National
ഭാരത് ജോഡോ യാത്ര ജമ്മു കശ്മീര്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യില്ല: ജയറാം രമേശ്
ജമ്മു കശ്മീരില്‍ നിരവധി രാഷ്ട്രീയ പ്രശ്നങ്ങളുണ്ടെങ്കിലും മോദി സര്‍ക്കാരിന്റെ ഉദ്ദേശ്യങ്ങളും നയങ്ങളും കാരണം രാജ്യത്തിന് മുന്നിലുള്ള അപകടങ്ങളെ ഉയര്‍ത്തിക്കാണിക്കാനാണ് യാത്ര ലക്ഷ്യമിടുന്നതെന്നും അദ്ദേഹം

ഖനാബല്‍ (ജമ്മു കശ്മീര്‍) | ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, ഗുപ്കര്‍ സഖ്യം തുടങ്ങിയ ജമ്മു കശ്മീരിലെ രാഷ്ട്രീയ വിഷയങ്ങള്‍ ഭാരത് ജോഡോ യാത്രയില്‍ ചര്‍ച്ച ചെയ്യില്ലെന്ന് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. ജമ്മു കശ്മീരില്‍ നിരവധി രാഷ്ട്രീയ പ്രശ്നങ്ങളുണ്ടെങ്കിലും മോദി സര്‍ക്കാരിന്റെ ഉദ്ദേശ്യങ്ങളും നയങ്ങളും കാരണം രാജ്യത്തിന് മുന്നിലുള്ള അപകടങ്ങളെ ഉയര്‍ത്തിക്കാണിക്കാനാണ് യാത്ര ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 കേന്ദ്രം 2019 ഓഗസ്റ്റ് 5-ന് റദ്ദാക്കിയിരുന്നു. നാഷണല്‍ കോണ്‍ഫറന്‍സ്, പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി എന്നിവയുള്‍പ്പെടെ ആറ് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഗുപ്കര്‍ പ്രഖ്യാപനത്തിനായി പീപ്പിള്‍സ് അലയന്‍സ് രൂപീകരിക്കുകയും അത് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുമുണ്ട്. എന്നാല്‍ ഈ വിഷയങ്ങള്‍ ഭാരത് ജോഡോ യാത്ര ചര്‍ച്ച ചെയ്യില്ലെന്നാണ് ജയറാം രമേശ് അറിയിച്ചത്.
കാശ്മീര്‍ താഴ്വരയിൽ യാത്രയുടെ ആദ്യ മാധ്യമ സംവാദമായിരുന്നു ഈ പത്രസമ്മേളനം. ആര്‍ട്ടിക്കിള്‍ 370 അല്ലെങ്കില്‍ ഗുപ്കര്‍ സഖ്യത്തെക്കുറിച്ച് നിങ്ങള്‍ക്ക് നിരവധി ചോദ്യങ്ങളുണ്ടാകുമെന്ന് എനിക്കറിയാമെന്നും ഈ രാഷ്ട്രീയ പ്രശ്നങ്ങള്‍ക്കെല്ലാം പ്രത്യേക ശ്രദ്ധ ഉണ്ടാകുമെന്നും ജയറാം രമേശ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇന്ന് ഭാരത് ജോഡോ യാത്രയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും തെരഞ്ഞെടുപ്പുമായി യാത്രയ്ക്ക് ബന്ധമില്ലെന്നും ഈ യാത്രയില്‍ ഈ വിഷയങ്ങളെക്കുറിച്ച് ഞങ്ങള്‍ ചിന്തിച്ചിട്ടുപോലുമില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.