നിരവധി കാരണങ്ങളുണ്ട്. അവ ഏതെല്ലാം എന്ന് വിവരിക്കാം.
- സൈബർ സെക്‌സിന് അടിമകളായ രക്ഷിതാക്കളുടെ കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിലൂടെ അവരുടെ കുട്ടികളും ചില ദൃശ്യങ്ങൾ കാണാൻ ഇടവരുന്നു.
- കുട്ടികളെ വേണ്ടവിധത്തിൽ ശ്രദ്ധിക്കാൻ കഴിയാതെ വരുന്നു.
- കുടുംബബന്ധങ്ങളുടെ തകർച്ച കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയെ ബാധിക്കുന്നു.
- മാതാപിതാക്കൾ തമ്മിലുള്ള കലഹത്തിൽ കുട്ടികളും ഇടപെടുന്ന അവസ്ഥയുണ്ടാകുന്നു.
കുടുംബജീവിതത്തെ ബാധിക്കുന്നതെങ്ങനെ?
സൈബർ സെക്‌സ് അഡിക്റ്റുകൾ കമ്പ്യൂട്ടറിലും മൊബൈലിലും അനിശ്ചിതമായി സമയം ചെലവഴിക്കുന്നത് പല വിധത്തിലും ദോഷം ചെയ്യുന്നു. ഇക്കാരണത്താൽ കുടുംബവുമായുള്ള അവരുടെ ബന്ധം വളരെ കുറയുന്നു. അത്തരക്കാരുടെ പങ്കാളികൾ മിക്കപ്പോഴും ഒറ്റപ്പെടൽ, അവഗണന, കടുത്ത ദേഷ്യം എന്നിവ അനുഭവിക്കുന്നവരായിരിക്കും.
ഓൺലൈൻ പങ്കാളികളുമായി സൗഹൃദം പങ്കിടുന്ന പങ്കാളിയെ കാണുന്ന ഇണക്ക് താൻ ഒന്നിനും കൊള്ളില്ലെന്ന തോന്നലുണ്ടാകുന്നു. സൈബർ സെക്‌സ് അടിമകളെ ശാരീരികമായി നേരിടുന്ന പങ്കാളികളുമുണ്ട്. സൈബർ സെക്‌സിനു അടിമയായ പങ്കാളിയോടുള്ള പ്രതികാരം തീർക്കാനായി വിവാഹേതര ബന്ധങ്ങളിൽ ഏർപ്പെടുന്നവരുമുണ്ട്. കടുത്ത വിഷാദവും നിരാശയും അപകർഷതാബോധവും ചില പങ്കാളികളെ ആത്മഹത്യയിലേക്ക് നയിക്കുന്നു.
പങ്കാളികൾ തമ്മിലുള്ള പരസ്പര വിശ്വാസം തകരുന്നത് ദാമ്പത്യജീവിതത്തിൽ വളരെ അപകടകരമാണ്. ലൈംഗിക അരാജകത്വം ബാധിച്ച വലിയൊരു വിഭാഗം ആളുകൾ ഇന്ന് ഇന്റർനെറ്റ് ഇടങ്ങളിലുണ്ട്. മറ്റുള്ളവരെയും അവരുടെ വഴിക്ക് കൊണ്ടുവരാൻ അത്തരക്കാർ എല്ലാ ശ്രമവും നടത്തും. സൈബർ സെക്‌സ് ഉപയോഗശീലത്തെ കുറ്റപ്പെടുത്തുന്ന പങ്കാളികളോട് കടുത്ത ദേഷ്യം പ്രകടിപ്പിക്കുന്ന ഒട്ടേറെ സൈബർ സെക്‌സ് അടിമകളുണ്ട്.
ലൈംഗിക ജീവിതത്തിലെ പ്രശ്നങ്ങൾ
പങ്കാളികളിൽ ഒരാളുടെ സൈബർ സെക്‌സ് അഡിക്ഷൻ ലൈംഗിക ജീവിതത്തെ സാരമായി ബാധിക്കുന്നു. സൈബർ സെക്‌സിനു അടിമകളായവരുടെ പങ്കാളികളിൽ നടത്തിയ പഠനത്തിൽ 94ൽ 63 പേരും അവരുടെ ലൈംഗിക ജീവിതം സുഖകരമല്ലെന്ന് അഭിപ്രായപ്പെട്ടു. സൈബർ സെക്‌സ് അഡിക്റ്റുകളിൽ 52 ശതമാനം പേരും പങ്കാളികളുമായുള്ള ലൈംഗികബന്ധത്തിന് വിമുഖത കാട്ടുന്നവരാണെന്നും പഠനം പറയുന്നു.
ചികിത്സ
മെച്ചപ്പെട്ട സാങ്കേതികവിദ്യയുടെ ഇക്കാലത്ത് സൈബർ സെക്‌സ് അഡിക്ഷനുള്ള ചികിത്സയും വളരെ ശ്രമകരമാണ്. ഇന്ന് കമ്പ്യൂട്ടറും മൊബൈലും സർവസാധാരണമായി ഉപയോഗിക്കുന്നുവെന്നതാണ് ഇതിന്റെ കാരണം. ജോലി, പഠനം എന്നിവക്കായി കമ്പ്യൂട്ടർ ഉപയോഗിക്കുന്നവർ ഓൺലൈൻ സെക്‌സിലേക്ക് വഴിമാറാൻ സാധ്യത വളരെയേറെയാണ്.
തെറാപ്പിസ്റ്റുകൾ ആദ്യമായി പങ്കാളിയിൽനിന്നും വിവരങ്ങൾ ചോദിച്ചറിയുന്നു.
സൈബർ സെക്‌സ് അഡിക്റ്റുകൾ മറ്റേതെങ്കിലും ലഹരിവസ്തുക്കളുടെ അടിമകളാണോയെന്നും തെറാപ്പിസ്റ്റുകൾ മനസ്സിലാക്കുന്നു. ഈ രോഗാവസ്ഥ കുടുംബത്തിന്റെയും സമൂഹത്തിന്റെയും ശാന്തിയെയും സമാധാനത്തെയും ഒരേപോലെ ബാധിക്കുന്നതിനാൽ തെറാപ്പിയിൽ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയുംകൂടി ഉൾപ്പെടുത്തണം. പ്രധാനമായും മൂന്ന് തരത്തിലുള്ള തെറാപ്പികളുണ്ട്.
- ഒരു വ്യക്തിക്ക് മാത്രമായുള്ള തെറാപ്പി.
- ഒരു കൂട്ടം വ്യക്തികൾക്കുള്ള തെറാപ്പി.
- കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി.
കടുത്ത രോഗാവസ്ഥ മറികടക്കാൻ തെറാപ്പികൾക്ക് ചിലപ്പോൾ കഴിയാതെ വരുന്നു. അത്തരം കേസുകളിൽ മരുന്നുപയോഗിച്ചുള്ള ചികിത്സയും വേണ്ടിവരും. വളരെ ഫലപ്രദമായി പ്രവർത്തിച്ചുവരുന്ന സെക്‌സ് അഡിക്ഷൻ അനോനിമസ്, സെക്‌സ് ആൻഡ് ലൗ അഡിക്ഷൻ അനോനിമസ് തുടങ്ങിയ സന്നദ്ധ സംഘടനകളുടെ സേവനവും തേടാവുന്നതാണ്. സൈബർ സെക്‌സ് അടിമകളെയും അവരുടെ ഉറ്റവരെയും സഹായിക്കാനായി ഒട്ടേറെ ഓൺലൈൻ സപ്പോർട്ട് ഫോറങ്ങളും വെബ്‌സൈറ്റുകളും ഇന്നുണ്ട്. സൈബർ സെക്‌സ് ആസ്വാദനം ശീലമാക്കിയവരുടെ പങ്കാളികളുടെ മാനസികാവസ്ഥ തെറാപ്പിസ്റ്റുകൾ ഗൗരവമായി കണക്കിലെടുക്കേണ്ടതാണ്. അവരുടെ കടുത്ത മനോവിഷമം, സ്വയം തോന്നുന്ന അവമതിപ്പ്, ലൈംഗിക ജീവിതത്തിലെ പ്രശ്‌നങ്ങൾ, വൈകാരിക പ്രശ്‌നങ്ങൾ എന്നിവയെല്ലാം തെറാപ്പിസ്റ്റുകൾ പരിഗണിക്കേണ്ടതാണ്.
തെറാപ്പിസ്റ്റുകൾ ശ്രദ്ധിക്കേണ്ടത്
- ഇന്റർനെറ്റിന്റെ മായാലോകത്തെ ലൈംഗിക പങ്കാളികളുമായി മത്സരിക്കാമെന്നത് വെറും മിഥ്യാധാരണയാണെന്ന് സൈബർ സെക്‌സ് അഡിക്റ്റുകളുടെ പങ്കാളികളെ ബോധ്യപ്പെടുത്തുക.
- ശരിയായ തീരുമാനങ്ങളെടുക്കാൻ പങ്കാളികളെ പ്രാപ്തരാക്കുക.
- ഓൺലൈൻ ലൈംഗികതയുമായി കഴിയുന്നവരിൽ നിന്നും വേണ്ട രീതിയിലുള്ള അകലം പാലിക്കാൻ ഇണകളെ സഹായിക്കുക.
- ഈ രംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ സേവനത്തെപ്പറ്റി പങ്കാളികളെ ബോധവത്്കരിക്കുക.ദമ്പതികൾ ഇരുവരും കൂട്ടായ തീരുമാനത്തിലൂടെ പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുന്നതാണ് ഏറ്റവും നല്ലത്. അശ്ലീല വെബ്‌സൈറ്റുകളുടെ ഉപയോഗം തടസ്സപ്പെടുത്തുന്ന സോഫ്റ്റ്‌വെയറുകൾ ഇന്നുണ്ട്. സൈബർ സെക്‌സ് ഗവേഷണരംഗത്തെ വിദഗ്ധനായ ആൽവിൻ കൂപ്പറും കൂട്ടരും ഈ രീതിയാണ് ശിപാർശ ചെയ്യുന്നത്.
തിരിച്ചറിയാനുള്ള മാർഗങ്ങൾ
ഒരാൾ സൈബർ സെക്‌സിന് അടിമയാണോയെന്ന് തിരിച്ചറിയാൻ ഇന്ന് ഒട്ടേറെ മാർഗങ്ങളുണ്ട്. അവയെക്കുറിച്ച് നമ്മൾ വിശദമായി മനസ്സിലാക്കേണ്ടതുണ്ട്.
- സെക്്ഷ്വൽ കംപൽസിവിറ്റി സ്‌കെയിൽ – 10 മുതൽ 40 വരെ പോയിന്റുകളുള്ള സ്‌കെയിലാണിത്. ആളുകളോട് ചോദ്യങ്ങൾ ചോദിച്ച് അവക്കുള്ള മറുപടിയെ ആധാരമാക്കി രോഗനിർണയം നടത്തുന്ന രീതിയാണിത്. ഇതിൽ 18 പോയിന്റിൽ താഴെയുള്ളവർ ഒട്ടും സൈബർ സെക്‌സ് അടിമകളല്ല.
18നും 23നും ഇടയിലുള്ളവർ വളരെ കുറവ് സൈബർ സെക്‌സ് അഡിക്ഷൻ കാണിക്കുമ്പോൾ 24 നും 29 നും ഇടക്കുള്ളവർ മിതമായ രീതിയിലുള്ള സൈബർ സെക്‌സ് അഡിക്ഷൻ പ്രകടമാക്കുന്നവരാണ്. എന്നാൽ 30 പോയിന്റിൽ കൂടുതലുള്ളവർ കടുത്ത സൈബർ സെക്‌സ് അഡിക്റ്റുകളായിരിക്കും. വളരെ വിശ്വാസ്യതയുള്ള രീതിയാണിത്. - സൈബർ സെക്‌സ് സെൽഫ് ടെസ്റ്റ് – ഡോക്ടർ കിംബർലി വികസിപ്പിച്ചെടുത്ത സൈബർ സെക്‌സ് അഡിക്ഷന്റെ ലക്ഷണങ്ങളെപ്പറ്റിയുള്ള പത്ത് ചോദ്യങ്ങൾ ഉൾക്കൊള്ളുന്ന ഈ പരിശോധന വ്യക്തികൾക്ക് സ്വയം നടത്താവുന്നതാണ്.
- സെക്‌സ് ഹെൽപ്പ്.കോം എന്ന വെബ്‌സൈറ്റിന്റെ സഹായത്തോടെയുള്ള ഇന്റർനെറ്റ് സെക്‌സ് സ്‌ക്രീനിംഗ് ടെസ്റ്റ്
- സൊസൈറ്റി ഫോർ അഡ്വാൻസ്‌മെന്റ് ഓഫ് സെക്്ഷ്വൽ ഹെൽത്തിലെ ഗവേഷകനായ റോബ് വിസ് രൂപകൽപ്പന ചെയ്ത സൈബർ സെക്‌സ് അഡിക്ഷൻ സ്‌ക്രീനിംഗ് ചോദ്യാവലി ഉപയോഗിച്ചും രോഗനിർണയം നടത്താം. സൈബർ സെക്‌സ് അഡിക്ഷൻ, ഇന്റർനെറ്റ് അഡിക്ഷൻ, മൊബൈൽ അഡിക്ഷൻ, വീഡിയോ ഗെയിം അഡിക്ഷൻ എന്നിവയെല്ലാം ടെക്‌നോളജിക്കൽ അഡിക്ഷനുകളെന്നാണ് പൊതുവായി അറിയപ്പെടുന്നത്. ഇവയെല്ലാം സാങ്കേതികരംഗത്തെ കുതിച്ചുചാട്ടത്താൽ വളരെ അടുത്ത കാലത്ത് ഉണ്ടായവയാണ്. സാങ്കേതിക വിദ്യയുടെ ഉപയോഗത്തിൽ നിന്നും അതിന് അടിമകളാകുന്ന അവസ്ഥാവിശേഷമാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.സാധാരണ രീതിയിലുള്ള ഉപയോഗവും അസാധാരണമായ ഉപയോഗവും തമ്മിലുള്ള വേർതിരിവ് തിരിച്ചറിയാൻ വളരെ പ്രയാസമേറിയതിനാൽ ഇത്തരം അഡിക്ഷനുകൾ തിരിച്ചറിയാനും വിഷമമാണ്. സാങ്കേതികരംഗത്തെ കുതിച്ചുചാട്ടം ഇന്ന് സമൂഹത്തിന് ഒരേപോലെ ഗുണവും ദോഷവുമാണ്. സമൂഹത്തിന്റെ ആരോഗ്യരംഗത്തും ജീവിതരീതിയിലും വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുകയും പുതിയ കണ്ടുപിടിത്തങ്ങൾക്ക് കാരണമാകുകയും ചെയ്ത സാങ്കേതികത മിക്കതും ജനങ്ങളിൽ ശാരീരികവും മാനസികവുമായ അനാരോഗ്യമുണ്ടാക്കുന്നുവെന്നതാണ് യാഥാർഥ്യം. ഇത്തരം പുതിയ അഡിക്ഷനുകളെ കുറിച്ചുള്ള തിരിച്ചറിവ് ഭീകരമായ രീതിയിലുള്ള അവയുടെ വ്യാപനം തടയാൻ നമ്മേ സഹായിക്കുന്നു.