Ongoing News
ഇസ്റാഈലിൽ മുങ്ങിയ ബിജു നാളെ നാട്ടിലെത്തും
ടെല്‍ അവീവ് വിമാനത്താവളത്തില്‍ നിന്ന് യാത്ര തിരിക്കുന്ന ബിജു കുര്യന്‍ ബഹ്‌റൈന്‍ വഴി കേരളത്തിലെത്തുമെന്നാണ് റിപോർട്ട്
കണ്ണൂർ | കാർഷിക മേഖലയിലെ നവീകരണത്തിനാവശ്യമായ കാര്യങ്ങൾ പഠിക്കാനായി കേരള സർക്കാർ ഇസ്റാഈലിലേക്ക് അയച്ച സംഘത്തിൽ നിന്ന് മുങ്ങിയ ബിജു കുര്യൻ നാളെ നാട്ടിലെത്തും. ഈ മാസം 16ന് രാത്രി ഏഴ് മണിയോടെയാണ് ബിജു കുര്യനെ കാണാതായത്. ടെല്‍ അവീവിനടുത്ത് സ്ഥിതി ചെയ്യുന്ന ഹെര്‍സ്ലിയ എന്ന നഗരത്തിലെത്തിയ പ്രതിനിധി സംഘം അത്താഴത്തിന് നിര്‍ത്തിയപ്പോഴാണ് ബിജു കുര്യന്‍ മുങ്ങിയത്. കൂടെയുള്ളവര്‍ ഒരുപാട് തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പിന്നീട്, വീട്ടിലേക്ക് ബന്ധപ്പെട്ട ബിജു കുര്യന്‍ ‘തന്നെ അന്വേഷിക്കേണ്ടെന്നും സുരക്ഷിതനാണെന്നും’ അറിയിക്കുകയായിരുന്നു.
ഇസ്രാഈലില്‍ സാധാരണ ജോലിക്ക് പോലും പതിനായിരങ്ങള്‍ കൂലിയായി ലഭിക്കുമെന്നും ഇതില്‍ ആകൃഷ്ടനായാണ് ബിജു കുര്യന്‍ സംഘത്തില്‍ നിന്ന് മുങ്ങിയത് എന്നും പ്രചരിച്ചിരുന്നു. സര്‍ക്കാരും ഈ വാദം അംഗീകരിച്ചിരുന്നു. എന്നാല്‍, ബിജു കുര്യനെതിരെയും അദ്ദേഹത്തെ സഹായിക്കുന്നവര്‍ക്കെതിരേയും നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇതിന് പിന്നാലെ, ബിജു കുര്യന്‍ തിരിച്ച് വരാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഇസ്രയേലിലെ വിവിധസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനാണ് ബിജു കുര്യന്‍ സംഘത്തില്‍ നിന്ന് മുങ്ങിയതെന്നും റിപ്പോര്‍ട്ടുണ്ട്.
സംഘത്തില്‍ നിന്ന് മാറിയ ശേഷം ബിജു ആദ്യമെത്തിയത് ജറുസലേമിലായിരുന്നു. പിറ്റേന്ന് ബെത്ലഹേമിലേക്കും പോയി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇന്ന് ടെല്‍ അവീവ് വിമാനത്താവളത്തില്‍ നിന്ന് യാത്ര തിരിക്കുന്ന ബിജു കുര്യന്‍ ബഹ്‌റൈന്‍ വഴി കേരളത്തിലേക്ക് നാളെ പുലര്‍ച്ചെയോടെ എത്തുമെന്നാണ് വിവരം.