Kerala
ബിജു ജോസഫ് വധം; പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും
ബിജുവിന്റെ പോസ്റ്റുമോര്‍ട്ടം നടപടികളും ഇന്ന് നടക്കും.

തൊടുപുഴ | ബിസിനസുകാരനായ ബിജു ജോസഫ് കൊല്ലപ്പെട്ട കേസിലെ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ബിജുവിന്റെ പോസ്റ്റുമോര്‍ട്ടം നടപടികളും ഇന്ന് ന
ടക്കും.
ചുങ്കത്തു നിന്ന് കാണാതായ ബിജുവിനെ മൂന്നു ദിവസത്തിനു ശേഷം കലയന്താനി ചെത്തിമറ്റത്തെ കാറ്ററിങ് ഗോഡൗണിലെ മാന്‍ഹോളില്‍ കണ്ടെത്തുകയായിരുന്നു. ഗോഡൗണിന്റെ മലിനജലം ശേഖരിച്ചിരുന്ന പത്തടിയോളം താഴ്ചയുള്ള കുഴിക്കകത്താണ് മണ്ണ് നീക്കം ചെയ്ത് ബിജുവിന്റെ മൃതദേഹം ഒളിപ്പിച്ചിരുന്നത്.
ബിജു ക്രൂരമായ മര്‍ദനത്തിന് ഇരയായെന്ന് ഇന്‍ക്വസ്റ്റ് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ഷൂ ലേസുകൊണ്ട് കൈകള്‍ ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം. മുഖത്തും തലയിലും പരുക്കേറ്റ പാടുകളുണ്ട്. മര്‍ദനത്തെ തുടര്‍ന്ന് ബിജു രക്തം ഛര്‍ദിച്ചുവെന്നും പോലീസ് പറയുന്നു. ബിജുവിനെ തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച ഒമ്‌നി വാന്‍ പോലീസിന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ബിജുവിന്റെ ഇരുചക്ര വാഹനവും പ്രതികള്‍ കടത്തിക്കൊണ്ടു പോയിട്ടുണ്ട്.
കേസിലെ മുഖ്യപ്രതിയും ബിജുവിന്റെ മുന്‍ ബിസിനസ് പങ്കാളിയുമായ ജോമോന്റെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. ഇയാളെ കൂടാതെ മുഹമ്മദ് അസ്‌ലം, വിപിന്‍ എന്നിവരെയും തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. നാല് പ്രതികളാണ് കേസിലുള്ളത്. ജോമോന്‍, ബിജുവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തതാണെന്നാണ് വിവരം. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.