Kerala
ബിജു ജോസഫിന്റെ മരണ കാരണം തലച്ചോറിലേറ്റ ക്ഷതം
സംസ്‌കാരം നാളെ ഉച്ചക്ക് രണ്ടിന്

തൊടുപുഴ | തൊടുപുഴയില്‍ കൊല്ലപ്പെട്ട ബിജു ജോസഫിന്റെ മരണ കാരണം തലച്ചോറിലേറ്റ ക്ഷതമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്. ആന്തരിക രക്തസ്രാവവും ഉണ്ടായിട്ടുണ്ട്. വലത് കൈയില്‍ മുറിവുമുണ്ട്. മുറിവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്താനൊരുങ്ങുകയാണ് പോലീസ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. തൊടുപുഴയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിക്കും. നാളെ ഉച്ചക്ക് രണ്ടിന് തൊടുപുഴ ചുങ്കം സെന്റ് മേരീസ് ക്‌നാനായ പള്ളിയില്‍ സംസ്‌കാരം നടത്തും.
ബിസിനസ് പങ്കാളിയുമായുള്ള സാമ്പത്തിക തര്‍ക്കങ്ങളായിരുന്നു ബിജു ജോസഫിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. അധികം ആള്‍ താമസമില്ലാത്ത സ്ഥലത്തുള്ള ഒരു ഗോഡൗണില്‍ അഞ്ചടിയോളം താഴ്ചയുള്ള മാന്‍ഹോളിലിറങ്ങി മൂന്നടിയോളം കുഴിയെടുത്ത് അതിനുള്ളിലായിരുന്നു ബിജുവിന്റെ മൃതദേഹം തള്ളിക്കയറ്റിയിരുന്നത്.
ബിജുവിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ പോലീസില്‍ പരാതി നല്‍കിയിരുന്നു. മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിലൊടുവിലാണ് ഇന്നലെ ബിജു ജോസഫിന്റെ മൃതദേഹം അന്വേഷണ സംഘം കണ്ടെത്തിയത്. മൃതദേഹം നനഞ്ഞ് രൂപം മാറിയ നിലയിലായിരുന്നതിനാല്‍ മാന്‍ഹോളിലൂടെ പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. കെട്ടിടത്തിന്റെ പിന്‍വശം പൊളിച്ച ശേഷം ആണ് മൃതദേഹം പുറത്തെടുത്തത്.