bilkis bano case
ബിൽക്കീസ് ബാനു: കേസിൽ വാദം ഇന്നും തുടരും
11 പ്രതികളെ ഗുജറാത്ത് സർക്കാർ ഇളവ് അനുവദിച്ച് വിട്ടയച്ചതിനെതിരെ സമർപ്പിച്ച ഒരു കൂട്ടം ഹരജികളിലാണ് ഇന്നും വാദമുണ്ടാകുക.
ന്യൂഡൽഹി | ബിൽക്കീസ് ബാനുവിനെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്യുകയും അവരുടെ കുടുംബത്തെ കൺമുന്നിൽ വെച്ച് കൊല്ലുകയും ചെയ്ത കേസിൽ സുപ്രീം കോടതിയിൽ വാദം ഇന്നും തുടരും. 2002ൽ ഗുജറാത്തിൽ നടന്ന വംശഹത്യക്കിടെ ബിൽക്കീസ് ബാനു കേസ് ഉൾപ്പെടെ ഒന്നിലധികം കൊലപാതകങ്ങൾക്കും ലൈംഗികാതിക്രമത്തിനും ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെ ഗുജറാത്ത് സർക്കാർ ഇളവ് അനുവദിച്ച് വിട്ടയച്ചതിനെതിരെ സമർപ്പിച്ച ഒരു കൂട്ടം ഹരജികളിലാണ് ഇന്നും വാദമുണ്ടാകുക. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബഞ്ചാണ് വാദം കേൾക്കുന്നത്.
പ്രതികൾ ശിക്ഷായിളവ് അർഹിക്കുന്നവരല്ലെന്ന് അഭിഭാഷക ശോഭാ ഗുപ്ത ഇന്നലെ കോടതിയിൽ വാദിച്ചു. പ്രതികൾ ചെയ്ത കുറ്റകൃത്യത്തിന്റെ സ്വഭാവത്തിനും ഗൗരവത്തിനും ആനുപാതികമായ ശിക്ഷ ലഭ്യമാക്കണമെന്നും അവർ വാദിച്ചു. കുറ്റവാളികൾ രക്തദാഹികളെപ്പോലെ ബിൽക്കീസിനെയും കുടുംബത്തെയും വേട്ടയാടുകയായിരുന്നു.
മുസ്‌ലിംകളെ വേട്ടയാടുക, കൊല്ലുക എന്നതായിരുന്നു അവരുടെ രീതി. ബിൽക്കീസിന്റെ കുഞ്ഞിനെ അവർ കാലിൽപ്പിടിച്ച് തലക്കടിച്ചു കൊന്നു. പ്രതികൾ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്യുമ്പോൾ ബിൽക്കീസ് ഗർഭിണിയായിരുന്നെന്നും ഇവർ പറഞ്ഞു.