Ongoing News
വീണ്ടും വമ്പന്‍ ജയം; ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ
90 റണ്‍സിനാണ് ഇന്ത്യ സന്ദര്‍ശകരെ തകര്‍ത്തത്.
ഇന്‍ഡോര്‍ | ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിലും വമ്പന്‍ ജയവുമായി ഇന്ത്യ. 90 റണ്‍സിനാണ് ഇന്ത്യ സന്ദര്‍ശകരെ തകര്‍ത്തത്. ഇതോടെ പരമ്പര ഇന്ത്യ തൂത്തുവാരി (3-0). സ്‌കോര്‍: ഇന്ത്യ- 385/9. ന്യൂസിലന്‍ഡ് 41.2 ഓവറില്‍ 295ന് എല്ലാവരും പുറത്ത്.
മൂന്ന് വര്‍ഷത്തിനു ശേഷം രോഹിത് ശര്‍മ ഏകദിനത്തില്‍ ശതകം കണ്ടെത്തിയതായിരുന്നു മത്സരത്തിന്റെ ഹൈലൈറ്റ്. 2020 ജനുവരിക്കു ശേഷമാണ് ഇതാദ്യമായാണ് രോഹിത് ശതകം കുറിക്കുന്നത്. സ്‌ഫോടനാത്മക ബാറ്റിങ് ഈ മത്സരത്തിലും പുറത്തെടുത്ത ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ച്വറിയും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ഏകദിനത്തില്‍ ഗില്ലിന്റെ നാലാം സെഞ്ച്വറിയാണിത്.
78 പന്ത് മാത്രം നേരിട്ടാണ് ഗില്‍ 112 റണ്‍സ് വാരിക്കൂട്ടിയത്. രോഹിത് 85 പന്തില്‍ 101ലെത്തി. 212 റണ്‍സാണ് ഇരുവരുടെയും ബാറ്റില്‍ നിന്ന് പിറന്നത്. 38 പന്തില്‍ 54 റണ്‍സ് കണ്ടെത്തിയ ഹാര്‍ദിക് പാണ്ഡ്യയും വന്‍ ടോട്ടല്‍ പടുത്തുയര്‍ത്തുന്നതില്‍ ഇന്ത്യയെ സഹായിച്ചു.
മറുപടി ബാറ്റിങിനിറങ്ങിയ ന്യൂസിലന്‍ഡിനായി ഡെവണ്‍ കോണ്‍വേ 138 റണ്‍സ് നേടി പോരാട്ടം നടത്തിയെങ്കിലും മറ്റുള്ളവര്‍ക്ക് ടീമിനെ ജയത്തിലെത്തിക്കുന്ന പ്രകടനം പുറത്തെടുക്കാനായില്ല. ഇന്ത്യക്കു വേണ്ടി ഷാര്‍ദുല്‍ താക്കൂറും കുല്‍ദീപ് യാദവും മൂന്ന് വീതം വിക്കറ്റ് നേടി. യുസ്വേന്ദ്ര ചഹല്‍ രണ്ട് വിക്കറ്റെടുത്തു.
ഹെന്റി നികോള്‍സും (40 പന്തില്‍ 42), മിഷേല്‍ സാന്റ്‌നറും താരതമ്യേന മികച്ച പ്രകടനം കാഴ്ചവച്ചു. ബ്ലെയര്‍ ടിക്‌നര്‍ (3/76), ജേക്കബ് ഡഫി (3/100) എന്നിവരാണ് കിവീസ് ബൗളിങ് നിരയില്‍ തിളങ്ങിയത്. മിഷേല്‍ ബ്രേസ്വെല്‍ 51 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്തു. നേരത്തെ ടോസ് നേടിയ ന്യൂസിലന്‍ഡ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.