Connect with us

ശാസ്ത്രം

ആകാശമേടക്കുമപ്പുറം...

ആകാശമേടക്കുമപ്പുറം പുതിയ കണ്ടെത്തലുകള്‍ക്കായി പറന്നു നടക്കുന്ന മനുഷ്യര്‍ ഇപ്പോഴും നമുക്കൊക്കെ ഒരു വിസ്മയമാണ്. ഒരു ബഹിരാകാശ യാത്രികനെ അടുത്ത് കണ്ടാല്‍ ചോദിക്കാനായിരം ചോദ്യങ്ങളും നമുക്കുണ്ടാകും. നാസയുടെ ചിറകിലേറി ആകാശങ്ങള്‍ കീഴടക്കിയ സ്റ്റീവ് ലി സ്മിത്ത് എന്ന ബഹിരാകാശ യാത്രികന്‍ ഭൂമിയെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചും മനസ്സ് തുറന്നപ്പോള്‍ കൗതുകത്തിനപ്പുറം അത് പുതിയ അറിവുകളിലേക്കുള്ള വഴിതുറക്കലായിരുന്നു.

Published

|

Last Updated

പ്രപഞ്ചരഹസ്യങ്ങള്‍ തേടി മനുഷ്യവംശം ആകാശത്തേക്ക് ഉറ്റുനോക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി. അറിവ് തേടിയുള്ള മനുഷ്യന്റെ ഭഗീരഥ പ്രയത്‌നങ്ങള്‍ക്കിടയിലെപ്പോഴൊക്കെയോ പ്രപഞ്ചം അതിന്റെ രഹസ്യച്ചെപ്പുകള്‍ തുറന്നു. അപ്പോഴും പറഞ്ഞറിയിക്കാന്‍ കഴിയാത്ത മാസ്മരിക ലോകത്തിന്റെ, എണ്ണിയാലൊടുങ്ങാത്ത നിറങ്ങളുടെ താളുകളില്‍ കുറിച്ച പ്രപഞ്ചത്തിന്റെ രഹസ്യ ഭാഷ അത്ര കൃത്യമായി മനുഷ്യന് പിടികിട്ടിയില്ല. പക്ഷേ, അനന്തമായ അറിവ് തേടിയുള്ള യാത്ര ഇപ്പോഴും മനുഷ്യന്‍ തുടർന്നുകൊണ്ടേയിരിക്കുന്നു.

ആകാശമേടക്കുമപ്പുറം പുതിയ കണ്ടെത്തലുകള്‍ക്കായി പറന്നു നടക്കുന്ന മനുഷ്യര്‍ ഇപ്പോഴും നമുക്കൊക്കെ ഒരു വിസ്മയമാണ്. ഒരു ബഹിരാകാശ യാത്രികനെ അടുത്ത് കണ്ടാല്‍ ചോദിക്കാനായിരം ചോദ്യങ്ങളും നമുക്കുണ്ടാകും. നാസയുടെ ചിറകിലേറി ആകാശങ്ങള്‍ കീഴടക്കിയ സ്റ്റീവ് ലി സ്മിത്ത് എന്ന ബഹിരാകാശ യാത്രികന്‍ ഭൂമിയെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചും മനസ്സ് തുറന്നപ്പോള്‍ കൗതുകത്തിനപ്പുറം അത് പുതിയ അറിവുകളിലേക്കുള്ള വഴിതുറക്കലായിരുന്നു.

ഇങ്ങനെയാണ് ഭൂമി

സൗരയൂഥത്തില്‍ മറ്റൊരു ഗ്രഹത്തിനുമില്ലാത്ത രീതിയില്‍ കടുംനീല നിറം. ഇന്ദ്രനീലം പോലെ വെട്ടിത്തിളങ്ങുന്ന സമുദ്രത്തില്‍ ഒറ്റ ദ്വീപായി ഭൂമി. അതിമനോഹരമാണ് കാഴ്ച. ബഹിരാകാശത്ത് നിന്നുള്ള ഭൂമിക്കാഴ്ചയെക്കുറിച്ച് സ്റ്റീവ് ലി സ്മിത്ത് വാചാലനായി. ഭൂമിയിലേക്ക് നോക്കുമ്പോള്‍ നീലമഹാസമുദ്രത്തിന് നടുവിലെ ഒറ്റദ്വീപ് പോലെയാണ് തോന്നുകയെന്ന് സ്മിത്ത് ആവര്‍ത്തിക്കുന്നു. ആദ്യ ബഹിരാകാശ യാത്രയും കാഴ്ചയുമെല്ലാം ഇപ്പോഴും കണ്‍മുന്നിലുണ്ട്. പിന്നീട് 2014ല്‍ ബഹിരാകാശയാത്ര ചെയ്തപ്പോഴും ഭൂമിക്ക് അതേ സൗന്ദര്യം. ഈ മനോഹരമായ ഭൂമിയെ സംരക്ഷിച്ച് നിര്‍ത്തേണ്ടത് അത്യാവശ്യമാണ്.

ഭൂമി മനുഷ്യരാശിക്ക് ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ ഗ്രഹമായി തുടരുകയാണ് ഇപ്പോഴും. മനുഷ്യര്‍ക്ക് ജീവിക്കാന്‍ പറ്റിയ സ്ഥലം ഇത് തന്നെയാണ്. ഭൂമിയില്‍ ജനസംഖ്യ വര്‍ധിക്കുമ്പോള്‍ ചൊവ്വയില്‍ ആളുകളെ പുനരധിവസിപ്പിക്കാനുള്ള വഴികള്‍ കണ്ടെത്തിയ സമയമാണിതെന്ന് ചിലര്‍ പറഞ്ഞേക്കാം. എന്നാല്‍ ഭൂമിയെ മരണക്കിടക്കയിലേക്ക് തള്ളിവിട്ട് മറ്റ് ഗ്രഹങ്ങളിലേക്ക് കുടിയേറാമെന്ന മനുഷ്യന്റെ ആഗ്രഹം അത്ര പെട്ടെന്നൊന്നും സഫലമാകില്ല.

ചന്ദ്രനിലേക്കെത്ര ദൂരം

ഭൂമിയില്‍ നിന്ന് ചൊവ്വയിലേക്കുള്ള യാത്രക്ക് ഒമ്പത് മാസമാണ് കാലയളവ്. എന്നാല്‍ ചന്ദ്രനിലേക്ക് മൂന്ന് ദിവസത്തിനുള്ളില്‍ എത്തിച്ചേരാനാകും. ഇത്തരം കുടിയേറ്റങ്ങള്‍ സംഭവിക്കാം. എന്നാലത് ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമായിരിക്കും. അടുത്ത രണ്ട് നൂറ്റാണ്ടുകളില്‍ അങ്ങനെ സംഭവിക്കണമെന്നില്ല. അതേ സമയം ഭൂമിയില്‍ വന്നിടിച്ച് മനുഷ്യകുലം നശിക്കുന്ന രീതിയില്‍ ഉല്‍ക്ക വരികയാണെങ്കില്‍ എങ്ങനെ നേരിടണമെന്നതിനെക്കുറിച്ച് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. നാസയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും ചേര്‍ന്ന് ഇതിനായി ഒട്ടേറെ പദ്ധതികളുണ്ടാക്കിയിട്ടുണ്ട്. ഉല്‍ക്ക വന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ അറിയാനാകും. ഭൂമിയില്‍ ഇടിക്കാതെ ഉല്‍ക്കയുടെ ഗതി തിരിച്ചുവിടുന്നതാണ് ഈ മേഖലയിലെ ഗവേഷണ പദ്ധതികള്‍.

അന്യഗ്രഹ ജീവി

ഈ പ്രപഞ്ചത്തില്‍ മറ്റെവിടെയെങ്കിലും ജീവനുണ്ടാകാന്‍ സാധ്യതയുണ്ടാകാം. സൗരയൂഥം (ഭൂമിയും) ഉള്‍പ്പെടുന്ന താരാപഥമായ ക്ഷീരപഥം എന്ന് വിളിക്കുന്ന നക്ഷത്ര സമൂഹത്തിലെ അംഗം മാത്രമാണ് ഭൂമി. സൂര്യനെപ്പേലെ 200 കോടി നക്ഷത്രങ്ങള്‍ വേറെയുമുണ്ട്.ക്ഷീരപഥം പോലെ മറ്റനേകം ഗാലക്‌സികളും ഉണ്ട്. അതുകൊണ്ട് തന്നെ മറ്റെവിടെയെങ്കിലും ജീവന്‍ ഉണ്ടാകാമെന്നാണ് അനുമാനം. അന്യഗ്രഹ ജീവികളെക്കുറിച്ചും മറ്റും സൂചിപ്പിക്കുന്ന അണ്‍ഐഡന്റിഫൈഡ് ഫ്‌ളൈയിംഗ് ഒബ്ജക്ട് എന്ന മേഖലയിലുള്‍പ്പെടെ നിർമിത ബുദ്ധി പഠനം വലിയ സാധ്യതകള്‍ തുറക്കുന്നു. വ്യക്തിപരമായി അന്യഗ്രഹ ജീവി എന്ന സങ്കൽപ്പത്തില്‍ തനിക്ക് വിശ്വാസമില്ല. ഇതിലേക്ക് എത്തുന്ന കണ്ടുപിടിത്തങ്ങള്‍ ഇനി ഉണ്ടായേക്കാം.

സ്‌പേസ് ടൂറിസത്തിന്റെ സാദ്ധ്യതകൾ

ബഹിരാകാശ ശാസ്ത്രത്തില്‍ ഏറ്റവും ചെറിയ ഭാഗമാണ് സ്‌പേസ് ടൂറിസമെങ്കിലും സാധ്യതകളേറെയുണ്ട്. ഏറെ തയ്യാറെടുപ്പുകളോടെ കോടിക്കണക്കിന് ധനം ചെലവഴിച്ചാലേ കുറച്ചുനേരത്തേക്കെങ്കിലും സ്‌പേസില്‍ പോകാനാവൂ. എന്നാല്‍ വലിയ ഗവേഷണ സാധ്യതകള്‍ ഈ മേഖലയിലുണ്ട്.ഗവേഷണരംഗത്ത് ഇപ്പോള്‍ 1000 സ്വകാര്യ കമ്പനികള്‍ വന്നു. പതിനായിരക്കണക്കിന് സാറ്റലൈറ്റുകള്‍ വിക്ഷേപിക്കപ്പെട്ടു.
ഇലോണ്‍മസ്‌കിന്റെ സ്‌പേസ് എക്‌സ് കമ്പനി വന്നതോടെ ബഹിരാകാശ ഗവേഷണത്തില്‍ 2.0 യുഗം തുടങ്ങി. ഇന്ത്യയുൾപ്പെടെ പത്ത് രാജ്യങ്ങളിലായി നൂറിലേറെ സ്വകാര്യ കമ്പനികള്‍ റോക്കറ്റുകള്‍ വികസിപ്പിക്കുകയാണ്.

ബഹിരാകാശ യാത്ര

നാല് തവണ നിരസിച്ച ശേഷമാണ് നാസ ബഹിരാകാശ ദൗത്യത്തിനായി തിരഞ്ഞെടുത്തത്. ഏഴ് വയസ്സ് മുതല്‍ ബഹിരാകാശ സ്വപ്നങ്ങള്‍ മനസ്സില്‍ കൊണ്ടുനടന്നു, 15ാം വയസ്സില്‍ ആദ്യ അപേക്ഷ ആരോഗ്യകാരണങ്ങളാല്‍ നിരസിക്കപ്പെട്ടു.

പക്ഷേ പരാജയപ്പെടാന്‍ തയാറാകാതെ വീണ്ടും പരിശ്രമിച്ചുകൊണ്ടിരുന്നു. ന്യൂയോര്‍ക്കിലെ ആര്‍മൊങ്ക് ആസ്ഥാനമായ ഇന്റര്‍നാഷനല്‍ ബിസിനസ് മെഷീന്‍സ് കോര്‍പ്പറേഷന്‍സില്‍ സാങ്കേതിക വിഭാഗത്തില്‍ ജോലി ചെയ്യവേ കമ്പനിയുടെ സഹായത്തോടെ വീണ്ടും ശ്രമം നടത്തി, വിജയം കണ്ടു. നാസയില്‍ പ്ലേലോഡ് ഓഫീസറായി തുടങ്ങി, നാലുതവണ സുപ്രധാന ബഹിരാകാശ ദൗത്യങ്ങളില്‍ പങ്കെടുക്കുകയും ഏഴ് തവണ സ്‌പേസ് വാക്ക് (ബഹിരാകാശ നടത്തം) നടത്തുകയും ചെയ്തത് ഈ പരിശ്രമത്തിന്റെ ഫലമായാണ്. ആദ്യമായി ബഹിരാകാശത്തെത്തിയപ്പോള്‍ വല്ലാത്തൊരു അനുഭവമായിരുന്നു. നാസക്കുവേണ്ടി നാലുതവണയായി 16 ദശലക്ഷം മൈല്‍ ബഹിരാകാശത്ത് സഞ്ചരിച്ചു. ഹബിള്‍ ബഹിരാകാശ ടെലിസ്‌കോപ്പിന്റെ അറ്റകുറ്റപ്പണികള്‍ ഉള്‍പ്പെടെയാണ് ഏഴ് ബഹിരാകാശ നടത്തം നടത്തിയത്.

ജീവിതം ലളിതമാക്കുകയും കഴിവുകള്‍ വികസിപ്പിക്കുകയും ചെയ്യണമെന്ന ഉപദേശമാണ് സ്റ്റീവ് സ്മിത്ത് ഗവേഷകര്‍ക്ക് മുന്നില്‍ വെക്കുന്നത്. ബഹിരാകാശ യാത്രികരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ശ്രദ്ധയും സ്ഥിരോത്സാഹവും ആര്‍ജിക്കാന്‍ ലളിതജീവിതം അത്യാവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. സാങ്കേതിക കാരണങ്ങള്‍ കൊണ്ടാണ് സുനിതവില്യംസിനുൾപ്പെടെയുള്ളവരുടെ മടക്കയാത്ര വൈകുന്നതെന്ന് പറയുന്ന സ്മിത്ത് അവര്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണെന്നും വൈകാതെ തിരിച്ചുവരുമെന്നും പ്രത്യാശിക്കുന്നു. ബഹിരാകാശ സഞ്ചാരിക്ക് ഭൂമിയില്‍ നില്‍ക്കുന്നതിനേക്കാളും സന്തോഷം ബഹിരാകാശത്ത് തുടരുന്നത് തന്നെയാണെന്നും പറയുമ്പോള്‍ മുഖത്ത് ഒരു ചെറു പുഞ്ചിരി മിന്നിമാഞ്ഞു.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest