Connect with us

From the print

ബിഹാറിന് പ്രത്യേക പദവിയില്ല; നിതീഷിന് തിരിച്ചടി, ആയുധമാക്കി പ്രതിപക്ഷം

ബിഹാറിന് പ്രത്യേക പദവി സംബന്ധിച്ച വിഷയം പരിഗണിച്ചിട്ടില്ലെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി

Published

|

Last Updated

ന്യൂഡല്‍ഹി | ബിഹാറിന് പ്രത്യേക പദവി വേണമെന്ന ജെ ഡി യു ആവശ്യം തള്ളി കേന്ദ്ര സര്‍ക്കാര്‍. ജെ ഡി യു. എം പി രാംപ്രിത് മണ്ഡലിന്റെ ചോദ്യത്തിന് ധനമന്ത്രാലയം നല്‍കിയ മറുപടിയിലാണ് പ്രത്യേക പദവി ആവശ്യം തള്ളിയത്. സാമ്പത്തിക വളര്‍ച്ചയും വ്യവസായവത്കരണവും പ്രോത്സാഹിപ്പിക്കുന്നതിനായി ബിഹാറിനും ഏറ്റവും പിന്നാക്കം നില്‍ക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍ക്കും പ്രത്യേക പദവി നല്‍കാന്‍ സര്‍ക്കാറിന് പദ്ധതിയുണ്ടോയെന്നായിരുന്നു ലോക്സഭയിലെ ജെ ഡി യു അംഗത്തിന്റെ ചോദ്യം. ബിഹാറിന് പ്രത്യേക പദവി സംബന്ധിച്ച വിഷയം പരിഗണിച്ചിട്ടില്ലെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി രേഖാമൂലം നല്‍കിയ മറുപടിയില്‍ പറഞ്ഞു.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് കനത്ത തിരിച്ചടി നല്‍കുന്നതാണ് കേന്ദ്ര സര്‍ക്കാറിന്റെ മറുപടി. വിഷയത്തില്‍ ആര്‍ ജെ ഡി നേതാക്കള്‍ നിതീഷ് കുമാറിനും ജെ ഡി യുവിനുമെതിരെ കടുത്ത വിമര്‍ശവുമായി രംഗത്തെത്തി. പിന്നാക്ക സംസ്ഥാനങ്ങളുടെ വികസനത്തിന് കൂടുതല്‍ കേന്ദ്ര പിന്തുണ ഉറപ്പാക്കുന്നതാണ് പ്രത്യേക പദവി സ്ഥാനം. കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതികളില്‍ കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ ധനസഹായവും നികുതികളില്‍ നിരവധി ഇളവുകളും ഈ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കും.

ഭരണഘടന ഒരു സംസ്ഥാനത്തിനും പ്രത്യേക പദവി നല്‍കുന്നില്ല. 1969ല്‍ അഞ്ചാം ധനകാര്യ കമ്മീഷന്റെ ശിപാര്‍ശ പ്രകാരമാണ് ഇത് നല്‍കുന്നത്. ഇപ്പോള്‍ കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീര്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ മലയോര സംസ്ഥാനങ്ങള്‍ തുടങ്ങിയവക്കാണ് ഇതുവരെ പ്രത്യേക പദവി ലഭിച്ചത്. ദുഷ്‌കരമായ ഭൂപ്രദേശം, കുറഞ്ഞ ജനസാന്ദ്രത അല്ലെങ്കില്‍ ഗോത്രവര്‍ഗ ജനസംഖ്യയുടെ വലിയ പങ്ക്, അയല്‍രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങള്‍, സാമ്പത്തികവും അടിസ്ഥാന സൗകര്യപരവുമായ പിന്നാക്കാവസ്ഥ തുടങ്ങിയ കാരണങ്ങളാണ് പ്രത്യേക പദവിക്കായി പരിഗണിക്കുന്നത്.

 

Latest