Connect with us

Travelogue

ചെമ്പൽ നദീതീരത്തെ ഭീൽ കോട്ട

രാജസ്ഥാനിലെ പ്രധാന പുരാതന ഗോത്ര വിഭാഗമാണ് ഭീൽ ഗോത്രം.വടക്ക് തെക്കൻ രാജസ്ഥാനിൽ രജപുത്രരുടെ ഉദയത്തിനും മുമ്പെ ഹദോതി മേഖലയിലും ഭീൽമാരുടെ ഇത്തരം നിരവധി ചെറിയ സാമ്രാജ്യങ്ങൾ ഉണ്ടായിരുന്നു. അമ്പും വില്ലും ഉപയോഗിച്ച് വേട്ടയാടുന്ന ഒരു പ്രത്യേക വിഭാഗത്തിന് പുരാതന സംസ്കാര സാഹിത്യത്തിൽ ഭീൽ എന്ന നാമം ഉപയോഗിച്ചിരുന്നതായി കാണാം.

Published

|

Last Updated

ലവാർ, ബാരൻ, ബുണ്ടി, കോട്ട എന്നിവ ഉൾപ്പെടുന്ന തെക്ക് കിഴക്കൻ ദേശം അഥവാ ഹദോതി നിരവധി നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ചരിത്രദേശമാണ്. രജപുത്ര വീരേതിഹാസ കഥകൾ മുഴങ്ങിക്കേട്ട രജപുത്ര നാട് പലപ്പോഴും സന്ദർശിക്കണമെന്നത് ഒരാഗ്രഹമായിരുന്നു. അങ്ങനെയാണ് ചെമ്പൽ നദീ തീരത്തെ ഈയൊരു നാടും ഭീൽ ഗോത്രത്തിന്റ കോട്ടയും ലിസ്റ്റിലെത്തിപ്പെടുന്നത്.
രാജസ്ഥാനിലെ ചമ്പൽ നദിയുടെ കിഴക്കൻ തീരത്തായി സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് കോട്ട എന്ന സ്ഥലം. ഒത്തിരി കാഴ്ചകളുള്ള കോട്ടയിൽ നിന്നും ഏകദേശം ഒമ്പത് കിലോമീറ്റർ സഞ്ചരിച്ചാൽ എത്തിപ്പെടുന്ന ചെറിയൊരു ഗോത്ര വിഭാഗത്തിന്റെ കോട്ടയിലേക്കാണ് ഞങ്ങൾക്കിനി യാത്ര ചെയ്യാനുള്ളത്.

പന്ത്രണ്ടാം നൂറ്റാണ്ടിൽ കോട്ട ദേശത്ത് ശക്തമായ ഒരു ഭീൽ വംശം താമസിക്കുകയും അവരായിരുന്നു അക്കാലത്ത് ഈ പ്രദേശം ഭരിച്ചിരുന്നതെന്നും പറയപ്പെടുന്നു. അന്നാട്ടുകാരോട് പലരോടും അങ്ങോട്ടുള്ള വഴി തിരക്കി, അവർക്കാർക്കും ആ കോട്ടയിലേക്കുള്ള വഴിയും കോട്ടയെ കുറിച്ചും കൂടുതലൊന്നും അറിയില്ലെന്ന് തോന്നുന്നു.ചമ്പൽ നദിയുടെ തീരത്തിലൂടെ വണ്ടിയോടിച്ചു തെല്ലു ദൂരം ചെന്നപ്പോൾ ചെറിയൊരു ഗ്രാമത്തിലെത്തി. ഇനിയങ്ങോട്ട് മുൾകാടുകളും ചെറിയ മൺ പാതയും മാത്രമാണ് കൂട്ടിന്. ദൂരെ ശാന്തമായി ചമ്പൽ നദിയൊഴുകുന്നത് കാണാനാകുന്നുണ്ട്. നദിയുടെ ഓരത്തിലൂടെ ഏകദേശം രണ്ട് കിലോമീറ്റർ യാത്ര ചെയ്തു ബൈക്ക് ഒരു മരച്ചുവട്ടിൽ ഒതുക്കി വെച്ചു കോട്ട ലക്ഷ്യമാക്കി നടന്നു.

കല്ലും, പാറക്കഷ്ണങ്ങളും നിറഞ്ഞ ദുർഘട പാത താണ്ടി ഒത്തിരി ദൂരം നടന്നു കഴിഞ്ഞപ്പോൾ ചമ്പൽ നദിയിലേക്ക് വെള്ളം ഒഴുകി വരുന്ന വലിയൊരു കിടങ്ങ് കണ്ടു. ഈ കിടങ്ങിൽ മഴക്കാലത്ത് സജീവമാകുന്ന ചെറിയൊരു വെള്ളച്ചാട്ടവും കാണാനാകും. ഭൻവാർകുഞ്ഞ് വെള്ളച്ചാട്ടം എന്നാണിത് അറിയപ്പെടുന്നത്. ചെറിയൊരു കവാടം. അധികം ആളുകൾ കടന്നു വരാത്ത ഒരു കോട്ടയാണെന്ന് വഴികൾ കണ്ടാൽ തോന്നുന്നുണ്ട്. ഈ ചെറിയ കോട്ടയിലിരുന്നാണ് ഭീൽ തലവൻ കോട്ടയും സമീപ പ്രദേശങ്ങളും ഭരിച്ചിരുന്നത്. തകർന്നു തരിപ്പണമായി കിടക്കുന്ന കോട്ടയിലേക്ക് എത്തിപ്പെടാൻ കുറച്ചു കഷ്ടപ്പെട്ടെങ്കിലും മനോഹരമായ ചമ്പൽ നദിയുടെ തീരത്ത് ഇങ്ങനെ ഒരു കോട്ട പണിതതിൽ ആർക്കും അത്ഭുതം തോന്നിപ്പോകും. ദൂരെ ഓളം വെട്ടാതെ ശാന്തമായി ഒഴുകുന്ന ചെമ്പൽ നദി മുറിച്ചുകടന്നു ഇവിടെക്കെത്തിപ്പെടുക പ്രയാസകരമായതുകൊണ്ടാകണം

ഭീൽ ഗോത്രം ഇവിടെയൊരു കോട്ട പണിതുട്ടുണ്ടാകാനുള്ള പ്രധാന കാരണം.
രാജസ്ഥാനിലെ പ്രധാന പുരാതന ഗോത്ര വിഭാഗമാണ് ഭീൽ ഗോത്രം. വടക്ക് തെക്കൻ രാജസ്ഥാനിൽ രജപുത്രരുടെ ഉദയത്തിനും മുമ്പെ ഹദോതി മേഖലയിലും ഭീൽമാരുടെ ഇത്തരം നിരവധി ചെറിയ സാമ്രാജ്യങ്ങൾ ഉണ്ടായിരുന്നു. അമ്പും വില്ലും ഉപയോഗിച്ച് വേട്ടയാടുന്ന ഒരു പ്രത്യേക വിഭാഗത്തിന് പുരാതന സംസ്കാര സാഹിത്യത്തിൽ ഭീൽ എന്ന നാമം ഉപയോഗിച്ചിരുന്നതായി കാണാം. പിൽക്കാല സാഹിത്യത്തിൽ ഈ സാഹചര്യം ഏറെക്കുറെ നിലനിർത്തിപ്പോന്നു.

മേവാർ, ബഗഡ്, ഗോവാദ് മേഖലകളിൽ മീന, ബീൽ, ദാമോർ, ഗരാസിയ എന്നീ നാല് വ്യത്യസ്ത ഗോത്രങ്ങളാണ് വസിച്ചിരുന്നത്. എന്നാൽ പിന്നീട് പത്രപ്രവർത്തകരും എഴുത്തുകാരും ഈ നാല് ഗോത്രത്തിനും ഭീൽ എന്ന ഒറ്റ നാമം മാത്രമാണ് ഉപയോഗിച്ചു പോന്നത്. ഇന്നും മേൽപ്പറഞ്ഞ ഇടങ്ങളിൽ ഭീൽ ഗോത്രക്കാർ മാത്രമേ താമസിക്കുന്നുള്ളൂവെന്ന് ആളുകൾ പൊതുവെ വിശ്വസിച്ചുപോരുന്നു. പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ, വില്ല് എന്നർഥം വരുന്ന “ഭീൽ’ എന്ന ദ്രാവിഡ പദത്തിൽ നിന്നാണ് ഈ വാക്ക് ഉത്ഭവിച്ചത്. വില്ലും അമ്പും തന്നെ ആയിരുന്നു ഭീൽമാരുടെ പ്രധാന ആയുധം. അതിനാൽ ആ ആളുകളെ ഭീൽസ് എന്ന് വിളിക്കാൻ തുടങ്ങി.

മറ്റൊരു അഭിപ്രായമനുസരിച്ച്, ഇന്ത്യയിലെ ഏറ്റവും പഴയ ഗോത്രമാണ് ഭീൽസ് എന്നും പറയപ്പെടുന്നുണ്ട്.പുരാതന കാലത്ത് രാജവംശങ്ങൾക്കിടയിൽ ഇവർ വിഹിൽ എന്നാണറിയപ്പെട്ടിരുന്നത്. ഈ രാജവംശം മലയോര പ്രദേശങ്ങളിൽ കോട്ടകൾ കെട്ടി ഭരിച്ചു. ഇന്നും ഇത്തരം ആളുകൾ പ്രധാനമായും മലയോര പ്രദേശങ്ങളിലാണ് താമസിക്കുന്നത്. ഇന്ദ്രരാജാ, രാജാവ്, ഭീൽരാജ എന്നിങ്ങനെ മൂന്ന് രാജാക്കന്മാർ മാത്രമേ ലോകത്ത് ഇവർക്കിടയിൽ പ്രസിദ്ധരായിട്ടുള്ളൂ.
രാജസ്ഥാനിലെ മിക്ക ജില്ലകളിലും ഇന്ന് ബീൽ ഗോത്രങ്ങളുണ്ട്.

രാജസ്ഥാൻ കൂടാതെ മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ഉണ്ട്. രജപുത്രരുടെ ഉദയത്തിനുമുമ്പ് രാജസ്ഥാൻ പ്രദേശങ്ങളിൽ ബീൽ സാമ്രാജ്യങ്ങൾ നിലനിന്നിരുന്നു. എന്നാൽ രജപുത്ര നിർമിതിക്കിടയിൽ അവയെല്ലാം പതിയെ നാമാവശേഷമാവുകയാണുണ്ടായത്. ചിലതൊക്കെ ഇന്നും സംരക്ഷിക്കപ്പെടാതെ കിടക്കുകയാണ്. അതിലൊന്നാണ് കൊട്ടിയ ഭീൽ കൊട്ട 700-800 ലധികം വർഷങ്ങൾക്ക് മുമ്പ് ഒരു കോട്ട സ്ഥാപിച്ചതിന് തെളിവെന്നോണം കോട്ടയുടെ അടിത്തറകൾ മാത്രമാണ് ഇന്നിവിടെ കാണാനാകുക. ബാക്കിയെല്ലാം നിലംപൊത്തിയിട്ടുണ്ട്.

abuvk55@gmail.com

Latest