Kerala
നാളത്തെ ഭാരത് ബന്ദ്; അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവരെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം
മേല്‍നോട്ടം ക്രമസമാധാന വിഭാഗം എ ഡി ജി പിക്ക്; കടകള്‍ക്കും വാഹനങ്ങള്‍ക്കും സംരക്ഷണം നല്‍കും

തിരുവനന്തപുരം | അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി തിങ്കളാഴ്ച ചില ഉത്തരേന്ത്യന്‍ സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദില്‍ അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെ കര്‍ശന നടപടിക്ക് സംസ്ഥാന പോലീസ് മേധാവി നിര്‍ദേശം നല്‍കി. പോലീസ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് ഡി ജി പി അനില്‍കാന്താണ് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയത്. ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ റെയ്ഞ്ച് ഡി ഐ ജിമാരും മേഖലാ ഐ ജിമാരും സുരക്ഷാക്രമീകരണങ്ങള്‍ ഏകോപിപ്പിക്കും.
അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ക്രമസമാധാനവിഭാഗം എ ഡി ജി പിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളും പൊതുസ്വത്ത് നശിപ്പിക്കുന്നതും കര്‍ശനമായി നേരിടാനാണ് നിര്‍ദേശം. അക്രമങ്ങള്‍ക്ക് മുതിരുന്നവരെയും വ്യാപാര സ്ഥാപനങ്ങള്‍ നിര്‍ബന്ധപൂര്‍വം അടപ്പിക്കുന്നവരെയും അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കും.
സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സേനയും നാളെ മുഴുവന്‍ സമയവും സേവന സന്നദ്ധരായിരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കോടതികള്‍, വൈദ്യുതിബോര്‍ഡ് ഓഫീസുകള്‍, കെ എസ് ആര്‍ ടി സി, മറ്റു സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍ എന്നിവക്ക് ആവശ്യമായ പോലീസ് സംരക്ഷണം നല്‍കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ നടപടി സ്വീകരിക്കണം.
സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് പോലീസ് സുരക്ഷ ഉറപ്പാക്കണം. പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഞായാറാഴ്ച രാത്രി മുതല്‍ തന്നെ പോലീസ് പിക്കറ്റിംഗും പട്രോളിംഗും ഏര്‍പ്പെടുത്തണം. അതേസമയം പ്രത്യക്ഷമായി ഏതെങ്കിലും സംഘടനകള്‍ സമര മുഖത്ത് നില്‍ക്കാതിരിക്കുകയും ഉദ്യോഗാര്‍ഥികളെന്ന പേരില്‍ സമരങ്ങള്‍ പലയിടത്തും കടുത്ത അക്രമങ്ങളിലേക്ക് നീങ്ങുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് ബന്ദിന്റെ പേരിലുണ്ടാകാവുന്ന അക്രമങ്ങള്‍ക്കെതിരെ പോലീസ് കര്‍ക്കശമായ നിലപാട് സ്വീകരിക്കാനൊരുങ്ങുന്നത്.
കഴിഞ്ഞ ദിവസം അഗ്നിപഥ് പദ്ധതിക്കെതിരെ തലസ്ഥാനത്ത് രാജ്ഭവനിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ചില്‍ ആയിരത്തിലേറെ യുവാക്കള്‍ പങ്കെടുത്തിരുന്നു. ഒരു സംഘടനയുടെയും ബാനറിലല്ലാതെ ഉദ്യോഗാര്‍ഥികളെന്ന പേരിലാണ് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നത്.