Connect with us

From the print

വിദ്യാർഥി കുടിയേറ്റത്തിൽ വൻകുതിപ്പ്; അഞ്ച് വർഷത്തിനിടെ വർധിച്ചത് 52 ശതമാനം

വിദ്യാർഥികൾ നാടുവിടുന്നത് 17 വയസ്സിന് മുമ്പ് • 30 ശതമാനവും യു കെയിൽ

Published

|

Last Updated

തിരുവനന്തപുരം | ഉപരിപഠനത്തിനായി കേരളം വിടുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ വൻ വർധനയെന്ന് സംസ്ഥാന സർക്കാറിന്റെ സർവേ റിപോർട്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിദ്യാർഥി കുടിയേറ്റത്തിൽ 51.9 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് 2018ൽ 1,29,763 വിദ്യാർഥികളാണ് ഉപരി പഠനത്തിനായി വിദേശ രാജ്യങ്ങളിലേക്ക് കുടിയേറിയതെങ്കിൽ 2023ൽ അത് 2,50,000 ആയി വർധിച്ചു. കേരളത്തിൽ നിന്നുള്ള പ്രവാസത്തിന്റെ സ്വഭാവത്തിൽ വരുന്ന മാറ്റം ചൂണ്ടിക്കാണിക്കുന്നതാണ് ഈ കണക്കെന്ന് പറഞ്ഞുവെക്കുന്ന സർവേ 17 വയസ്സിന് മുമ്പുതന്നെ നാടു വിടുന്നവരുടെ എണ്ണത്തിൽ വൻവർധനയുണ്ടെന്നും വിദേശത്ത് പഠിക്കാൻ യുവതലമുറ കൂടുതൽ താത്പര്യം കാണിക്കുന്നുവെന്നും എടുത്തുപറയുന്നുണ്ട്. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ ഡോ. ഇരുദയ രാജന്റെ നേതൃത്വത്തിൽ നടത്തിയ മൈഗ്രേഷൻ സർവേ റിപോർട്ട് കഴിഞ്ഞ ദിവസം ലോക കേരള സഭയുടെ ഉദ്ഘാടന വേദിയിൽ വെച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.

വിദ്യാർഥി കുടിയേറ്റം സുരക്ഷിതമാക്കുന്നതിനും അത് സംസ്ഥാനത്തിന്റെ വികസനത്തിന് പ്രയോജനപ്പെടുത്തുന്നതിനുമുള്ള നിരവധി ശിപാർശകൾ സർവേ റിപോർട്ട് സർക്കാറിന് മുന്നിൽ വെക്കുന്നുണ്ട്. കേരളത്തിൽ നിന്ന് വിവിധ രാജ്യങ്ങളിൽ കുടിയേറിയ പ്രവാസികളിൽ 11.3 ശതമാനം പേർ വിദ്യാർഥികളാണ്. ഇതിൽ 30 ശതമാനവും യു കെയിലാണ് പഠിക്കുന്നത്. അതേസമയം പഠനത്തിനായി വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന വിദ്യാർഥികളെ പഠനത്തിന് ശേഷം നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള നയം വേണമെന്നും വിദ്യാർഥി കുടിയേറ്റം വർധിക്കുമ്പോൾ ഉണ്ടാകാനിടയുള്ള തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും ഇതോടൊപ്പം കേരളത്തിൽ മികച്ച വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും സർവേ മുന്നറിയിപ്പ് നൽകുന്നു.

ഈ മേഖലയിലെ തട്ടിപ്പും വഞ്ചനയും ഇല്ലാതാക്കാൻ ഭാഷാ പരിശീലന കേന്ദ്രങ്ങളുടെയും വിദേശ റിക്രൂട്ട്‌മെന്റ് ഏജൻസികളുടെയും പ്രവർത്തനങ്ങളിൽ നിരീക്ഷണവും നിയന്ത്രണവും ഉറപ്പാക്കണം. വിദേശത്തുനിന്ന് മികച്ച നൈപുണ്യം നേടിയശേഷം നാട്ടിലേക്ക് മടങ്ങാൻ അന്താരാഷ്ട്ര വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്ന നയവും പദ്ധതികളും വികസിപ്പിക്കണം. ഏഷ്യൻ ഡെവലപ്‌മെന്റ് ബേങ്ക് സ്ഥാപിച്ച മാതൃക പിന്തുടർന്ന് ഒരു എമിഗ്രേഷൻ ഡെവലപ്‌മെന്റ് ബേങ്കിനെക്കുറിച്ച് ചിന്തിക്കണം. പ്രവാസികൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നത് കേരളത്തിന്റെ വികസനത്തിൽ അവരുടെ പങ്ക് വർധിപ്പിക്കുമെന്ന യാഥാർഥ്യം തിരിച്ചറിയണം. എന്തുകൊണ്ടാണ് വിദ്യാർഥി കുടിയേറ്റത്തിൽ വൻ വർധനയുണ്ടായതെന്ന കാര്യത്തിൽ വസ്തുതാപരമായ അന്വേഷണം നടത്തണം. കുടിയേറ്റത്തിലെ പുതിയ പ്രവണതകൾ കേരളത്തിന്റെ ജനസംഖ്യാ ഘടനയിലും സമ്പദ് വ്യവസ്ഥയിലും കാര്യമായ സ്വാധീനം ചെലുത്തുന്നതാണെന്നിരിക്കെ ഇക്കാര്യത്തിൽ നയപരമായ ഇടപെടലുകൾ അനിവാര്യമാണ്. അതേസമയം കേരളത്തിൽ നിന്നുള്ള വിദ്യാർഥി കുടിയേറ്റം വർധിക്കുന്നതിന്റെ കാരണത്തെ കുറിച്ച് റിപോർട്ടിൽ പരാമർശമില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രവാസികളുള്ളത് വടക്കൻ ജില്ലകളിലാണ്. മലപ്പുറം, തിരൂർ താലൂക്കാണ് പ്രവാസികളുടെ എണ്ണത്തിൽ മുന്നിൽ. ഒരു ലക്ഷം പ്രവാസികളാണ് ഇവിടെ നിന്നുള്ളത്. ഇടുക്കി ദേവികുളം താലൂക്കാണ് പ്രവാസികളുടെ എണ്ണത്തിൽ ഏറ്റവും പിന്നിൽ. ഏറ്റവും കൂടുതൽ മലയാളി കുടിയേറ്റക്കാരുള്ളത് ഗൾഫ് രാജ്യങ്ങളിൽ തന്നെയാണ്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

---- facebook comment plugin here -----

Latest