hotel
പാർസൽ ഉരുപ്പടികൾക്ക് വൻ വിലക്കയറ്റം; ഹോട്ടലുകൾ പ്രതിസന്ധിയിൽ
40 ശതമാനം വില വർധന
കോഴിക്കോട് | ഹോട്ടലുകളിൽ പാർസൽ സാധനങ്ങൾ പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന ഉരുപ്പടികൾക്ക് വൻ വിലക്കയറ്റം. നേരത്തേയുണ്ടായിരുന്ന വിലയേക്കാൾ 40 ശതമാനത്തോളമാണ് വില വർധന. ബിരിയാണിയും മറ്റും പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന അലൂമിനിയം കണ്ടയ്‌നർ നൂറ് എണ്ണത്തിന്റെ പാക്കിന് നൂറ് രൂപയോളമാണ് വർധിച്ചത്. നേരത്തേ 240 രൂപയുണ്ടായിരുന്നിടത്ത് ഇപ്പോൾ 340 രൂപയാണ് വില. അലൂമിനിയം ഫോയിൽ കവറുകൾക്ക് കിലോഗ്രാമിന് 190 രൂപയായിരുന്നത് 225 ആയി വർധിച്ചു. അലൂമിനിയം ഉത്പന്നങ്ങൾക്ക് കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിലുണ്ടായ വില വർധനയാണ് ഇത്തരം ഉത്പന്നങ്ങളുടെ വില വർധനവിന് കാരണം.
ക്യാരിബേഗിന് 25 ശതമാനത്തോളമാണ് വില വർധന. പൊറോട്ടയും മറ്റും പൊതിയാൻ ഉപയോഗിക്കുന്ന എച്ച് എം ഷീറ്റിനും കവറിനും വില വർധിച്ചിട്ടുണ്ട്. കൂടാതെ, വില വർധിച്ചതോടെ പാർസൽ പൊതിയാൻ ഉപയോഗിക്കുന്ന ഷീറ്റുകളുടെയും മറ്റും ഗുണനിലവാരത്തിലും കുറവുണ്ടെന്നാണ് ഹോട്ടൽ കച്ചവടക്കാർ പറയുന്നത്. ഇത്തരം ഗുണനിലവാരമില്ലാത്ത വസ്തുക്കളിലെ പാക്കിംഗ് ആരോഗ്യത്തിനും ഹാനികരമാണ്. ബേക്കറി കവറുകൾക്കും വില കൂടിയിട്ടുണ്ട്. കടലാസിന്റെ വില വർധനയാണ് ഇതിന് കാരണം.
വൻകിട ഹോട്ടലുകൾ പാർസൽ ചാർജ് പ്രത്യേകമായി ഈടാക്കാറുണ്ട്. അവർക്ക് പുതിയ സാഹചര്യത്തിൽ ചാർജ് വർധിപ്പിക്കുകയും ചെയ്യാം.
ഈ രീതിയിൽ അത്യാവശ്യം വലിയ ഹോട്ടലുകളിൽ നിന്ന് ഭക്ഷണ സാധനങ്ങൾ വാങ്ങുന്നവർ ഭക്ഷണത്തിന്റെ വിലക്ക് പുറമെ ജി എസ് ടിയും പാർസൽ ചാർജും അടക്കം നല്ലൊരു തുക നൽകേണ്ട അവസ്ഥയാണ്. എന്നാൽ, പാർസൽ ചാർജ് ഈടാക്കാത്ത ചെറുകിട ഹോട്ടലുകളാണ് വില വർധനയോടെ കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നത്. കൊവിഡ് രൂക്ഷമായ സമയത്ത് പാർസൽ സൗകര്യം മാത്രമേ ഹോട്ടലുകളിൽ അനുവദിച്ചിരുന്നുള്ളൂവെങ്കിലും നിലവിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്. എന്നാലും പാർസലായി വാങ്ങുന്നവരുടെ എണ്ണം കൊവിഡിന് മുമ്പത്തേക്കാളും കൂടിയിട്ടുണ്ട്.