National
ബിഹാര്‍ പി എസ് സി ക്രമക്കേട്; നിരാഹാര സമരം നടത്തിവന്ന പ്രശാന്ത് കിഷോര്‍ അറസ്റ്റില്‍
വന്‍ പോലീസ് സംഘം എത്തിയാണ് പ്രശാന്ത് കിഷോറിനെ ഗാന്ധി മൈതാനിയില്‍ നിന്ന് മാറ്റിയത്.
പാറ്റ്‌ന | ബിഹാര്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷാ ക്രമക്കേടിനെതിരെ സമരം നടത്തി വന്ന ജന്‍ സൂരജ് പാര്‍ട്ടി സ്ഥാപകന്‍ പ്രശാന്ത് കിഷോര്‍ അറസ്റ്റില്‍. പാറ്റ്‌നയിലെ ഗാന്ധി മൈതാനിയില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തിവരികയായിരുന്നു പ്രശാന്ത് കിഷോര്‍. ചികിത്സക്ക് വിധേയനാകാതെ മരണം വരെ സമരം തുടരുമെന്ന് നിലപാട് സ്വീകരിച്ചതിനെത്തുടര്‍ന്നാണ് പ്രശാന്ത് കിഷോറിനെ അറസ്റ്റ് ചെയ്തത്.
വന്‍ പോലീസ് സംഘം എത്തിയാണ് പ്രശാന്ത് കിഷോറിനെ ഗാന്ധി മൈതാനിയില്‍ നിന്ന് മാറ്റിയത്. തുടര്‍ന്ന് പ്രശാന്ത് കിഷോറിനെ ആംബുലന്‍സില്‍ എയിംസിലേക്ക് കൊണ്ടുപോയി. അനുയായികളുടെ കടുത്ത എതിര്‍പ്പു വകവെക്കാതെയാണ് പ്രശാന്ത് കിഷോറിനെ നിരാഹാര വേദിയില്‍നിന്നും പോലീസ് കസ്റ്റഡിയിലെടുത്തത്.ഗാന്ധി മൈതാനത്തെ നിരാഹാര സമരം നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി പ്രശാന്ത് കിഷോറിനും അദ്ദേഹത്തിന്റെ 150 ഓളം അനുയായികള്‍ക്കുമെതിരെ ജില്ലാ ഭരണകൂടം എഫ്ഐആര്‍ ഫയല്‍ ചെയ്തിരുന്നു. ബിഹാര്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ കഴിഞ്ഞ മാസം നടത്തിയ പ്രിലിമിനറി പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രശാന്ത് കിഷോര്‍ ജനുവരി 2 മുതല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. ഡിസംബര്‍ 13ന് നടന്ന ബിപിഎസ്സി പ്രിലിമിനറി പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാഴ്ചയിലേറെയായി ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധത്തിലാണ്. ചോദ്യപേപ്പര്‍ ചോര്‍ച്ച ആരോപിച്ചാണ് പ്രതിഷേധം.ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് പ്രശാന്ത് കിഷോര്‍ സമരം തുടങ്ങിയത്.