Kerala
പെരിയ ഇരട്ടക്കൊല; ഉദുമ മുന്‍ എം എല്‍ എ. കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ നാല് പ്രതികള്‍ക്ക് സോപാധിക ജാമ്യം
തിരുവനന്തപുരം | പെരിയ ഇരട്ടക്കൊലക്കേസില്‍ ഉദുമ മുന്‍ എം എല്‍ എയും സി പി എം കാസര്‍കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ നാല് പ്രതികള്‍ക്ക് സോപാധിക ജാമ്യം. പാസ്‌പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി പ്രതികള്‍ക്ക് നിര്‍ദേശം നല്‍കി. കാസര്‍കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ വി കുഞ്ഞിരാമന് പുറമെ സി പി എം നേതാവ് കെ വി ഭാസ്‌കരന്‍, ഗോപന്‍ വെളുത്തോളി, സന്ദീപ് വെളുത്തോളി എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. സി ബി ഐ കേസില്‍ പ്രതിചേര്‍ത്ത ഇവര്‍ ഇന്ന് എറണാകുളം സി ജെ എം കോടതിയില്‍ ഹാജരാവുകയായിരുന്നു.
കേസില്‍ ജാമ്യം നേടിയ മൂന്ന് പേരും പ്രതിചേര്‍ക്കപ്പെട്ട അഞ്ച് പേരുമുള്‍പ്പെടെ എല്ലാവരോടും കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ കെ വി കുഞ്ഞിരാമന്‍, സി പി എം നേതാവ് കെ വി ഭാസ്‌കരന്‍, ഗോപന്‍ വെളുത്തോളി, സന്ദീപ് വെളുത്തോളി എന്നിവര്‍ ഹാജരായില്ല. നോട്ടീസ് ലഭിക്കാന്‍ വൈകിയതിനാലാണ് ഹാജരാകാത്തതെന്ന് ഇവരുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഇവരോട് 22 ന് ഹാജരാവന്‍ കോടതി നിര്‍ദേശം നല്‍കി. 24 പ്രതികളുള്ള കേസില്‍ 16 പേര്‍ ജയിലിലാണ്. കേസില്‍ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതികളുടെ റിമാന്‍ഡ് കാലാവധി ഈ മാസം 29 വരെ നീട്ടിയിരിക്കുകയാണ്.