National
ബിജെപി നേതാവ് എല്‍.കെ അദ്വാനിക്ക് ഭാരതരത്‌ന
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

ന്യൂഡല്‍ഹി| മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിക്ക് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പരമോന്നത ബഹുമതിയായ ഭാരതരത്‌ന പുരസ്‌കാരം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. എല്‍.കെ. അദ്വാനിക്ക് ഭാരതരത്‌ന നല്‍കുമെന്ന കാര്യം പങ്കുവെക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ഇന്ത്യയുടെ വികസനത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ മഹത്തരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാരില്‍ ഉപപ്രധാനമന്ത്രിയായിരുന്നു അദ്വാനി. താഴേത്തട്ടില്‍ പ്രവര്‍ത്തിച്ച് ഉപപ്രധാനമന്ത്രി എന്ന നിലയില്‍ വരെ രാഷ്ട്രത്തെ സേവിച്ച വ്യക്തിയാണ് അദ്വാനിയെന്നും മോദി കൂട്ടിച്ചേര്‍ത്തു. 1970 മുതല്‍ 2019 വരെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും അംഗമായിരുന്നു അദ്വാനി. ആഭ്യന്തരം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് എന്നീ വകുപ്പുകളുടെ ചുമതലകള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.