National
ബിഹാറിൽ പാലം തകർച്ച തുടർകഥ; പതിനഞ്ച് ദിവസത്തിനിടെ പത്താമത്തെ പാലവും തകർന്നുവീണു
പാലം തകര്‍ന്നതില്‍ ഉന്നത അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു.
പാട്‌ന |ബിഹാറിലെ സരണ്‍ ജില്ലയില്‍ ഗണ്ഡകി നദിക്ക് കുറുകെയുള്ള പാലം തകര്‍ന്നുവീണു. ഇതോടെ ബിഹാറില്‍ രണ്ടാഴ്ചക്കിടെ തകര്‍ന്നുവീഴുന്ന പത്താമത്തെ പാലമാണിത്. പതിനഞ്ചു വര്‍ഷം മാത്രം പഴക്കമുള്ള പാലമാണ് ഇപ്പോള്‍ തകര്‍ന്നുവീണത്. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പാലം തകര്‍ന്നതില്‍ ഉന്നത അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു.സംസ്ഥാനത്തെ എല്ലാ പാലങ്ങളും പരിശോധിക്കാനും ഉത്തരവുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി പ്രദേശത്ത് ശക്തമായ മഴയാണ്. വെള്ളത്തിന്റെ അളവ് വര്‍ധിക്കുകയും ഒഴുക്ക് കൂടുകയും ചെയ്തതാണ് പാലങ്ങള്‍ തകരാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.
സിവാന്‍ ജില്ലയിലെ ഗണ്ഡകി നദിക്ക് കുറുകെത്തന്നെയുള്ള മറ്റൊരു പാലവും തകര്‍ന്നിരുന്നു. പാലങ്ങള്‍ തകര്‍ന്നു വീഴുന്നത് തുടര്‍ക്കഥയാകുമ്പോള്‍ ബിഹാറിലെ അടിസ്ഥാന സൗകര്യരംഗത്തില്‍ ഉണ്ടായ വീഴ്ചയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്.
നേരത്തെ മധുബാനി ,അരാരിയ ,ഈസ്റ്റ് ചംബാരന്‍,കിഷന്‍ഗഞ്ച് എന്നിവിടങ്ങളിലാണ് പാലം തകര്‍ന്നുവീണത്. നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ അഴിമതി ഭരണമാണ് പാലം തകര്‍ച്ചയ്ക്ക് കാരണമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.