periya murder
പെരിയ ഇരട്ടക്കൊല: സി ബി ഐ അന്വേഷണം കണ്ണൂരിലേക്കും
കൂടുതൽ പേർ പ്രതികളാകുമെന്ന് സൂചന
കാസർകോട് | പെരിയ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് സി പി എം ജില്ലാ സെക്രട്ടേറിയറ്റംഗവും മുൻ എം എൽ എയുമായ കെ വി കുഞ്ഞിരാമനടക്കം 24 പേരെ സി ബി ഐ പ്രതിചേർത്തതോടെ അന്വേഷണം കണ്ണൂർ ജില്ലയിലേക്ക് കൂടി വ്യാപിപ്പിച്ചു.
ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് ആദ്യ ദിവസങ്ങളിൽ നടത്തിയ അന്വേഷണം ശരിയായ രീതിയിൽ പോകുന്നുവെന്ന പ്രതീതി വന്നപ്പോൾ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റി. ഇതോടെ കേസിന്റെ ഗതിമാറി.
അന്ന് അടിയന്തരമായി രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ ചില ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. കഴിഞ്ഞ ദിവസം സി ബി ഐ അറസ്റ്റ് ചെയ്ത ചിലരുടെ പേരുകൾ ആദ്യ അന്വേഷണത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കിടയിൽ ഉയർന്നുവന്നിരുന്നു. പള്ളിക്കര പഞ്ചായത്തിലെ ഒരു രഹസ്യകേന്ദ്രത്തിൽ പ്രതികളെ തേടിയെത്തിയ സംഘം ഒരാളെ മോചിപ്പിച്ച് കൊണ്ടുപോയതുൾപ്പെടെ നിരവധി സംഭവങ്ങളുണ്ടായിരുന്നു. അഞ്ച് പേർ ഓടിരക്ഷപ്പെടുകയായിരുന്നു. അവിടെയുണ്ടായിരുന്ന ഒരാളെയും വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ, പിറ്റേദിവസം ആറ് പേരെയും ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ സ്റ്റേഷനിൽ ഹാജരാക്കി. ഇതിന് പിന്നിൽ രാഷ്ട്രീയ ഇടപെടൽ നടന്നതായി ആരോപണമുയർന്നിരുന്നു. നേരത്തേ കേസിൽ പ്രതിയായ നിലവിലെ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ, കെ വി കുഞ്ഞിരാമൻ, പാർട്ടി ഓഫീസ് സെക്രട്ടറി ഉൾപ്പെടെയുള്ളവരുടെ പങ്കാളിത്തം ആദ്യ അന്വേഷണ സംഘം ചൂണ്ടിക്കാട്ടിയിരുന്നു. കൂടുതൽ പേരുകൾ പ്രതിസ്ഥാനത്ത് വരാൻ സാധ്യതയുണ്ടെന്നാണ് സൂചന.
അതിനിടെ കൃത്യം നിർവഹിച്ച ശേഷം വസ്ത്രങ്ങൾ കത്തിക്കാൻ ഉപദേശം നൽകിയ അഭിഭാഷകനും പങ്കുണ്ടെന്ന സൂചനകൾ പുറത്തുവരുന്നുണ്ട്. കണ്ണൂരിൽ നിന്നുള്ള ക്വട്ടേഷൻ സംഘമാണ് പെരിയയിലെ ഇരട്ടക്കൊലക്ക് നേതൃത്വം നൽകിയതെന്ന് കഴിഞ്ഞ ദിവസം കെ സുധാകരൻ ആരോപിച്ചിരുന്നു.