Connect with us

Articles

ഭാരത് ജോഡോ ന്യായ് യാത്ര; രാജ്യം ഉറ്റുനോക്കുന്നുണ്ട്

വാര്‍ത്താ കുറിപ്പുകളിലെല്ലാം തിരഞ്ഞെടുപ്പല്ല ലക്ഷ്യമെന്ന് പലയാവര്‍ത്തി പറയുന്നുണ്ടെങ്കിലും കോണ്‍ഗ്രസ്സ് തിരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ടേ മതിയാകൂ. തലവന്മാരുടെ അന്താരാഷ്ട്ര കാര്യങ്ങള്‍ മാത്രം കാര്യമാക്കുന്ന ബി ജെ പിക്കു മുന്നില്‍ ഒരു മൂല്യവുമില്ലാത്ത സാധാരണക്കാരുടെ പ്രശ്നങ്ങളെ ഏറ്റെടുക്കുക വഴി കോണ്‍ഗ്രസ്സിന് കാര്യങ്ങള്‍ ഒന്നുകൂടി എളുപ്പമാകും. ഇത്തവണ കോണ്‍ഗ്രസ്സ് ഒറ്റക്കല്ല. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് 'ഇന്ത്യ' മുന്നണിയുടെ ഒരു കൂട്ടം തന്നെ ഉപാധികളൊന്നുമില്ലാതെ കൂടെയുണ്ടാകും.

Published

|

Last Updated

‘ഈ രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ സ്നേഹവും പ്രാര്‍ഥനയും ഏറ്റുവാങ്ങാന്‍, സ്വേച്ഛാധിപത്യത്തിനും ധാര്‍ഷ്ട്യത്തിനും തക്കതായ മറുപടി നല്‍കാന്‍, അനീതികള്‍ക്കെതിരെയുള്ള നീതിയുടെ പോരാട്ടത്തിലേക്കിതാ ഞങ്ങള്‍ വീണ്ടും വരികയാണ്. അവകാശങ്ങള്‍ക്കായി ശബ്ദമുയത്തുവിന്‍. ഈ നീതിയുടെ പ്രയാണത്തില്‍ ഞങ്ങളോടൊപ്പം ചേരുവിന്‍.’ രാഹുല്‍ ഗാന്ധി നയിക്കുന്ന രണ്ടാം പദയാത്രയുടെ പ്രഖ്യാപനം നടത്തി കോണ്‍ഗ്രസ്സ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത് ഇപ്രകാരമായിരുന്നു. ഇന്ത്യാ മഹാരാജ്യത്തിന്റെ തേക്കേയറ്റം മുതല്‍ വടക്കേയറ്റം വരെ നടന്നു കണ്ട് സ്നേഹം പറഞ്ഞ ആ മനുഷ്യന്‍ തന്റെ രണ്ടാം യാത്രക്കൊരുങ്ങുകയാണ്. കോണ്‍ഗ്രസ്സിന്റെ ഐതിഹാസികമായ ഒന്നാം ഭാരത് ജോഡോ യാത്ര അവസാനിച്ചിട്ട് ഒരു വര്‍ഷമാകുന്നേയുള്ളൂ. അന്ന് രാഹുല്‍ ഗാന്ധിയും പരിവാരങ്ങളും നടന്നു തീര്‍ത്തത് നാലായിരത്തിലധികം കിലോമീറ്ററാണ്. കന്യാകുമാരി മുനമ്പില്‍ നിന്ന് തുടങ്ങി നൂറ്റി അമ്പതിലധികം ദിവസമെടുത്ത് നടന്ന് ഇതിനേക്കാള്‍ കുളിരുള്ളൊരു ജനുവരിയിലെ ദേവദാരു പൂക്കാത്ത മഞ്ഞുകാലത്ത്, ചിനാര്‍ മരങ്ങള്‍ വെള്ള പുതച്ച ശേറേ കശ്മീര്‍ മൈതാനത്ത് പര്യവസാനിക്കുന്നത് വരെ ഒന്നാം ഭാരത് ജോഡോയില്‍ മുഴങ്ങിക്കേട്ടത് മുഴുവന്‍ വെറുപ്പിന്റെ ചന്തയില്‍ സ്നേഹത്തിന്റെ കടകള്‍ തുറക്കുന്നുവെന്ന ഒരേ മുദ്രാവാക്യമായിരുന്നു. പ്രവിശാലമായ ഇന്ത്യാ രാജ്യത്തെ വെറും പന്ത്രണ്ട് സംസ്ഥാനങ്ങള്‍ മാത്രമേ അന്ന് രാഹുല്‍ ഗാന്ധിക്ക് കയറിയിറങ്ങാന്‍ കഴിഞ്ഞിട്ടുള്ളൂ.

ഇത്തവണ കിഴക്കേയറ്റം മുതല്‍ പടിഞ്ഞാറേയറ്റം വരെ കോണ്‍ഗ്രസ്സിന്റെ ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിക്കുകയാണ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളടക്കം പൂര്‍ണമായും ഹിന്ദി ബെല്‍റ്റിലൂടെ നീങ്ങുന്ന യാത്ര. നടന്നും ബസിലൂടെയും പതിനാല് സംസ്ഥാനങ്ങളിലൂടെ സഞ്ചരിക്കുന്ന പുതിയ യാത്ര ജനുവരി പതിനാലിനാണ് ആരംഭിക്കുന്നത്. മണിപ്പൂരില്‍ നിന്ന് തുടങ്ങി 6,200 കിലോമീറ്റര്‍ നീളുന്ന യാത്ര മാര്‍ച്ച് 20ന് മുംബൈയില്‍ സമാപിക്കും. ഒന്നാം യാത്രയെ പോലെയല്ല. ഒരു വര്‍ഷത്തെ മാത്രം ഇടവേളയില്‍ പുതിയൊരു യാത്രക്കൊരുങ്ങുമ്പോള്‍ ഏറെ സവിശേഷമാണ് കാര്യങ്ങള്‍. അടുത്ത കാലത്തൊന്നും മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത അനുഭവങ്ങളാണ് ആദ്യ യാത്രയില്‍ നിന്ന് കോണ്‍ഗ്രസ്സിന്റെ പാഠങ്ങള്‍. ഭരണമില്ലാത്ത കാലത്ത്, ഭരണകൂടത്തിന്റെ വിലപേശലില്‍ മയങ്ങിയും ഭീഷണികളില്‍ കുരുങ്ങിയും സ്വന്തക്കാര്‍ തന്നെ കാലുവാരിയ കാലത്ത്, യുവാക്കളും സ്ത്രീകളും അടിത്തട്ടില്‍ ജീവിക്കുന്നവരുമടങ്ങുന്ന വലിയൊരു ജന വിഭാഗം വെച്ചു നീട്ടിയ സ്വീകാര്യത പാര്‍ട്ടിക്ക് വല്ലാത്തൊരു ആശ്വാസം നല്‍കിയിട്ടുണ്ട്. എത്ര നഷ്ടങ്ങളുണ്ടായാലും തങ്ങളുടെ പാരമ്പര്യവും പ്രത്യയശാസ്ത്രവും മണ്ണില്‍ നിന്ന് വേരറ്റിട്ടില്ല എന്ന് കോണ്‍ഗ്രസ്സിനെ ബോധ്യപ്പെടുത്തിയ യാത്രയായിരുന്നുവത്. വെറുപ്പിന്റെ രാഷ്ട്രീയം കണ്ടുമടുത്തവര്‍ക്ക് സ്നേഹം പറഞ്ഞു വന്ന ആ യാത്ര തെളിനീര് നല്‍കി. ഹൃദയങ്ങളില്‍ നിന്ന് ഒരു നേതാവ് നേരിട്ട് വാരിയെടുത്ത പച്ചമണ്ണിന്റെ മണമുള്ള അനുഭവങ്ങളാണ് പുതിയ യാത്ര ഇന്ധനമാക്കുക എന്നതില്‍ സംശയമില്ല.

ഒന്നാം യാത്രക്ക് മുമ്പ് നിരീക്ഷിച്ചതിനേക്കാള്‍ പതിന്മടങ്ങ് തോതില്‍ പുതിയ യാത്രക്ക് മേല്‍ പ്രതീക്ഷകള്‍ പെരുകുന്നുണ്ട്. കോണ്‍ഗ്രസ്സുകാര്‍ മാത്രമല്ല, ഒരു പതിറ്റാണ്ടായി വലതുപക്ഷ രാഷ്ട്രീയം കെട്ടിപ്പൊക്കിയ സൗധങ്ങള്‍ കണ്ട് നിരാശ പടര്‍ന്ന, ജനാധിപത്യത്തില്‍ പ്രതീക്ഷയുള്ള രാജ്യത്തെ ഓരോ പൗരനും ഈ യാത്രയെ ഉറ്റുനോക്കും. മാര്‍ച്ചില്‍ ഭാരത് ജോഡോ ന്യായ് യാത്ര കഴിഞ്ഞാല്‍ പിന്നെ തിരഞ്ഞെടുപ്പിലേക്ക് കാലു നീട്ടാന്‍ സമയം പോലും ബാക്കിയില്ല. അതുകൊണ്ട് തന്നെ ഇതൊരു തിരഞ്ഞെടുപ്പ് പ്രചാരണം കൂടിയാകും കോണ്‍ഗ്രസ്സിന്. മൂന്നാമതൊരൂഴം കൂടി തകരാന്‍ പാര്‍ട്ടിക്കും ഈ രാജ്യത്തിനും കെല്‍പ്പില്ലെന്ന് നന്നായറിയാവുന്ന നേതാക്കളാണല്ലോ. അവര്‍ അണികളോടൊപ്പം മണ്ണിലിറങ്ങി പണിയെടുത്ത് വിളവു കൊയ്യുമെന്ന ശുഭ പ്രതീക്ഷയാണ് ഈ യാത്ര. ഇത് ന്യായവും നീതിയും പൊരുതി നേടാനുള്ള യാത്രയാണ്. ഇനിയും വെറിയും വിദ്വേഷവും വേണ്ടെന്ന് വിളിച്ചു പറയുന്ന യാത്രയാണ്. തിരഞ്ഞെടുപ്പ് ജയിക്കാനുള്ള യാത്രയാണ്. രാജ്യത്തെ രക്ഷിക്കാനുള്ള യാത്രയാണ്.

ഇംഫാലില്‍ നിന്നുള്ള തുടക്കം തന്നെ പ്രതീക്ഷകളാണ് യാത്രക്ക് നല്‍കുന്നത്. വര്‍ഗീയത പരകോടിയിലെത്തിയ മണിപ്പൂരില്‍ മനുഷ്യര്‍ പരസ്പരം ചേരി തിരിഞ്ഞ് കിളച്ച വലിയൊരു മുറിവുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഭരണകൂടം തന്നെ വീണ്ടും വീണ്ടും പഴുപ്പിച്ച ദുര്‍ഗന്ധം വമിച്ചു തുടങ്ങിയ മുറിവ്. ആ മുറിവില്‍ മരുന്നു വെച്ച് കെട്ടി തലോടി ആശ്വസിപ്പിച്ചു കൊണ്ടാണ് രാഹുല്‍ ഗാന്ധി തുടങ്ങേണ്ടത്. പൗരത്വം പോലും പ്രശ്‌നവത്കരിച്ച് കാലങ്ങളായി മനുഷ്യപ്പറ്റില്ലാത്ത നേതാക്കളെ മാത്രം കണ്ടുകൊണ്ടിരിക്കുന്ന ആശയറ്റ അസമിലെയും മറ്റും വടക്കു കിഴക്കന്‍ ജനത ഈ സ്നേഹവാഴ്ത്തു യാത്ര കേട്ടാല്‍ കൂടെക്കൂടും എന്നതില്‍ സംശയമൊന്നുമില്ല. ഇങ്ങനെ ബംഗാളിലും ബിഹാറിലും മധ്യപ്രദേശിലും സാക്ഷാല്‍ രാജാവിന്റെ ഗുജറാത്തിലും തുടങ്ങി പോകുന്ന 337 നിയമസഭാ മണ്ഡലങ്ങളിലും 100 ലോക്സഭാ മണ്ഡലങ്ങളിലും എല്ലാവരും പ്രതീക്ഷിക്കുന്ന ആ ഓളമുണ്ടാക്കാനായാല്‍ ഇത്തവണ മറുത്തൊരു വിധി ഈ രാജ്യത്തെ കാത്തിരിപ്പുണ്ടാകും.

വാര്‍ത്താ കുറിപ്പുകളിലെല്ലാം തിരഞ്ഞെടുപ്പല്ല ലക്ഷ്യമെന്ന് പലയാവര്‍ത്തി പറയുന്നുണ്ടെങ്കിലും കോണ്‍ഗ്രസ്സ് തിരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ടേ മതിയാകൂ. തലവന്മാരുടെ അന്താരാഷ്ട്ര കാര്യങ്ങള്‍ മാത്രം കാര്യമാക്കുന്ന ബി ജെ പിക്കു മുന്നില്‍ ഒരു മൂല്യവുമില്ലാത്ത സാധാരണക്കാരുടെ പ്രശ്നങ്ങളെ ഏറ്റെടുക്കുക വഴി കോണ്‍ഗ്രസ്സിന് കാര്യങ്ങള്‍ ഒന്നുകൂടി എളുപ്പമാകും. ഇത്തവണ കോണ്‍ഗ്രസ്സ് ഒറ്റക്കല്ല. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ‘ഇന്ത്യ’ മുന്നണിയുടെ ഒരു കൂട്ടം തന്നെ ഉപാധികളൊന്നുമില്ലാതെ രാഹുല്‍ ഗാന്ധിയുടെ കൂടെയുണ്ടാകും. ഉത്തര്‍ പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിയെയും രാഷ്ട്രീയ ലോക്ദളിനെയും പോലുള്ള മുന്നണി നേതാക്കളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും പ്രത്യേകം ക്ഷണിച്ചു കഴിഞ്ഞു.

അതേസമയം ന്യായ് യാത്രയോട് കൂടി ഉത്തരേന്ത്യന്‍ മണ്ണിനെ രാഹുല്‍ ഗാന്ധി ഇളക്കുമോ എന്നൊരു ഭയം ബി ജെ പി നേതാക്കള്‍ക്കിടയില്‍ കടന്നു കൂടുന്നുണ്ട് എന്നാണ് ചില പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. യാത്ര തുടങ്ങേണ്ട മണിപ്പൂരില്‍ ദേശീയ നേതൃത്വത്തിന്റെ കീഴില്‍ തന്നെ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നുണ്ടെങ്കിലും ബി ജെ പി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ യാത്രക്ക് അനുമതി നല്‍കിയിട്ടില്ല. അനുമതിയെ കുറിച്ചുള്ള ചോദ്യത്തിന് സംസ്ഥാനത്തെ ക്രമസമാധാന നില വളരെ ഗുരുതരാവസ്ഥയിലാണെന്നും അപേക്ഷ പരിശോധനയിലാണെന്നുമാണ് മുഖ്യമന്ത്രി ബിരേന്‍ സിംഗ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഈ യാത്ര ഒരു കുട്ടിയുടെ തമാശയല്ലേ എന്നാണ് അരുണാചല്‍ പ്രദേശുകാരനായ കേന്ദ്ര മന്ത്രി കിരണ്‍ റിജിജു പരിഹസിച്ചത്.

രാജ്യത്തെ വിലങ്ങനെ നടന്ന് കേള്‍ക്കുക മാത്രമാകില്ല ഈ യാത്രയില്‍ കോണ്‍ഗ്രസ്സിന് ചെയ്യാനുണ്ടാകുക. മിണ്ടാന്‍ അനുവദിക്കാതെ നൂറ്റമ്പതോളം വരുന്ന പ്രതിപക്ഷ ജനപ്രതിനിധികളെ കൂട്ടമായി പുറത്തു നിര്‍ത്തി പാര്‍ലിമെന്റില്‍ കൊണ്ടുവന്നു വെച്ച അനീതികളെ കുറിച്ച് രാജ്യത്തോട് ഒട്ടേറെ വിളിച്ചു പറയാനുമുണ്ട്. തൊഴിലാളികളുടെ അവകാശങ്ങളെ എടുത്ത് കളഞ്ഞ ക്രിമിനല്‍ ബില്ലുകളെ കുറിച്ചും ചര്‍ച്ചകളൊന്നും അനുവദിക്കാതെ വളച്ചൊടിച്ച മറ്റു നിയമങ്ങളെ കുറിച്ചും തുടങ്ങി രാജ്യത്തിന്റെ മൗലികതയെ ബാധിച്ചു തുടങ്ങിയ ഓരോ കാര്യങ്ങളിലുമുള്ള ആശങ്കകളെ കുറിച്ചും പൊതു ജനത്തിന് അവബോധം നല്‍കാനായാല്‍ ഈ യാത്ര വിജയിക്കുക തന്നെ ചെയ്യും. മല്ലികാര്‍ജുന്‍ ഖാര്‍ഗെ സൂചിപ്പിച്ച പോലെ തങ്ങളുടെ രാഷ്ട്രീയം നേരിട്ട് ജനങ്ങളിലെത്തിക്കാന്‍ ഈ യാത്രയെ തിരഞ്ഞെടുക്കുക തന്നെ വേണം. ഭാരത് ജോഡോയില്‍ നിന്നും ഭാരത് ജോഡോ ന്യായ് യാത്രയിലേക്കെത്തുമ്പോഴുള്ള പ്രധാന മാറ്റവും അത് തന്നെയാകും. നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടിക്കും കേഡര്‍ സംവിധാനത്തിനും യാത്ര പുതിയൊരു ഊര്‍ജം പകരുമെന്ന് പ്രതീക്ഷിക്കാം. അതോടൊപ്പം മൂല്യം നഷ്ടപ്പെടാത്ത പുതിയൊരിന്ത്യയിലേക്കുള്ള വാതില്‍പ്പടിയായി യാത്ര മാറുമെന്ന് പ്രത്യാശിക്കുകയും ചെയ്യാം.

 

Latest