Kerala
വന്‍ കഞ്ചാവ് വേട്ട: ക്രിമിനല്‍ കേസുകളിലെ പ്രതി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍
ലോറി കൊട്ടാരക്കര സ്വദേശിയായ അനില്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
പത്തനംതിട്ട | 18 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍.തിരുവല്ല പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊല്ലം പുനലൂര്‍ പിറവന്തൂര്‍ കറവൂര്‍ പാലമൂട്ടില്‍ വീട്ടില്‍ എസ് സന്ദീപ്(24), കൊടുമണ്‍ ആയിക്കാട് കോടിയില്‍ വീട്ടില്‍ ജിതിന്‍ മോഹന്‍(39) എന്നിവരാണ് അറസ്റ്റിലായത്.
വാഹനത്തില്‍ നിന്നും ഒരു എയര്‍ ഗണ്ണും പോലീസ് കണ്ടെത്തിയിട്ടുണ്ട്.തിരുവല്ല മുത്തൂര്‍ ഭാഗത്ത് നിന്നും വരികയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയിലാണ് പ്രതികള്‍ കഞ്ചാവ് കടത്തിയത്. ലോറിയില്‍ 12 പായ്ക്കറ്റിലായി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് വാഹനത്തില്‍ നിന്നും പോലീസ് കണ്ടെത്തിയത്. ചരക്കുമായി കൊല്‍ക്കത്തക്ക് പോയി മടങ്ങി വരുന്ന വഴി ഒറീസയില്‍ നിന്നാണ് പ്രതികള്‍ കഞ്ചാവ് വാഹനത്തില്‍ കടത്തിയത്.
ലോറി കൊട്ടാരക്കര സ്വദേശിയായ അനില്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കാപ്പാ കേസില്‍ ഉള്‍പ്പെട്ട അടൂര്‍ സ്വദേശി വിഷ്ണു വിജയന് ബന്ധമുള്ളതായും വെളിവായിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം കഞ്ചാവിന്റെ ഉറവിടം തുടങ്ങിയ കാര്യങ്ങളില്‍ വിശദമായ അന്വേഷണം ആരംഭിച്ചു. പ്രതികളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
ജിതിന്‍ കൊടുമണ്‍, അടൂര്‍, പത്തനംതിട്ട, കൊല്ലം ജില്ലയിലെ കുന്നിക്കോട്, പുനലൂര്‍, കുണ്ടറ, പൂയപ്പള്ളി, പത്തനാപുരം, കരുനാഗാപ്പള്ളി എന്നീ പോലീസ് സ്റ്റേഷനുകള്‍ കൂടാതെ വര്‍ക്കല, കായം കുളം പോലീസ് സ്റ്റേഷനുകളിലും രജിസ്റ്റര്‍ ചെയ്ത വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.