Connect with us

COP26 Summit

വലിയ ലക്ഷ്യങ്ങള്‍- വലിയ കടമ്പകള്‍; ആഗോള കാലാവസ്ഥാ ഉച്ചകോടി തുടരുന്നു

''ഒറ്റ രാത്രികൊണ്ട് കഥ മാറ്റാനുള്ള വിഭവങ്ങളും സാധ്യതകളും നിങ്ങള്‍ക്കുണ്ട്. ആ വെല്ലുവിളി സ്വീകരിക്കണോ വേണ്ടയോ എന്നത് നിങ്ങളുടെ തീരുമാനമാണ്. രണ്ടായാലും ചരിത്രം നിങ്ങളെ വിധിക്കും''

Published

|

Last Updated

ലോകമെമ്പാടുമുള്ള പ്രിയ മാധ്യമ പത്രാധിപന്മാരേ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് രണ്ട് ദിവസം മുമ്പ് സ്വീഡിഷ് സ്‌കൂള്‍ വിദ്യാര്‍ഥിനിയായ ഗ്രേറ്റാ തന്‍ബേര്‍ഗും ഉഗാണ്ടയില്‍ നിന്നുള്ള വനേസ്സാ നകാതേയും പങ്കുവെച്ച തുറന്ന കത്ത് ഇന്ന് ലോകമെമ്പാടും ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. തങ്ങളുടെ അവസാന പ്രതീക്ഷളില്‍ ഒരാളാണ് നിങ്ങള്‍ എന്ന് അവസാന പാരഗ്രാഫില്‍ ലോക മാധ്യമങ്ങളില്‍ പ്രതീക്ഷ അര്‍പ്പിക്കുന്ന ഇവരുടെ കത്ത് അവസാനിക്കുന്നത് ഇങ്ങനെയാണ്,
ഒറ്റ രാത്രികൊണ്ട് കഥ മാറ്റാനുള്ള വിഭവങ്ങളും സാധ്യതകളും നിങ്ങള്‍ക്കുണ്ട്. ആ വെല്ലുവിളി സ്വീകരിക്കണോ വേണ്ടയോ എന്നത് നിങ്ങളുടെ തീരുമാനമാണ്. രണ്ടായാലും ചരിത്രം നിങ്ങളെ വിധിക്കും.

ഫ്രൈഡേ ഫോര്‍ ഫ്യൂച്ചര്‍ എന്ന പരിസ്ഥിതിക്ക് വേണ്ടി വാദിക്കുന്ന സംഘടനയുടെ പേരിലാണ് ഗ്രേറ്റ തന്‍ബേര്‍ഗ് അറിയപ്പെടുന്നത്. അതേസമയം, ഉഗാണ്ടയില്‍ ആരംഭിച്ച റൈസ് അപ് പ്രസ്ഥാനത്തിന്റെ അമരക്കാരിയാണ് വനേസ്സാ നകാതേ. തങ്ങളുടെ വാക്കുകള്‍ കൊണ്ടും പ്രവര്‍ത്തികള്‍ കൊണ്ടും പരിസ്ഥിതിക്ക് വേണ്ടി നാം ഇനി പ്രവര്‍ത്തിച്ചു തുടങ്ങണം എന്ന് ആവര്‍ത്തിച്ച് ആഹ്വാനം ചെയ്യുന്ന ഇവര്‍, ബ്രിട്ടനിലെ ഗ്ലാസ്‌ഗോവില്‍ നടക്കുന്ന ആഗോള കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് സംയുക്തമായി ഇക്കാര്യത്തില്‍ മാധ്യമങ്ങളുടെ ശ്രദ്ധ ആവശ്യപ്പെട്ടുകൊണ്ട് കത്തെഴുതുന്നത്. ഒക്ടോബര്‍ 31 ന് ആരംഭിച്ച് നവംബര്‍ 12 വരെ നീണ്ടുനില്‍ക്കുന്ന, നമ്മള്‍ മലയാളികള്‍ ആഗോള കാലാവസ്ഥാ ഉച്ചകോടിയെന്ന പേര് വിളിക്കുകയും ദേശീയ- അന്തര്‍ദേശീയ മാധ്യമങ്ങളില്‍ സി ഓ പി26 എന്ന പേരില്‍ അറിയപ്പെടുകയും ചെയ്യുന്ന ഈ ഉച്ചകോടി എന്താണെന്ന് പരിശോധിക്കാം.

സി ഓ പി26 എന്നറിയപ്പെടുന്ന ഈ ഉച്ചകോടിയുടെ പേരിന്റെ പൂര്‍ണ്ണ രൂപം കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസ് എന്നാണ്. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ദുരന്തങ്ങള്‍ ഒഴിവാക്കാനുള്ള ഐക്യ രാഷ്ട്ര സംഘടനയുടെ ഉടമ്പടിയില്‍ ഒപ്പുവെച്ചിട്ടുള്ള 196 രാജ്യങ്ങളുടെ വാര്‍ഷിക സമ്മേളനമാണിത്. ഇത്തരത്തില്‍ 26ാമത് ആഗോള ഉച്ചകോടി ആയതിനാലാണ് സി ഓ പി26 എന്ന് ഈ ഉച്ചകോടി അറിയപ്പെടുന്നത്. ഒക്ടോബര്‍ 31 ന് ആരംഭിച്ച ഈ വര്‍ഷത്തെ ഉച്ചകോടി നവംബര്‍ 12 വരെ നീണ്ട് നില്‍ക്കും. ഇംഗ്ലണ്ടിലെ ഗ്ലാസ്‌ഗോ നഗരമാണ് ഇത്തവണ ഉച്ചകോടിക്ക് ആതിഥ്യമരുളുന്നത്.

വ്യവസായ വിപ്ലവം മൂലം ലോകത്ത് ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ചുള്ള വ്യവസായങ്ങള്‍ കൂടുതലായി ആരംഭിക്കുകയുണ്ടായി. ഇത് മൂലം അന്തരീക്ഷത്തിലേക്ക് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് അനിയന്ത്രിതമായി എത്തിച്ചേരുകയും അന്തരീക്ഷത്തില്‍ ചൂട് തങ്ങിക്കിടന്ന് താപനില ഉയരുവാനും കാരണമായി. ഇതുവരെ അന്തരീക്ഷ താപനിലയില്‍ 1.2 ഡിഗ്രീ സെല്‍ഷ്യസിന്റെ അധിക താപനില രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇത് രണ്ട് ഡിഗ്രീ സെല്‍ഷ്യസിന് താഴെ നിലനിര്‍ത്താനുള്ള തീരുമാനം 2015 ലെ പാരീസ് ഉടമ്പടിയില്‍ തന്നെയുണ്ട്. ഇതിലും താഴെയായി 1.5 ഡ്രിഗ്രീ സെല്‍ഷ്യസില്‍ അഗോള താപനം നിലനിര്‍ത്തുക എന്നതാണ് ഇപ്പോള്‍ ഉയരുന്ന ആവശ്യം.

ആഗോള താപനില 1.5 ഡ്രിഗ്രിയില്‍ നിലനിന്നാലും ഭൂമിക്ക് സാരമായ പരിക്കുകള്‍ പറ്റും എന്നതാണ് യാഥാര്‍ഥ്യം. ഈ താപനിലയില്‍ സമുദ്ര നിരപ്പ് ഉയരുകയും പവിഴപ്പുറ്റുകളുടെ നാശവും ചൂട് കാറ്റിന്റെ വര്‍ധനവും വരള്‍ച്ചയും വെള്ളപ്പൊക്കവും ശക്തിയേറിയ കൊടുങ്കാറ്റുകളും ഉണ്ടാവാനുള്ള സാധ്യത സജീവമായി തന്നെ നിലനില്‍ക്കുന്നു. എന്നാല്‍, രണ്ട് ഡിഗ്രിയില്‍ ഉള്ളതിനേക്കാള്‍ വളരേയധികം കുറവ് പരിണിതകളേ ഈ താപനിലയില്‍ ഉണ്ടാവുകയുള്ളൂ എന്നതിനാലാണ് 1.5 ഡിഗ്രിയില്‍ നിലനിര്‍ത്തുക എന്ന ആവശ്യം സജീവമായി ഉയരുന്നത്.

കൊവിഡ് അടച്ചിടലുകളെ തുടര്‍ന്ന് വ്യവസായങ്ങള്‍ പുറംന്തള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവില്‍ വലിയ കുറവ് ഉണ്ടായിട്ടുണ്ട് എന്ന് പഠനങ്ങള്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍, കൊവിഡ് നിയന്ത്രണങ്ങളില്‍ നിന്ന് വ്യവസായങ്ങളും കരകയറാന്‍ തുടങ്ങിയതോടെ ഇതും ഏതാണ്ട് പഴയ നിലയിലേക്ക് എത്തിച്ചേരുന്നുണ്ട്. ആഗോള താപനില 1.5 ഡിഗ്രിയില്‍ തുടരണമെങ്കില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ ആഗോള പുറംന്തള്ളല്‍ ഈ ദശാബ്ദത്തിന്റെ അന്ത്യത്തോടെ ഏഴ് ശതമാനമായി കുറയണം. ഇതാണ് ഉച്ചകോടിയുടെ പ്രഥമ ലക്ഷ്യം.

ഇതിന് പുറമെ, ‘നെറ്റ് സീറോ’ എന്ന ലക്ഷ്യത്തിലേക്ക് കൂടതല്‍ രാജ്യങ്ങളെ എത്തുവാന്‍ പ്രേരിപ്പിക്കാനും ഈ ഉച്ചകോടി ലക്ഷ്യമിടുന്നു. അന്തരീക്ഷത്തില്‍ ബഹിര്‍ഗമിക്കുന്ന ഹരിത ഗൃഹവാതകങ്ങളുടേയും അന്തരീക്ഷത്തില്‍ നിന്ന് ഒഴിവാക്കപ്പെടുന്ന ഹരിത ഗൃഹവാതകങ്ങളുടേയും അളവ് ഏതാണ്ട് തുല്യമാവുന്നതിനെയാണ് നെറ്റ് സീറോ എന്ന് പറയുന്നത്. 2050 ഓടെയാണ് നെറ്റ് സീറോ എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാന്‍ ഈ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന രാജ്യങ്ങള്‍ ലക്ഷ്യമിടുന്നത്.

കല്‍ക്കരി ഉപയോഗം കുറക്കുക, മീഥൈന്‍ വാതകത്തിന്റെ ബഹിര്‍ഗമനം ഇല്ലാതാക്കുക, പ്രകൃതിയെ മുന്‍ നിര്‍ത്തി കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലങ്ങളെ നേരിടുക, പരിസ്ഥിതി സംരക്ഷിക്കാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെടുന്ന ദരിദ്ര രാജ്യങ്ങള്‍ക്ക് ആവശ്യമായ ധനസഹായം ഉറപ്പ് വരുത്തുക എന്നതും ആഗോള കാലാവസ്ഥാ ഉച്ചകോടിയുടെ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു.

എന്നാല്‍, ഈ ഉച്ചകോടി മുന്നോട്ട് വെക്കുന്ന ലക്ഷ്യത്തിലേക്ക് ഉടന്‍ തന്നെ എത്തിച്ചേരാനുള്ള ഒരു സാധ്യതയും ഇല്ലെന്ന് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന പ്രധാന രാഷ്ട്രങ്ങളായ അമേരിക്കയും ഇംഗ്ലണ്ടും മുമ്പേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഹരിതഗൃഹ വാതകങ്ങള്‍ ഏറ്റവുമധികം പുറന്തള്ളുന്ന രാജ്യങ്ങളില്‍ മുന്നിലാണ് ഇന്ത്യ. 2050 ഓടെ നെറ്റ് സീറോയാക്കുക എന്ന ലക്ഷ്യത്തിലേക്ക് നടന്നാല്‍ ഇന്ത്യയുടെ ഉത്പാദനത്തെയും സന്പദ്വ്യവസ്ഥയെയും ബാധിക്കും എന്നുള്ളത് ഇന്ത്യക്ക് മുന്നിലും ഒരു പ്രധാന പ്രതിസന്ധിയാണ്.

Latest