Connect with us

Ongoing News

ലോകസമാധാനത്തില്‍ മതാന്തര സംവാദങ്ങള്‍ക്ക് വലിയ പങ്ക്: ഡോ. ഹുസൈന്‍ സഖാഫി

ഇരുപതാമത് റഷ്യന്‍ മുസ്ലിം ഇന്റര്‍നാഷണല്‍ ഫോറം സമാപിച്ചു

Published

|

Last Updated

ഇരുപതാമത് റഷ്യന്‍ മുസ്ലിം ഇന്റര്‍നാഷണല്‍ ഫോറത്തില്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് പ്രബന്ധം അവതരിപ്പിക്കുന്നു.

കോഴിക്കോട് | വിവിധ മതനേതാക്കള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്നത് ലോകത്ത് സമാധാന അന്തരീക്ഷം സൃഷ്ടിക്കുമെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗവും ജാമിഅ മര്‍കസ് പ്രൊ-ചാന്‍സിലറുമായ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്. ‘സമാധാനത്തിന്റെ മാര്‍ഗം: സഹവര്‍ത്തിത്വത്തിന്റെ സംഭാഷണങ്ങള്‍’ എന്ന പ്രമേയത്തില്‍ റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ നടന്ന ഇരുപതാമത് മുസ്ലിം ഇന്റര്‍നാഷണല്‍ ഫോറത്തില്‍ പ്രബന്ധമവതരിപ്പിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മത നേതാക്കളുടെ സംഭാഷണങ്ങളും സംവാദങ്ങളും രാഷ്ട്രീയവും നയതന്ത്രപരവുമായ സങ്കീര്‍ണതകള്‍ പരിഹരിക്കാന്‍ പര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു.

റിലീജ്യസ് ബോര്‍ഡ് ഓഫ് മുസ്ലിംസ് ഓഫ് ദി റഷ്യന്‍ ഫെഡറേഷന്റെയും റഷ്യന്‍ മുഫ്തീസ് കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളിലെ മുഫ്തിമാരും മതസംഘടനാ നേതൃത്വവും യൂണിവേഴ്സിറ്റി തലവന്മാരും നയതന്ത്ര വിദഗ്ധരും പങ്കെടുത്തു. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രതിനിധിയായാണ് ഹുസൈന്‍ സഖാഫി സമ്മേളനത്തില്‍ സംബന്ധിച്ചത്. ഇത് രണ്ടാം തവണയാണ് അദ്ദേഹം റഷ്യന്‍ സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്.

റഷ്യന്‍ ഫെഡറേഷന്‍ ഡെപ്യൂട്ടി പ്രൈം മിനിസ്റ്റര്‍ ഡോ. മറത്ത് കുസ്നുല്ലിന്‍, മോസ്‌കോ ഇസ്ലാമിക് ഇന്‍സ്റ്റിറ്റ്യൂട്ട് റെക്ടര്‍ ദാമിര്‍ മുഖ്ധീം, ഈജിപ്ത് ഗ്രാന്‍ഡ് മുഫ്തി ഡോ. നസീര്‍ മുഹമ്മദ് അയാദ്, കസാഖിസ്ഥാന്‍ സുപ്രീം മുഫ്തി ശൈഖ് നൗറൂസ്ബയ്, അസര്‍ബൈജാന്‍ റിലീജ്യസ് കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖുല്‍ ഇസ്ലാം അല്ലാഹ് ശുക്കൂര്‍, ഫലസ്തീന്‍ അതോറിറ്റി സുപ്രീം ജഡ്ജ് മഹ്മൂദ് അല്‍ ഹബ്ബാശ്, എത്യോപ്യ ഗ്രാന്‍ഡ് മുഫ്തി ശൈഖ് ഇബ്റാഹീം തൂഫ, അള്‍ജീരിയ സുപ്രീം ഇസ്ലാമിക് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. ബൂ അബ്ദുല്ല ഉള്‍പ്പെടെ റഷ്യക്കകത്തും പുറത്തും നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ പ്രബന്ധം അവതരിപ്പിച്ചു.

 

Latest