International
ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി കൂടികാഴ്ച്ച ഇന്ന്
ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനാണ് ചൈനീസ് വിദേശകാര്യ മന്ത്രി ന്യൂഡൽഹിയിൽ എത്തിയത്.
ന്യൂഡല്‍ഹി| ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും പുതുതായി ചുമതലയേറ്റ ചൈനീസ് വിദേശകാര്യ മന്ത്രി ക്വിന്‍ ഗാംഗും തമ്മിലുള്ള ആദ്യ ഉഭയകക്ഷി കൂടിക്കാഴ്ച ഇന്ന്. ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനാണ് ചൈനീസ് വിദേശകാര്യ മന്ത്രി ന്യൂഡൽഹിയിൽ എത്തിയത്.
2020 മുതൽ കിഴക്കന്‍ ലഡാക്കില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങളുടെയും 2022 ഡിസംബറില്‍ തവാങ്ങില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലിന്റെയും സാഹചര്യത്തില്‍ ഈ കൂടിക്കാഴ്ച വളരെ പ്രാധാന്യമര്‍ഹിക്കുന്നു.
കിഴക്കന്‍ ലഡാക്കില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടെങ്കിലും ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ നിരന്തരം ആശയവിനിമയത്തില്‍ എര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ്. 2020ലും 2021ലും ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ മീറ്റിംഗുകളിലും 2022 ല്‍ ജി 20 ബാലി വിദേശകാര്യ മന്ത്രിമാരുടെ മീറ്റിംഗിലും ക്വിന്‍ ഗാങ്ങിന്റെ മുന്‍ഗാമിയായ വാങ് യിയുമായി ജയശങ്കര്‍ മുമ്പ് കൂടിക്കാഴ്ച നടത്തിയിരുന്നു.