Connect with us

From the print

ധീരതക്ക് ബിഗ് സല്യൂട്ട്; താരമായി ജോനാഥ്

സംഭവം കൃത്യമായി എല്ലാവരെയും ധരിപ്പിക്കാനും പോലീസിന് വിവരങ്ങള്‍ കൈമാറാനും ജോനാഥനു കഴിഞ്ഞു.

Published

|

Last Updated

കൊല്ലം | അബിഗേലിന്റെ സഹോദരന്‍ ജോനാഥന്റെ ധൈര്യത്തെ പ്രശംസിച്ച് നാടും നാട്ടുകാരും. സംഭവം കൃത്യമായി എല്ലാവരെയും ധരിപ്പിക്കാനും പോലീസിന് വിവരങ്ങള്‍ കൈമാറാനും ജോനാഥനു കഴിഞ്ഞു. അക്രമി സംഘം കാറിലേക്ക് തന്നെയും വലിച്ചുകയറ്റാന്‍ ശ്രമിച്ചെന്നും എന്നാല്‍ ചെറുത്തുനില്‍ക്കുകയായിരുന്നുവെന്നും ജോനാഥന്‍ വെളിപ്പെടുത്തിയിരുന്നു. ഒരുപക്ഷേ, ജോനാഥനെക്കൂടി കാറില്‍ കയറ്റാനായിരുന്നെങ്കില്‍ കേസിന്റെ ഗതി തന്നെ മറ്റൊന്നാകുമായിരുന്നു.

കുറ്റവാളികളെക്കുറിച്ച് വളരെ കൃത്യമായ വിവരണമാണ് പത്ത് വയസ്സുകാരനായ സഹോദരന്‍ പോലീസുകാര്‍ക്ക് നല്‍കിയത്. എപ്പോഴാണ് സംഭവം നടന്നതെന്നും എവിടെവച്ചാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും സംഘത്തില്‍ എത്രപേര്‍ ഉണ്ടായിരുന്നു എന്നതടക്കം നിര്‍ണായക വിവരങ്ങളാണ് ജോനാഥന്‍ നല്‍കിയത്. സംഭവത്തില്‍ ഉള്‍പ്പെട്ടിരുന്ന സംഘത്തില്‍ മൂന്ന് ആണും ഒരു പെണ്ണുമാണ് ഉണ്ടായിരുന്നതെന്നും പ്രതികള്‍ മാസ്‌ക് ധരിച്ചിരുന്നുവെന്നും വ്യക്തമായി വിവരിച്ചു. തന്നെയും ഒരുഘട്ടത്തില്‍ അവര്‍ കാറില്‍ കയറ്റാന്‍ ശ്രമിച്ചെന്നും കയ്യിലുണ്ടായിരുന്ന കമ്പ് ഉപയോഗിച്ച് ചെറുത്തെന്നുമുള്ള കുട്ടിയുടെ വാക്കുകള്‍ക്കു പിന്നാലെ ഒരു നാടു മുഴുവന്‍ ജാഗരൂകരാകുന്ന കാഴ്ചയ്ക്കും കൊല്ലം സാക്ഷ്യം വഹിച്ചു. കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങള്‍ പോലീസിന്റെ അന്വേഷണത്തില്‍ നിര്‍ണായക മുന്നേറ്റം നല്‍കി. തങ്ങള്‍ സ്‌കൂളിലേക്കു പോകുന്ന വഴി മുന്പും ഇവരെ കണ്ടിരുന്നതായും ജോനാഥന്‍ പറയുന്നു.

വളരെ ആസൂത്രിതമായാണ് സംഘം തട്ടിക്കൊണ്ടുപോകലിന് പദ്ധതിയിട്ടതെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. കാര്‍ നിര്‍ത്തിയിരുന്ന സ്ഥലവും മറ്റ് വിവരങ്ങളും പോലീസിനു വ്യക്തമായി കാണിച്ചു നല്‍കി. കുറ്റവാളികള്‍ ജില്ലവിട്ടു പോകാതിരിക്കാന്‍ പോലീസ് വളരെ വേഗത്തില്‍ തന്നെ നടപടികള്‍ സ്വീകരിച്ചു.

 

Latest