Connect with us

National

ശിവസേന ഷിന്‍ഡെ വിഭാഗം നേതാവിന്റെ മകന്‍ ഓടിച്ച ബി എം ഡബ്ല്യൂ കാറിടിച്ച് ബൈക്ക് യാത്രക്കാരി മരിച്ചു 

പ്രതികള്‍ക്കെതിരെ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ ഉറപ്പ് നല്‍കി

Published

|

Last Updated

മുംബൈ | മുംബൈയില്‍ അമിതവേഗതയിലെത്തിയ ബിഎംഡബ്ലൂ കാറിടിച്ച് ബൈക്ക് യാത്രക്കാരി മരിച്ചു. മുംബൈയിലെ വോര്‍ളിയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടം. ശിവസേന ഷിന്‍ഡെ വിഭാഗം പ്രാദേശിക നേതാവിന്റെ മകനാണ് കാറോടിച്ചതെന്നാണ് റിപ്പോര്‍ട്ട്. കാര്‍ ഉടമയായ ഷിന്‍ഡെ വിഭാഗം പ്രദേശിക നേതാവ് രാജേഷ് ഷായെ പോലീസ് അറസ്റ്റ് ചെയ്തു.

കാറോടിച്ച ഇയാളുടെ മകന്‍ മഹിര്‍ ഷാ സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയി. രാജേഷ് ഷായുടെ ഡ്രൈവര്‍ രാജ്ഋഷി ബിതാവത്തിനെയും പോലീസ്കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികളായ പ്രദീവ് നഖാവും കാവേരി നഖാവുമാണ് അപകടത്തില്‍പെട്ടത്. ഇവര്‍ മത്സ്യത്തൊഴിലാളികളാണ്. പുലര്‍ച്ചെ 5.30 ഓടെ സാസൂണ്‍ ഡോക്കില്‍ നിന്ന് മത്സ്യം വാങ്ങി തിരികെ വരുമ്പോള്‍ കോലിവാഡയില്‍ വെച്ചാണ് അപകടം സംഭവിച്ചത്.

അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ചതോടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. പ്രദീപ് ബൈക്കില്‍ നിന്നും ചാടി ഇറങ്ങിയെങ്കിലും കൈയ്യില്‍ അമിത ഭാരം ഉണ്ടായതിനാല്‍ കാവേരിക്ക് രക്ഷപ്പെടാനായില്ല. ഗുരുതരമായി പരുക്കേറ്റ കാവേരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വാഹനമോടിക്കുമ്പോള്‍ മിഹിര്‍ ഷാ മദ്യപിച്ചിരുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടത്തിന് പിന്നാലെ തെളിവ് നശിപ്പിക്കാനും  ശിവസേനയുമായി ബന്ധിപ്പിക്കുന്ന സ്റ്റിക്കര്‍ കാറില്‍നിന്ന് പറിച്ചു കളയാനും ശ്രമിച്ചതായും ആരോപണമുണ്ട്. അതേസമയം പ്രതികള്‍ക്കെതിരെ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ ഉറപ്പ് നല്‍കി. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്നും അദ്ദേഹം പറഞ്ഞു.

Latest