Connect with us

Kerala

പെരിയ ഇരട്ടക്കൊല; അഞ്ച് പ്രതികളുടേയും ജാമ്യാപേക്ഷ കോടതി തള്ളി

ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്ന സിബിഐ വാദം അംഗീകരിച്ചാണ് നടപടി.

Published

|

Last Updated

കൊച്ചി | |പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത അഞ്ച് പ്രതികളുടേയും ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം സിജെഎം കോടതിയുടേതാണ് ഉത്തരവ്. സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു, ഏച്ചിലടുക്കം സ്വദേശികളായ വിഷ്ണു സുര, ശാസ്താ മധു, റജി വര്‍ഗീസ്, ഹരിപ്രസാദ് എന്നിവരുടെ ജാമ്യാപേക്ഷയാണ് തളളിയത്. ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്ന സിബിഐ വാദം അംഗീകരിച്ചാണ് നടപടി.

കേസില്‍ മുഴുവന്‍ പ്രതികളും അറസ്റ്റിലായെന്നും കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ തടവില്‍ കഴിയേണ്ടതിന്റെ ആവശ്യം ഇല്ലെന്നുമായിരുന്നു പ്രതിഭാഗം വാദം. എന്നാല്‍ ഈ വാദം തള്ളിയാണ് കോടതി ജാമ്യ ഹരജി തള്ളിയത്.

പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. ഉദുമ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ 24 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. കെ വി കുഞ്ഞിരാമന്‍ കേസിലെ ഇരുപതാം പ്രതിയാണ്. 14 പ്രതികളെ നേരത്തെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇതുകൂടാതെയാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറി രാജേഷ് ഉള്‍പ്പെടെ അഞ്ച് പേരെ സിബിഐ അറസ്റ്റ് ചെയ്തത്. 2019 ഫെബ്രുവരി 17 നാണ് പെരിയയില്‍ യുവാക്കളെ കൊലപ്പെടുത്തുന്നത്. സിബിഐ തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് കൊച്ചി സിജെഎം കോടതിയില്‍ കുറ്റപത്രം നല്‍കിയത്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് പെരിയ കേസ് സിബിഐ ഏറ്റെടുക്കുന്നത്.

 

Latest