Connect with us

Malappuram

സൂക്ഷിക്കണം സോഡ: ജില്ലയിൽ അനധികൃത സോഡാ വിപണി സജീവം

Published

|

Last Updated

മലപ്പുറം | ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാതെ സോഡ, സോഫ്ട് ഡ്രിങ്ക് ഉത്പാദനവും വിതരണവും ജില്ലയിൽ സജീവം. പെട്ടിക്കടകൾ മുതൽ വലിയ ഹോട്ടലുകളിൽ വരെ സജീവ സാന്നിധ്യമാണ് സോഡകൾ. എന്നാൽ സോഡ എവിടെ നിന്ന് വരുനെതെന്നോ ഇതിൽ ഉപയോഗിക്കുന്ന വെള്ളം ഗുണനിലവാരമുള്ളതാണെന്നോ ആരും അന്വേഷിക്കാറില്ല.
നല്ല രീതിയിൽ പ്രവർത്തിക്കുന്ന സോഡാ കമ്പനികൾ ഉണ്ടെങ്കിലും യാതൊരു രജിസ്ട്രേഷനുമില്ലാതെ പ്രവർത്തിക്കുന്നവയും കൂട്ടത്തിലുണ്ട്. സോഡ ഉത്പാദന യൂനിറ്റുകൾ ലൈസൻസ് പ്രദർശിപ്പിക്കുകയും കുടിവെള്ളം ആറ് മാസത്തിലൊരിക്കൽ പരിശോധന നടത്തി റിപ്പോർട്ട് കൈവശം വെക്കേണ്ടതുമാണ്. ഇതിന്റെ ഒരു പകർപ്പ് സ്ഥാപനത്തിൽ സൂക്ഷിക്കണം. സ്ഥാപനത്തിലെ ജോലിക്കാർക്ക് നിയമാനുസൃത മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടാകണം.

അംഗീകൃത സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തുന്നുണ്ടെങ്കിലും ഉൾമേഖലകളിലെ ഉത്പാദന കേന്ദ്രങ്ങളെപ്പറ്റി അധികൃതർക്ക് കേട്ടുകേൾവി പോലുമില്ല. നിയമാനുസരണമുള്ള ലേബൽ ഇല്ലാതെ സോഡ വിൽക്കാൻ പാടില്ല. എന്നാൽ പഴയ സെവൻ അപ്പ്, കൊക്കക്കോള കുപ്പികളിലാണ് പല ചെറുകിട ഉത്പാദകരും സോഡ നിറച്ച് കൊണ്ടുവരുന്നത്.
യഥാർഥ ഉത്പാദകന്റെ പേര് എവിടെയും കാണില്ല. വെയിലിന് ചൂട് പിടിച്ചതോടെ അനധികൃത സോഡാ വിപണിയും സോഫ്റ്റ് ഡ്രിങ്ക് ഉത്പാദനവും കൂടിയിരിക്കുകയാണ്.

വെള്ളം മോശമായാൽ തീർന്നു
ശുദ്ധജലത്തിൽ കാർബൺഡൈ ഓക്സൈഡ് ചെറിയ മർദത്തിൽ ലയിപ്പിക്കുന്നതാണ് സോഡ. കാർബൺഡൈ ഓക്സൈഡ് വളരെക്കുറച്ച് മാത്രമേ വെള്ളത്തിൽ ലയിക്കുകയുള്ളൂ. സോഡ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണെങ്കിൽ സോഡ കുടിക്കുന്നതുകൊണ്ട് ഒരു ദോഷവുമില്ല.
ശുദ്ധമല്ലാത്ത ജലസ്രോതസ്സുകളിൽ നിന്നെടുക്കുന്ന വെള്ളം ഉപയോഗിച്ച് നിർമിക്കുന്ന സോഡ വയറിളക്കം വിളിച്ചുവരുത്തും. സോഡയുടെ സുരക്ഷിതത്വം അത് നിർമിക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ടിരിക്കുന്നു.

കുപ്പിയിലുണ്ടാകണം
ലേബലിൽ സോഡയുടെ പേര് (ഇംഗ്ലീഷിലും മലയാളത്തിലും) ഉണ്ടായിരിക്കൽ നിർബന്ധമാണ്. ബാച്ച് നമ്പർ, ചേരുവകളുടെയും പോഷക ഘടകങ്ങളുടെയും വിവരങ്ങൾ, വെജിറ്റേറിയൻ അടയാളം, കളർ പ്രിസർവേറ്റീവ് വിവരങ്ങൾ, ഉപയോഗിക്കേണ്ട അവസാന തീയതി, വില, വിലാസം, ലൈസൻസ് നമ്പർ എന്നിവ കുപ്പിയിൽ നിർബന്ധമാണ്. മറ്റ് കമ്പനികളുടെ കുപ്പിയാണെങ്കിൽ സ്വന്തം സ്ഥാപനത്തിന്റെ ലേബൽ ഒട്ടിക്കണം. മറ്റ് കമ്പനികളുടെ കുപ്പികളിൽ സോഡ വിൽക്കുന്നത് ക്രിമിനൽ കുറ്റമാണ്.