alappuzha twin murder
സൈബർ ധ്രുവീകരണത്തിനപ്പുറം മനുഷ്യ ഹത്യയുടെ രാഷ്ട്രീയവുമായി ബി ജെ പിയും എസ് ഡി പി ഐയും
രണ്ടുകൂട്ടർക്കും വേണ്ട ഭയവും വിദ്വേഷവും വെറുപ്പും ചോരയും ശവശരീരങ്ങളും പരസ്പരം അറിഞ്ഞുതന്നെ കൊടുക്കുന്നു, പങ്കിടുന്നു.
തിരഞ്ഞെടുപ്പുകളിലൂടെ കേരള സംസ്ഥാനത്ത് വേരുറപ്പിക്കാൻ കഴിയാതെ വരുന്ന സാഹചര്യത്തിൽ ബി ജെ പിയും എസ് ഡി പി ഐയും അവരുടെ ആശയ നേതൃത്വങ്ങളായ ആർ എസ് എസും പി എഫ് ഐയും കേരളത്തിൽ കലാപങ്ങൾ നടപ്പിലാക്കുന്ന നെറികെട്ട രാഷ്ട്രീയമാണ് പുറത്തെടുക്കുന്നതെന്നും ഇത് തടയാനോ മനസ്സിലാക്കാനോ ആഭ്യന്തര വകുപ്പിന് കഴിയാത്തത് നിരാശയുളവാക്കുന്നുവെന്നും കോൺഗ്രസ് നേതാവ് ടി എൻ പ്രതാപൻ എം പി. സൈബർ ഇടങ്ങളിലെ ധ്രുവീകരണത്തിന് അപ്പുറത്തേക്ക് മനുഷ്യ ഹത്യയുടെ രാഷ്ട്രീയമായി ബി ജെ പിയുടെയും എസ് ഡി പി ഐയുടെയും നിലപാട് മാറുന്നത് അംഗീകരിക്കാനാവില്ല. ആർ എസ് എസും പി എഫ് ഐയും തമ്മിൽ ശക്തമായ അന്തർധാരകളുണ്ട്. രണ്ടുകൂട്ടർക്കും വേണ്ട ഭയവും വിദ്വേഷവും വെറുപ്പും ചോരയും ശവശരീരങ്ങളും പരസ്പരം അറിഞ്ഞുതന്നെ കൊടുക്കുന്നു, പങ്കിടുന്നു. ആർ എസ് എസിനെ ആക്രമിച്ചാൽ ഇവിടുത്തെ മുസ്ലിംകളുടെ ഉള്ളിൽ കയറിക്കൂടാമെന്ന് പി എഫ് ഐയോ, പി എഫ് ഐയെ ആക്രമിച്ചാൽ ഇവിടുത്തെ ഹിന്ദുക്കളുടെ ഉള്ളിൽ കയറിക്കൂടാമെന്ന് ആർ എസ് എസ്സോ കരുതേണ്ടതില്ല. അത് അനുവദിക്കില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് പൂർണരൂപത്തിൽ:
കേരളത്തെ നടുക്കുന്ന വർഗ്ഗീയ-രാഷ്ട്രീയ കൊലപാതകങ്ങൾ മാനവികതക്കു നേരെയുള്ള സംഘടിത ആക്രമണമാണ്. ഇത്തരത്തിലുള്ള ഓരോ കൊലപാതകങ്ങളും ഓരോരോ പാർട്ടിക്കും സംഘടനക്കും ഒരു രക്തസാക്ഷിയെയോ ബലിദാനിയേയോ നൽകുന്നു എന്നാണ് ഈ ഭ്രാന്ത് പിടിച്ച രാഷ്ട്രീയം പറയുന്നത്. എന്നാൽ ഒരു കുടുംബത്തിന്റെ വലിയ പ്രതീക്ഷയാണ് നഷ്ടപ്പെടുന്നത് എന്ന് ആരും മനസ്സിലാക്കുന്നില്ല. മകൻ, അച്ഛൻ, ഭർത്താവ്, സഹോദരൻ എന്നിങ്ങനെ പലർക്കും ഇനിയാരാലും ഒരു സ്മാരകത്താലും പകരമാവാത്ത ഒരു ബന്ധമാണ് ഇല്ലാതാകുന്നത്.
ആർ എസ് എസും പി എഫ് ഐയും തമ്മിൽ ശക്തമായ അന്തർധാരകളുണ്ട്. പരസ്പരം രണ്ടുകൂട്ടർക്കും വേണ്ട ഭയവും വിദ്വേഷവും വെറുപ്പും ചോരയും ശവശരീരങ്ങളും രണ്ടു കൂട്ടരും അറിഞ്ഞുതന്നെ കൊടുക്കുന്നു, പങ്കിടുന്നു. ആർ എസ് എസിനെ ആക്രമിച്ചാൽ ഇവിടുത്തെ മുസ്ലിംകളുടെ ഉള്ളിൽ കയറിക്കൂടാമെന്ന് പി എഫ് ഐയോ, പി എഫ് ഐയെ ആക്രമിച്ചാൽ ഇവിടുത്തെ ഹിന്ദുക്കളുടെ ഉള്ളിൽ കയറിക്കൂടാമെന്ന് ആർ എസ് എസ്സോ കരുതേണ്ടതില്ല. അത് അനുവദിക്കില്ല.