spurious liquor
ബിഹാര്‍ മദ്യ ദുരന്തം: മരണം 33 ആയി
ചൊവ്വാഴ്ച വൈകിട്ട് മദ്യം കഴിച്ച ഇവരുടെ ആരോഗ്യനില രാത്രിയോടെ വഷളാവുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു
പാറ്റ്‌ന | ദീപാവലി ദിനത്തില്‍ ബിഹാറിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 33 ആയി. ഗോപാല്‍ ഗഞ്ചില്‍ 17പേരും വെസ്റ്റ് ചമ്പാരന്‍ ജില്ലയിലെ ബെട്ടിയായില്‍ 16 പേരുമാണ് മരിച്ചത്. നിരവധി പേര്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്. ചൊവ്വാഴ്ച വൈകിട്ട് മദ്യം കഴിച്ച ഇവരുടെ ആരോഗ്യനില രാത്രിയോടെ വഷളാവുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ബിഹാറില്‍ കഴിഞ്ഞ 11 ദിവത്തിനിടെ ഉണ്ടാവുന്ന മൂന്നാമത്തെ മദ്യ ദുരന്തമാണിത്. ഒക്‌ടോബര്‍ 24ന് സിവാന്‍ ജില്ലയിലും 28ന് സാരായ ജില്ലയിലും എട്ട് പേര്‍ മരിച്ചിരുന്നു. അടുത്തടുത്ത ജില്ലകളിലാണ് മദ്യദുരന്തം ഉണ്ടാകുന്നത്. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പലര്‍ക്കും ചര്‍ദ്ദിയും, തലവേദനയും, കാഴ്ചാ പ്രശ്‌നവും നേരിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിയമവിരുദ്ധമായി മദ്യം ഉപയോഗിച്ചതിന് കേസെടുക്കുമെന്ന ഭയത്തില്‍ പലരും ആശുപത്രിയില്‍ പോകാന്‍ വൈകിയതിനാലാണ് മരണസംഖ്യ കൂടിയത്. ചൊവ്വാഴ്ച മുതല്‍ ഗോപാല്‍ഗഞ്ച്, വെസ്റ്റ് ചമ്പാരന്‍ ജില്ലകളില്‍ മദ്യം കഴിച്ചതുമായി ബന്ധപ്പെട്ട കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മൂന്ന് മദ്യ വ്യാപാരികളെ പോലീസ് അറസ്റ്റ് ചെയ്തു. ബിഹാറില്‍ 2016 ഏപ്രിലിലാണ് മദ്യനിരോധം നടപ്പാക്കിയത്. മദ്യം നിര്‍മിക്കുന്നതും സംഭരിക്കുന്നതും വില്‍ക്കുന്നതും ഉപയോഗിക്കുന്നതും കുറ്റകരമാണ്. നിരോധം നടപ്പാക്കിയ ശേഷം നേപ്പാളില്‍ നിന്ന് കള്ളക്കടത്തായാണ് ബിഹാറില്‍ മദ്യമെത്തുന്നത്. കൂടാതെ വ്യാജ മദ്യനിര്‍മാണവും നടക്കുന്നു.