Connect with us

Articles

പഹല്‍ഗാമിന്റെ മറവിലെ മതദ്വേഷത്തിനപ്പുറം

2019ല്‍ 370ാം അനുഛേദം എടുത്തുകളഞ്ഞതോടെ താഴ്്വര ഭരിക്കുന്നത് ഡല്‍ഹിയില്‍ നിന്നാണ്. അവിടുത്തെ പോലീസ്, സൈനിക സന്നാഹങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്വവും കേന്ദ്രത്തിനാണ്. പഹല്‍ഗാമില്‍ നിരപരാധികളായ സഞ്ചാരികളുടെ ജീവന്‍ കവരാന്‍ ഭീകരവാദികള്‍ക്ക് വഴി തുറന്നുകൊടുത്ത സുരക്ഷാ വീഴ്ചക്ക് ലോകത്തോട് മറുപടി പറഞ്ഞേ മറ്റുള്ളവരെ കുറ്റപ്പെടുത്താന്‍ ഭരണകൂടത്തിന് അര്‍ഹതയുള്ളൂ.

Published

|

Last Updated

ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവത് നിര്‍ണായക ഘട്ടങ്ങളില്‍ മുന്നോട്ടുവെക്കുന്ന അഭിപ്രായങ്ങളും നിരീക്ഷണങ്ങളും നിഷ്പക്ഷമാണെന്ന് ചിലരെങ്കിലും തെറ്റിദ്ധരിച്ചേക്കാം. എന്നാല്‍ ആഴത്തില്‍ അപഗ്രഥിച്ചാല്‍ അതാവാഹിക്കുന്ന വര്‍ഗീയത എളുപ്പത്തില്‍ കണ്ടുപിടിക്കാനാകും. പഹല്‍ഗാം തീവ്രവാദ ആക്രമണത്തിനു ശേഷം “ഇത് ധര്‍മവും അധര്‍മവും തമ്മിലുള്ള പോരാട്ടമാണ്’ എന്നദ്ദേഹം ആവര്‍ത്തിച്ചത് ഹിന്ദു മതവും ഇസ്‌ലാമും തമ്മില്‍ താരതമ്യം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്. ഏത് മതക്കാരനാണെന്ന് ചോദിച്ചറിഞ്ഞാണ് വെടിവെച്ചതെന്നും ഹിന്ദുക്കള്‍ ഒരിക്കലും ഇത്തരം നീചപ്രവൃത്തി ചെയ്യില്ലെന്നും ഭാഗവത് പറയുമ്പോള്‍ എത്ര പെട്ടെന്നാണ് അദ്ദേഹം ഗുജറാത്ത് മറന്നതെന്ന് ആരും ചോദിച്ചുപോകാം. സംഘ് സേവകരെ കടലാസും പേനയും കൊടുത്തുവിട്ട് ഓരോ ഗല്ലിയിലെയും താമസക്കാരുടെ പേരും മതവും ജോലിയും എഴുതി തയ്യാറാക്കിയാണ് 2002ലെ വംശഹത്യ പൂര്‍ത്തിയാക്കിയതെന്ന് കോടതിയില്‍ പോലും സമ്മതിച്ച സത്യമാണ്. തീവ്രവാദികള്‍ ദുഷ്‌കൃത്യങ്ങള്‍ ചെയ്യുന്നത് തങ്ങളുടെ മതത്തോടുള്ള കൂറോ പ്രതിബദ്ധതയോ കൊണ്ടല്ലെന്നും വികല ചിന്തയാല്‍ വികൃതമായ മനസ്സ് കൊണ്ടാണെന്നും മനസ്സിലാകാത്തയാളല്ല ഭാഗവത്. എന്നാല്‍ “ഒരു സുവര്‍ണാവസരം’ വീണുകിട്ടിയപ്പോള്‍ ഇസ്‌ലാം ഭത്സനത്തിന് അത് ഉപയോഗപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ ആവേശം അടിഞ്ഞുകൂടിയ മതദ്വേഷത്തെ തൊട്ടുകാണിക്കുന്നു.

അസമിലെ “കുടുംബ സുരക്ഷാ പരിഷത്’ എന്ന ഹൈന്ദവ കൂട്ടായ്മ അന്തരീക്ഷം മുതലെടുത്ത് വിശുദ്ധ ഖുര്‍ആനിനെതിരെയാണ് തിരിഞ്ഞിരിക്കുന്നത്. ഇന്ത്യയോടുള്ള അടങ്ങാത്ത കലി തീര്‍ക്കാന്‍ പാകിസ്താന്‍ സര്‍ക്കാറിന്റെയോ ഏജന്‍സികളുടെയോ ഒത്താശയോടെ ഇന്ത്യന്‍ മണ്ണില്‍ ക്രൂരത കാട്ടുന്നവരുടെ ചെയ്തികള്‍ക്ക് ഖുര്‍ആന്‍ എന്തുപിഴച്ചുവെന്ന ചോദ്യത്തിന് ഇത്തരം ഘട്ടങ്ങളില്‍ ഉത്തരം കിട്ടില്ല. സംഘര്‍ഷഭരിതമായ സാമൂഹികാന്തരീക്ഷം മുതലെടുത്ത് മതവൈരം ആളിക്കത്തിക്കാനും ഇസ്‌ലാമോഫോബിയ പടര്‍ത്താനുമുള്ള സംഘ്പരിവാറിന്റെ വ്യാപക ശ്രമങ്ങളാണ് നമ്മുടെ കണ്‍മുമ്പില്‍ കെട്ടഴിഞ്ഞു വീഴുന്നത്. ഈ നീക്കത്തിന് നേതൃത്വം കൊടുക്കുന്നതാകട്ടെ ഉത്തരവാദപ്പെട്ട പദവികളിലിരിക്കുന്നവരാണെന്ന ദൗര്‍ഭാഗ്യകരമായ സ്ഥിതിവിശേഷം ഹിന്ദുത്വ കാലത്തെ നയതന്ത്ര അപചയത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. തീര്‍ത്തും രാഷ്ട്രീയമായി കൈകാര്യം ചെയ്യേണ്ട ഒരു വെല്ലുവിളിയെ മതത്തിന്റെ പദാവലികള്‍ ഉപയോഗിച്ച്, പ്രതികാരത്തിന്റെ ക്രൗര ഭാവങ്ങള്‍ കാട്ടി ഹിന്ദുത്വരെ ഉന്മത്തരാക്കുന്ന നിരുത്തരവാദ ശൈലി കണ്ട് ലോകം അമ്പരക്കുകയാണ്. നാല് ദിവസത്തെ സഊദി സന്ദര്‍ശനം വെട്ടിച്ചുരുക്കി സ്വദേശത്തേക്ക് പറന്നെത്തിയ പ്രധാനമന്ത്രി മോദി ഭീകരാക്രമണത്തെ കുറിച്ച് ചര്‍ച്ച ചെയ്ത സര്‍വ കക്ഷി യോഗത്തില്‍ പങ്കെടുക്കുകയോ ദുരന്തം അരങ്ങേറിയ കശ്മീര്‍ താഴ്്വര സന്ദര്‍ശിക്കുകയോ മരിച്ചവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുകയോ മരണവുമായി ആശുപത്രികളില്‍ മല്ലടിക്കുന്ന ഇരകളെ നേരില്‍ കാണാന്‍ മെനക്കെടുകയോ ചെയ്യാതെ ബിഹാറിലെ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങി പാകിസ്താനെ വെല്ലുവിളിക്കുന്നു. “ഭീകരതയുടെ അവശേഷിക്കുന്ന മണ്ണ് തുടച്ചുനീക്കേണ്ട സമയമായിരിക്കുന്നു’ എന്ന വാക്കുകള്‍ കേട്ട് സാമാന്യജനം- മോദി പ്രതീക്ഷയര്‍പ്പിച്ച വോട്ടര്‍മാര്‍, കൈയടിച്ചതോടെ തന്റെ ദൗത്യം വിജയിച്ചുവെന്ന് അദ്ദേഹം ആഹ്ലാദിക്കുന്നുണ്ടാകാം. ലോകത്തോട് സംവദിക്കാനുള്ള ആവേശത്തില്‍ ഇതേ ആശയം ഇംഗ്ലീഷില്‍ അദ്ദേഹം ഭാഷാന്തരം ചെയ്തു. “ബിഹാറിന്റെ മണ്ണില്‍ നിന്നാണ് ഞാന്‍ ഇത് പറയുന്നതെന്ന്’ കൂട്ടിച്ചേര്‍ക്കാനും മറന്നില്ല. കശ്മീരില്‍ വെച്ചായിരുന്നു പാകിസ്താന് അത്തരമൊരു താക്കീത് നല്‍കിയിരുന്നതെങ്കില്‍ അതിന് ചരിത്രപരമായും വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങളുമായും ഒട്ടേറെ സാംഗത്യമുണ്ടാകുമായിരുന്നു. കാരണം, 2019ല്‍ 370ാം അനുഛേദം എടുത്തുകളഞ്ഞതോടെ താഴ്്വര ഭരിക്കുന്നത് ഡല്‍ഹിയില്‍ നിന്നാണ്. അവിടുത്തെ പോലീസ്, സൈനിക സന്നാഹങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്വവും കേന്ദ്രത്തിനാണ്. ഗാന്ധിവധത്തില്‍ സര്‍ദാര്‍ പട്ടേലിന് സംഭവിച്ച ചരിത്രത്തിലെ ഏറ്റവും ലജ്ജാകരമായ സുരക്ഷാ വീഴ്ചയെ ഓര്‍മിപ്പിക്കുമാറ്, പഹല്‍ഗാമില്‍ നിരപരാധികളായ സഞ്ചാരികളുടെ ജീവന്‍ കവരാന്‍ ഭീകരവാദികള്‍ക്ക് വഴി തുറന്നുകൊടുത്ത സുരക്ഷാ വീഴ്ചക്ക് ലോകത്തോട് മറുപടി പറഞ്ഞേ മറ്റുള്ളവരെ കുറ്റപ്പെടുത്താന്‍ ഭരണകൂടത്തിന് അര്‍ഹതയുള്ളൂ. അതിര്‍ത്തിയില്‍ നിന്ന് 200 കി. മീറ്റര്‍ ഉള്ളിലോട്ട് കടന്ന് പട്ടാപ്പകല്‍, പഹല്‍ഗാമിന്റെ ശാന്തമായ പുല്‍മേടുകളില്‍ രക്തം വീഴ്ത്താന്‍ അവസരം ഒരുക്കിക്കൊടുത്ത കെടുകാര്യസ്ഥതക്ക് ഉത്തരം നല്‍കിയ ശേഷം മതി രാജ്യവാസികളുടെ കണ്ണില്‍ പൊടിയിടാനും പ്രത്യക്ഷമായി തന്നെ മതദ്വേഷത്തിന്റെ രാഷ്ട്രീയമെടുത്ത് പയറ്റാനും. ഇതുവരെ പാകിസ്താന്‍ ചാരന്മാരായി ഇവിടെ നിന്ന് കൈയോടെ പിടികൂടിയതില്‍ ഒരു മുസ്‌ലിമും ഉണ്ടായിരുന്നില്ലെന്നും മര്‍മ പ്രധാനമായ പ്രതിരോധ സ്ഥാപനങ്ങളില്‍ നിന്നും സന്നാഹങ്ങളില്‍ നിന്നും പിടികൂടപ്പെട്ടവരെല്ലാം സംഘ്പരിവാര്‍ ചിന്താഗതിക്കാരാണെന്നും തെളിഞ്ഞിട്ടും എന്തിനീ വിവേചനം? യുദ്ധകാലത്തായാലും സമാധാന വേളയിലായാലും വൈകാരികതയല്ല വിവേകമല്ലേ മുറുകെ പിടിക്കേണ്ടത്?

പാരസ്പര്യത്തിന്റെ പച്ചത്തുരുത്ത്
പഹല്‍ഗാം ദുരന്തത്തിനു ശേഷം ലോകത്തിന്റെ ശ്രദ്ധ കശ്മീരിലേക്ക് കേന്ദ്രീകരിക്കുമ്പോള്‍ ഇതുവരെ പലരും വെച്ചുപുലര്‍ത്തിയ അബദ്ധ ധാരണകള്‍ തിരുത്തപ്പെടുന്നു എന്നതാണ് പോസിറ്റീവായ ഏക വശം. ഭീകരവാദികളില്‍ നിന്ന് വിനോദ സഞ്ചാരികളെ രക്ഷിക്കാനും അവര്‍ക്ക് പരമാവധി സുരക്ഷ ഉറപ്പാക്കാനും കശ്മീരികള്‍ കാണിച്ച ഔത്സുക്യം എത്ര ഹൃദയനൈര്‍മല്യത്തോടെയാണ് ഇന്ത്യയിലെ സഹോദരങ്ങളെ അവര്‍ നോക്കിക്കാണുന്നതെന്ന് സമര്‍ഥിക്കുന്നുണ്ട്. ഭീകരവാദിയുടെ കൈയില്‍ നിന്ന് തോക്ക് തട്ടിപ്പറിച്ച് തന്റെ അതിഥിയുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ രക്തസാക്ഷ്യം വഹിച്ച ശൈഖ് ആദില്‍ ഹുസൈന്‍ ഷാ എന്ന യുവാവ് ലോകത്തിന്റെ ടൂറിസ്റ്റ് ചരിത്രത്തിലെ അപൂര്‍വ ഓര്‍മയായി ശേഷിക്കും. പാരസ്പര്യത്തിന്റെ സാംസ്‌കാരിക സമേകത മുറുകെ പിടിക്കുന്ന കശ്മീരികളുടെ യഥാര്‍ഥ പ്രതിനിധിയായിരുന്നു അദ്ദേഹം. അവരില്‍ ഭൂരിഭാഗവും മുസ്‌ലിംകളാണ്. അവരുടെ മനസ്സുകളെ കലുഷിതമാക്കാന്‍ ഒരു ശക്തിക്കും ഇതുവരെ കഴിഞ്ഞിട്ടില്ല.
തീവ്രവാദികളെ അവര്‍ വെറുക്കുന്നു; ഭയക്കുന്നു. അവരുടെ പ്രതിബദ്ധത അവര്‍ ചെയ്യുന്ന തൊഴിലിനോടും അതിഥികളെ സഹോദരങ്ങളായി കാണുന്ന സൂഫിസ്റ്റിക് ഇസ്‌ലാമും കശ്മീരിയത്തും സംഗമിക്കുന്ന സംസ്‌കൃതിയോടുമാണ്. സംഭ്രാന്തി നിറഞ്ഞ ഒരു രാവിന്റെ കഥ പറയുന്നിടത്ത് തനിക്ക് തുണയായി വര്‍ത്തിച്ച രണ്ട് കശ്മീരി ചെറുപ്പക്കാരെ കുറിച്ച്, അവര്‍ തനിക്കു വീണുകിട്ടിയ സഹോദരങ്ങളെന്ന് വിശേഷിപ്പിക്കാന്‍ മാധ്യമങ്ങളുടെ മുന്നില്‍ ആവേശം കാണിച്ച ആരതി എന്ന കൊച്ചിക്കാരിയുടെ ആര്‍ജവം നല്ലൊരു പാഠമാണ്. വെറുപ്പ് ഉത്പാദിപ്പിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ പോലും പരക്കം പായുമ്പോഴാണ് ഈ യുവതി മനുഷ്യത്വത്തിന്റെ ഉദാത്ത ഭാവം പുറത്തെടുത്തത്.

കൂട്ടക്കുരുതിയുടെ വിവരമറിഞ്ഞതോടെ കശ്മീര്‍ നിശബ്ദതയില്‍ അലിഞ്ഞുചേര്‍ന്ന് അശ്രു പൊഴിക്കുകയായിരുന്നു. ഭീകരവാദികളെ തള്ളിപ്പറഞ്ഞും തങ്ങളുടെ നാട് കുട്ടിച്ചോറാക്കുന്ന ഭരണകൂടങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയും അവര്‍ പ്രതിഷേധ റാലികള്‍ നടത്തുന്നുണ്ടായിരുന്നു. താഴ്്വരയുടെ സ്വാസ്ഥ്യം കെടുത്തിയ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കിരാത ചെയ്തികളാണ് എല്ലാ ദുരന്തങ്ങള്‍ക്കും മൂലകാരണമെന്ന് അവര്‍ ഉറച്ചുവിശ്വസിക്കുന്നു.
അതിര്‍ത്തിക്കപ്പുറത്തുമിപ്പുറത്തും വെറുപ്പും വൈരവും തളം കെട്ടി നിന്ന 1948 മുതല്‍, രക്തപങ്കിലമായ പിറവിയുടെ ചരിത്രം വകഞ്ഞുമാറ്റി പരസ്പര ധാരണയുടെ പുതിയ അധ്യായം കുറിച്ചിടാന്‍ ആഗ്രഹിച്ച രാഷ്ട്രീയ, ഭരണ നേതൃത്വത്തെ പരാജയപ്പെടുത്തിയത് തീവ്ര ചിന്താഗതിക്കാരായിരുന്നു. ഇരു രാജ്യങ്ങളിലെയും ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനാണ് സ്വാതന്ത്ര്യത്തിന്റെ പുലരിയില്‍ നെഹ്‌റു- ലിയാഖത്തലി ഖാന്‍ ഉടമ്പടി ഒപ്പുവെച്ചത്. പിന്നീട് ഇന്‍ഡസ് കരാറിലൂടെ ജീവജലം കൈമാറാന്‍ തീരുമാനിച്ചു. അതിര്‍ത്തിയില്‍ ശാശ്വത സമാധാനം പുലരുമെന്ന പ്രതീക്ഷയിലാണ് ഇന്ദിരാ ഗാന്ധിയും സുല്‍ഫിക്കര്‍ അലി ഭൂട്ടോയും ഷിംല കരാറില്‍ ഒപ്പുവെച്ചത്. ഒ വി വിജയന്‍ ഈ കാലഘട്ടത്തെ ഇന്ത്യ-പാക് റൊമാന്റിക് പിരീയഡ് ആയാണ് വിശേഷിപ്പിച്ചത്. ഇന്ത്യ-പാക് ബന്ധം പുഷ്‌ക്കലിച്ചു നിന്നത് എ ബി വാജ്പയി പ്രധാനമന്ത്രിയായിരുന്നപ്പോഴാണ്. ലാഹോര്‍ ബസ് യാത്രയോടെ അതിര്‍ രേഖകള്‍ താനേ മാഞ്ഞുതുടങ്ങിയിരുന്നു. എല്‍ കെ അദ്വാനി മുഹമ്മദലി ജിന്നയുടെ ഖബര്‍സ്ഥാന്‍ സന്ദര്‍ശിച്ച് അദ്ദേഹത്തിന്റെ മഹത്വം ഉദ്‌ഘോഷിച്ചപ്പോള്‍ അന്നത്തെ ആര്‍ എസ് എസ് തലവന്‍ ആഭ്യന്തര വകുപ്പില്‍ നിന്ന് അദ്വാനിയെ താഴെയിറക്കാനുള്ള ശ്രമവുമായി ഇറങ്ങിത്തിരിച്ചു. ആ “ബാഹ്യശക്തികള്‍’ തന്നെയാണ് ഇപ്പോഴും അണിയറയില്‍ കരുക്കള്‍ നീക്കുന്നത്.

---- facebook comment plugin here -----

Latest