Ongoing News
കിവീസിനെതിരെ ദക്ഷിണാഫ്രിക്കക്ക് കൂറ്റന്‍ ജയം
190 റണ്‍സിനാണ് കിവികളെ ദക്ഷിണാഫ്രിക്ക തകര്‍ത്തുവിട്ടത്.
പൂനെ | ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ കൂറ്റന്‍ വിജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. 190 റണ്‍സിനാണ് കിവികളെ ദക്ഷിണാഫ്രിക്ക തകര്‍ത്തുവിട്ടത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ക്വിന്റണ്‍ ഡി കോക്കിന്റെയും റാസ്സി വാന്‍ ഡെര്‍ ഡ്യൂസന്‍ന്റെയും തകര്‍പ്പന്‍ സെഞ്ച്വറികളുടെ പിന്‍ബലത്തില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 357 എടുത്തു. മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡ് 35.3 ഓവറാകുമ്പോഴേക്കും 167 റണ്‍സിന് കൂടാരം കയറി.
60 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്പ് ആണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. വില്‍ യങ് 33ഉം ഡാരില്‍ മിച്ചല്‍ 24ഉം റണ്‍സെടുത്തു. മറ്റാര്‍ക്കും തിളങ്ങാനായില്ല. നാല് വിക്കറ്റ് കൊയ്ത കേശവ് മഹാരാജും മൂന്ന് വിക്കറ്റെടുത്ത മാര്‍ക്കോ ജാന്‍സനുമാണ് കിവീസിനെ ചെറിയ സ്‌കോറിലൊതുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. ജെറാള്‍ഡ് കോയറ്റ്‌സി രണ്ടും കഗിസോ റബാദ ഒന്നും വിക്കറ്റെടുത്തു.
ദക്ഷിണാഫ്രിക്കക്കായി ഡി കോക്ക് 116 പന്തില്‍ 114ല്‍ എത്തിയപ്പോള്‍ വാന്‍ ഡെര്‍ ഡ്യൂസന്‍ 118 പന്തില്‍ 113 എടുത്തു. ഡേവിഡ് മില്ലര്‍ 53 റണ്‍സ് സംഭാവന ചെയ്തു. നായകന്‍ ടെംബ ബൗമ 24 റണ്‍സെടുത്തു. കിവീസ് ബോളിംഗ് നിരയില്‍ ടിം സൗത്തി രണ്ട് വിക്കറ്റ് നേടി. ട്രെന്റ് ബൗള്‍ട്ടും ജെയിംസ് നീഷാമുമാണ് മറ്റ് രണ്ട് വിക്കറ്റുകള്‍ നേടിയത്.