National
ബുൾഡോസർ രാജിനെതിരായ നിയമ പോരാട്ടത്തിൽ ഇടപെടാനൊരുങ്ങി ഇന്ത്യ മുന്നണി യുവജന വിഭാഗം
സൽമാൻ ഖുർഷിദുമായി നടത്തിയ ചർച്ചക്ക് ശേഷം ഇന്ത്യാ മുന്നണി യുവജന നേതാക്കൾ യൂത്ത് കോൺഗ്രസ് ദേശീയ ബി ശ്രീനിവാസൻ്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു.
ന്യൂഡൽഹി| ബി ജെ പി സർക്കാരുകളുടെ നേതൃത്വത്തിൽ രാജ്യത്ത് വ്യാപകമായി നടക്കുന്ന ബുൾഡോസർ രാജിനെതിരായി യോജിച്ച പോരാട്ടം നടത്താൻ ഇന്ത്യ മുന്നണി യുവജന വിഭാഗം തീരുമാനിച്ചു.
സുപ്രിം കോടതിയിൽ നടക്കുന്ന നിയമ പോരാട്ടത്തിൻ്റെ പശ്ചാത്തലത്തിൽ മുതിർന്ന കോൺഗ്രസ് നേതാവും കേസിലെ അഭിഭാഷകനുമായ സൽമാൻ ഖുർഷിദുമായി ഇന്ത്യാ മുന്നണി സഖ്യകക്ഷികളായ രാഷ്ട്രീയ പാർട്ടികളുടെ യുവജന നേതാക്കൾ ചർച്ച നടത്തി. അനുരാഗ് നിഗം (എ.എ.പി ) ആസിഫ് അൻസാരി, അഡ്വ.ഷിബു മീരാൻ, സി.കെ ഷാക്കിർ (യൂത്ത് ലീഗ്) അയീൻ അഹമ്മദ് (ആർ.ജെ.ഡി ) ശശികുമാർ ഗൗതം (എ.ഐ.വൈ.എഫ്), ഇന്ത്യ യൂത്ത് ഫ്രണ്ട് ലീഗൽ അഡ്വൈസർ അഡ്വ: ആശിഷ് പാണ്ഡെ എന്നിവരടങ്ങുന്ന സംഘമാണ് സൽമാൻ ഖുർഷിദിനെ കണ്ട് ചർച്ച നടത്തിയത്.
ഒക്ടോബർ 1 വരെ കോടതി അനുമതിയില്ലാതെ വ്യക്തികളുടെ വസ്തുവകകൾ ബുൾഡോസിംഗ് നടത്തരുതെന്നുള്ള സുപ്രിം കോടതിയുടെ ഇടക്കാല ഉത്തരവ് താൽക്കാലിക ആശ്വാസമേ ആകുന്നുള്ളു എന്നും കോടതിയുടെ അന്തിമ വിധിയെ കുറിച്ച് വലിയ പ്രതീക്ഷയാണുള്ളതെന്നും സൽമാൻ ഖുർഷിദ് പറഞ്ഞു. കുറ്റകൃത്യത്തിൽ പങ്കാളികളായി എന്ന ആരോപണം നേരിടുന്നവരെ തിരഞ്ഞ് പിടിച്ച് അവരുടെ വീടുകളും കച്ചവട സ്ഥാപനങ്ങളും തകർക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്.
രാജസ്ഥാനിൽ വാടകക്ക് താമസിക്കുന്ന കുടുംബത്തിലെ കുട്ടി കുറ്റകൃത്യം ചെയ്തതിന് ആ വീട് തകർത്തപ്പോൾ നഷ്ടം സഹിക്കേണ്ടി വന്നത് അതുമായി യാതൊരു ബന്ധവുമില്ലാത്ത വിട്ടുടമസ്ഥനാണ്. അനധികൃത കയ്യേറ്റങ്ങൾ കുടിയൊഴിപ്പിക്കാൻ കൃത്യമായ നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കണം. നിയമപരമായ യാതൊരു അടിസ്ഥാനവുമില്ലാതെ നടക്കുന്ന ഈ ബുൾഡോസർ ജീവനും സ്വത്തിനും സുരക്ഷിതത്വം എന്നത് മൗലികാവകാശമായി അംഗീകരിച്ച ഇന്ത്യൻ ഭരണഘടനക്ക് നേർവിപരീതമാണ്. ഭരിക്കുന്ന പാർട്ടിയുടെ കേവല രാഷ്ട്രീയ താൽപര്യങ്ങളും തിരഞ്ഞെടുപ്പ് അജണ്ടകളും നടപ്പാക്കുന്നതിൻ്റെ ഭാഗമായി നടക്കുന്ന ഇത്തരം നടപടികൾ കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് സൽമാൻ ഖുർഷിദ് പറഞ്ഞു. ഇതിനെതിരെ രാഷ്ട്രീയം ജാഗ്രതഉണർത്തുന്നതിൽ യുവജന സംഘടനകൾക്ക് വലിയ പങ്കുവഹിക്കാനാകും.
മതപരവും രാഷ്ട്രീയവുമായ മാനങ്ങൾക്കപ്പുറത്ത് വിശാലമായ നിയമ പ്രശ്നങ്ങളും മനുഷ്യാവകാശ പ്രശ്നങ്ങളും ബുർഡോസർ രാജിൻ്റെ ഭാഗമായി ഉയർന്നു വരുന്നുണ്ടെന്ന് നേതാക്കൾ വിലയിരുത്തി. ഇന്ത്യയിലെ എല്ലാ ഭാഗത്തും നിയമവിരുദ്ധമായി നിർമ്മിക്കപ്പെട്ടത് എന്ന് പറയാവുന്ന കെട്ടിടങ്ങൾ ഉണ്ട്. മഹാനഗരങ്ങളിൽ മാത്രമല്ല ചെറുകിട നഗരങ്ങളിലും ഗ്രാമങ്ങളിലും ഇത്തരത്തിലുള്ള ലക്ഷക്കണക്കിന് നിർമ്മിതികൾ ഉണ്ടാകും. കോടിക്കണക്കിന് മനുഷ്യരെ ബാധിക്കുന്ന ഈ പ്രശ്നത്തെ ഉത്തരവാദിത്വത്തോടെയും മനുഷ്യത്വത്തോടെയും സമീപിക്കേണ്ടതുണ്ട്. വലിയ കയ്യേറ്റങ്ങൾക്കു നേരെ കണ്ണടക്കുന്നവർ സെലക്ടീവായി ബുൾഡോസിംഗ് നടപ്പാക്കുന്നത് രാഷ്ട്രീയ താൽപര്യങ്ങൾ മുൻനിറുത്തിയാണ്. ഇന്ത്യയിൽ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടന്നിട്ടുള്ള ബുൾഡോസർ നടപടികളിൽ 99 ശതമാനവും ന്യൂനപക്ഷ, ദളിത്, പിന്നോക്ക ജനവിഭാഗങ്ങൾക്കും ബി ജെ പി യുടെ രാഷ്ട്രീയ പ്രതിയോഗികൾക്കും എതിരെയാണ്. ഇതിൻ്റെ വിപുലമായ ഡാറ്റ ശേഖരണം നടത്താൻ ഇന്ത്യാ മുന്നണിയിലെ യുവജനനേതാക്കളോട് അദ്ദേഹം അഭ്യർത്ഥിച്ചു.
സൽമാൻ ഖുർഷിദുമായി നടത്തിയ ചർച്ചക്ക് ശേഷം ഇന്ത്യാ മുന്നണി യുവജന നേതാക്കൾ യൂത്ത് കോൺഗ്രസ് ദേശീയ ബി ശ്രീനിവാസൻ്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. ബുൾഡോസർ രാജ്യമായി ബന്ധപ്പെട്ട വിപുലമായ വിവര ശേഖരണം രാജ്യവ്യാപകമായി സംഘടിപ്പിക്കാനും സുപ്രിം കോടതിയിലെ കേസിൽ കക്ഷി ചേരാനും തീരുമാനിച്ചു. ഇതിനായി അഡ്വ: ആശിഷ് പാണ്ഡെയുടെ നേതൃത്വത്തിൽ സബ് കമ്മിറ്റി രൂപീകരിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ബി ജെ പി നേതാക്കൾ വധഭീഷണി മുഴക്കിയ സംഭവത്തിൽ നേതാക്കൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.