Connect with us

National

ഭർതൃഹരി മഹ്താബ് ലോക്സഭാ പ്രോടേം സ്പീക്കർ

രാഷ്ട്രപതി ദ്രൗപതി മുർമുവാണ് നിയമന ഉത്തരവിറക്കിയത്. 

Published

|

Last Updated

ന്യൂഡൽഹി | ഒഡീഷയിൽ നിന്നുള്ള ബിജെപിയുടെ പ്രധാന നേതാവ് ഭർതൃഹരി മഹ്താബിനെ ലോക്സഭയുടെ പ്രോടേം സ്പീക്കറായി നിയമിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമുവാണ് നിയമന ഉത്തരവിറക്കിയത്. പാർലമെൻ്റിലെ മുതിർന്ന അംഗത്തിനാണ് പരമ്പരാഗതമായി പ്രോടേം സ്പീക്കർ പദവി ലഭിക്കുക. അദ്ദേഹം പിന്നീട് മന്ത്രിസഭാംഗങ്ങൾക്കും മറ്റ് എംപിമാർക്കും സത്യവാചകം ചൊല്ലിക്കൊടുക്കും.

1998 മുതൽ ആറ് തവണ ബിജെഡി ടിക്കറ്റിൽ വിജയിച്ച മഹ്താബ്, പാർട്ടിയുടെ സമീപകാല പ്രവർത്തനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് പാർട്ടിയിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേരുകയായിരുന്നു. ഈ വർഷം ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് അദ്ദേഹം പാർട്ടി മാറിയത്.

ഒഡീഷയുടെ ആദ്യ മുഖ്യമന്ത്രി ഹരേക്രുഷ്ണ മഹ്താബിൻ്റെ മകനാണ് ഭർതൃഹരി മഹ്താബ്. ഒഡീഷയിലെ കട്ടക്കിൽ നിന്നാണ് അദ്ദേഹം ഇത്തവണയും വിജയിച്ചത്.

പാർലമെൻ്റിലോ സംസ്ഥാന നിയമസഭകളിലോ നടപടിക്രമങ്ങൾ നടത്താൻ പരിമിത കാലത്തേക്ക് നിയമിക്കപ്പെടുന്ന താൽക്കാലിക സ്പീക്കറാണ് പ്രോ-ടേം സ്പീക്കർ. ലോക്സഭയുടെയോ രാജ്യസഭയുടെയോ ആദ്യ സിറ്റിംഗിനായാണ് പ്രോ-ടേം സ്പീക്കറെ തിരഞ്ഞെടുക്കുന്നത്.

പ്രത്യേക ഭരണഘടനാപരമായ വ്യവസ്ഥകളോ നിയമപരമായ വ്യവസ്ഥകളോ ഇല്ലെങ്കിലും, ഭരണഘടനാ കൺവെൻഷൻ പ്രകാരം സഭയിലെ ഏറ്റവും മുതിർന്ന അംഗത്തെയാണ് പ്രോ-ടേം സ്പീക്കറായി തിരഞ്ഞെടുക്കേണ്ടത്. ഇവിടെ സീനിയോറിറ്റി എന്നത് സഭയിലെ അംഗത്വ കാലയളവാണ്. അല്ലാതെ അംഗത്തിൻ്റെ പ്രായമല്ല.